കപിൽ, ഗാവസ്‌കർ പറയുന്നു ; 1983 ശരിക്കുമൊരു സിക്‌സർ, മഹത്തായ വിജയം ഇന്ത്യൻ ക്രിക്കറ്റിനെ മാറ്റിമറിച്ചു

Spread the love




മുംബൈ

ഇന്ത്യൻ ക്രിക്കറ്റിന്റെ വളർച്ചയിൽ നിർണായക കുതിപ്പാണ്‌ 1983ലെ ഏകദിന ലോകകപ്പ്‌ വിജയമെന്ന്‌ ക്യാപ്‌റ്റനായിരുന്ന കപിൽദേവ്‌ പറയുന്നു. ഫൈനലിൽ വെസ്‌റ്റിൻഡീസിനെ 43 റണ്ണിനാണ്‌ തോൽപ്പിച്ചത്‌. ഹാട്രിക്‌ കിരീടം ലക്ഷ്യമിട്ട്‌ ഇംഗ്ലണ്ടിലെ ലോർഡ്‌സിൽ ഇറങ്ങിയ വിൻഡീസിന്റെ തോൽവി അക്കാലത്ത്‌ പ്രവചിക്കാൻ ഒരു ക്രിക്കറ്റ്‌ പണ്ഡിതനും ഉണ്ടായിരുന്നില്ല. മഹത്തായ വിജയം ഇന്ത്യൻ ക്രിക്കറ്റിനെ മാറ്റിമറിച്ചെന്നാണ്‌ അന്നത്തെ ഓപ്പണറും പിന്നീട്‌ ക്യാപ്‌റ്റനുമായ സുനിൽ ഗാവസ്‌കറും പങ്കുവയ്‌ക്കുന്നത്‌.

ക്രിക്കറ്റിന്റെ എല്ലാതലത്തിലും വിപ്ലവകരമായ മാറ്റത്തിന്‌ വഴിയൊരുങ്ങി. അത്‌ കളിയിലായാലും ഭരണതലത്തിലായാലും അടിസ്ഥാനസൗകര്യങ്ങളുടെ കാര്യത്തിലായാലും വലിയ മാറ്റങ്ങളുണ്ടായി. കഴിഞ്ഞ 40 വർഷത്തിനുള്ളിൽ ഇന്ത്യൻ ക്രിക്കറ്റിനുണ്ടായ അടിമുടി മാറ്റങ്ങൾക്ക്‌ അടിസ്ഥാനം 1983 വിജയംതന്നെ.

ലോകത്തെ ഏതു ടീമിനെയും നേരിടാം, വിജയിക്കാം എന്ന ആത്മവിശ്വാസം കൈവരാൻ വിജയം ഉപകരിച്ചു. നാലുവർഷത്തിനുശേഷം 1987ൽ ലോകകപ്പിന്‌ ആതിഥേയരാകാനുള്ള ധൈര്യം ഇന്ത്യൻ ക്രിക്കറ്റ്‌ കൺട്രോൾ ബോർഡിന്‌ കൈവന്നു. രാജ്യമെങ്ങും ക്രിക്കറ്റ്‌ പ്രചാരം നേടി. നാടിന്റെ മുക്കിലും മൂലയിലും കളിയെത്തി. സ്‌പോൺസർമാർ വന്നു. ടെലിവിഷനിൽ തത്സമയ സംപ്രേഷണമായി. അതിവേഗം ക്രിക്കറ്റ്‌ ജനപ്രിയമായി. അടിസ്ഥാനസൗകര്യ വികസനത്തിലും വലിയ മാറ്റത്തിന്‌ വഴിയൊരുങ്ങി. ക്രിക്കറ്റ്‌ കളി ടിക്കറ്റെടുത്ത്‌ കാണാനുള്ള ഉത്സാഹം കൂടി. രാജ്യത്ത്‌ ക്രിക്കറ്റ്‌ ഒരു സംസ്‌കാരമായി പടരാനും വഴിയൊരുങ്ങി.

ഇന്ത്യൻ ക്രിക്കറ്റിന്റെ കുതിപ്പിന്‌ ഊർജമായത്‌ ഈ വിജയമെന്നാണ്‌ ഗാവസ്‌കറിന്റെ പ്രതികരണം. ലോകകപ്പുപോലുള്ള വലിയ മേളകൾ നടത്താനുള്ള ധൈര്യം കിട്ടി. 1983 വരെ ലോകകപ്പിന്‌ വേദിയായത്‌ ഇംഗ്ലണ്ട്‌ മാത്രമായിരുന്നു. ജേതാക്കളായതോടെ ലോകകപ്പ്‌ ഇന്ത്യക്കും നടത്താനാകുമെന്ന്‌ ക്രിക്കറ്റ്‌ കൺട്രോൾ ബോർഡ്‌ കരുതി. അതിന്റെ ഫലമായിരുന്നു 1987ൽ ഇന്ത്യയിൽ നടന്ന ലോകകപ്പ്‌.

ലോകകപ്പ്‌ നേട്ടത്തിൽ കപിൽദേവിന്റെ പങ്ക്‌ നിർണായകമായിരുന്നു. 24 വയസ്സുള്ള കപിൽ സീനിയർ താരങ്ങളെ ചേർത്തുനിർത്തിയാണ്‌ വിജയം നേടിയത്‌. മുതിർന്ന താരങ്ങളായ മൊഹീന്ദർ അമർനാഥ്‌, സയ്യിദ്‌ കിർമാനി, മദൻ ലാൽ എന്നിവർ ഏതു ഘട്ടത്തിലും കപിലിനെ സഹായിക്കാനെത്തി. ബാറ്റുകൊണ്ടും പന്തുകൊണ്ടും മാത്രമല്ല, കപിൽ ചരിത്രമെഴുതിയത്‌. സിംബാബ്‌വേക്കെതിരെ പുറത്താകാതെ നേടിയ 175 റൺ ഏകദിനത്തിൽ കണ്ട എക്കാലത്തെയും മികച്ച പ്രകടനമായിരുന്നുവെന്നും ഗാവസ്‌കർ പറഞ്ഞു.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!