താരത്തിന്റെ സിനിമയിലെ വളർച്ച കണ്ട് സ്നേഹം തോന്നി സിനിമാ സ്നേഹികൾ സ്വമേധയ വിളിക്കുന്നതാണ് ആ പേര്. മലയാള സിനിമയുടെ ഭാവി സൂപ്പർ താരമായും പലരും പൃഥ്വിരാജിനെ വിശേഷിപ്പിക്കുന്നുണ്ട്.
തന്റെ അച്ഛന്റെ മരണത്തെ കുറിച്ച് പൃഥ്വി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വീണ്ടും വൈറലാകുന്നത്. ‘എന്റെ അച്ഛന്റെ മരണം വളരെ അപ്രതീക്ഷിതമായിരുന്നു. നമുക്ക് വേണ്ടപ്പെട്ട ഒരാൾ വയ്യാതെ ആശുപത്രിയിലായാൽ അദ്ദേഹം വലിയൊരു കാലയളവ് രോഗബാധിതനായി കിടന്ന ശേഷം മരിക്കുമ്പോൾ.’

‘അദ്ദേഹം അസുഖ ബാധിതനായി കിടക്കുമ്പോൾ മുതൽ തന്നെ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ എപ്പോഴെങ്കിലും അറിയാതെ മനസ് കൊണ്ട് തയ്യാറാകും. അദ്ദേഹം പെട്ടന്ന് മരിച്ചാൽ നമ്മൾ എന്ത് ചെയ്യും, എങ്ങനെ ജീവിക്കും എന്നതിനെപറ്റിയെല്ലാം കുടുംബാംഗങ്ങൾ തയ്യാറെടുപ്പ് നടത്തും.’
‘അത് അവർ അറിയാതെ വരുന്ന ചിന്തയാണ്. പക്ഷെ എന്റെ അച്ഛന്റെ കാര്യത്തിൽ ഒരു കുഴപ്പവുമില്ലാതിരുന്ന ഒരു വ്യക്തി പെട്ടന്ന് ഒരു ദിവസം നമ്മളെ വിട്ട് പിരിയുകയായിരുന്നു. അന്നത് അത് തകർന്ന് പോകുന്ന അവസ്ഥയായിരുന്നു.’

‘ഇന്ന് അച്ഛനുണ്ട്… നാളെ അച്ഛനില്ല എന്ന അവസ്ഥയായിരുന്നു. അവിടുന്ന് 23 വർഷം ഒരു വീട്ടമ്മ മാത്രമായി നിന്നിരുന്ന ഒരു സ്ത്രീ രണ്ട് മക്കളുടേയും ചുമതല ഏറ്റെടുത്തു. അച്ഛൻ മരിക്കുമ്പോൾ ചേട്ടൻ പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞ് കോളജിലേക്ക് ജോയിൻ ചെയ്യാൻ പോകുന്നു. ഞാൻ പത്താം ക്ലാസിലേക്ക് ജോയിൻ ചെയ്തു.’
‘വളരെ നിർണായകമായ ഘട്ടത്തിൽ നിൽക്കുന്ന രണ്ട് മക്കളുടേയും ചുമതലയേറ്റെടുത്ത് നമ്മളെ നല്ല രീതിയിൽ വളർത്തി ഇതുവരെ എത്തിക്കാൻ ആ സ്ത്രീക്ക് സാധിച്ചുവെന്ന് പറയുന്നത് ആ സ്ത്രീയുടെ അതിരില്ലാത്ത ശക്തിയുടെ ഫലമാണ്.’

‘ഒരു അമ്മ എന്ന നിലയിൽ മല്ലിക സുകുമാരൻ നൂറ് ശതമാനവും ഒരു വലിയ വിജയമാണ്’ പൃഥ്വിരാജ് പറഞ്ഞു. വർഷങ്ങൾക്ക് മുമ്പ് ശ്രീകണ്ഠൻ നായർക്ക് നൽകിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് അച്ഛനേയും അമ്മയേയും കുറിച്ച് വാചാലനായത്.
നിര്‍മാല്യത്തിലെ അപ്പുവില്‍ തുടങ്ങി വംശത്തിലെ കുരിശിങ്കല്‍ വക്കച്ചന്‍ വരെ ഇരുന്നൂറ്റമ്പതോളം വേഷങ്ങളെ അനശ്വരമാക്കി സുകുമാരന്‍ വിട വാങ്ങുമ്പോള്‍ 49 വയസ് മാത്രമായിരുന്നു നടന്റെ പ്രായം.

തന്റെ അഭിനയജീവിതം കാല്‍നൂറ്റാണ്ട് തികയ്ക്കാനിരിക്കെയായിരുന്നു താരത്തിന്റെ വിയോഗം. സുകുമാരന്‍ അഭിനയിച്ച എല്ലാ സിനിമകളുടേയും പ്രത്യേകത സുകുമാരനെ മാറ്റിനിര്‍ത്തി ആ ചിത്രത്തെ ഓര്‍ക്കാനാവില്ല എന്നതായിരുന്നു.
ഇന്ദ്രജിത്തും പൃഥ്വിരാജും ഇന്ന് മലയാള സിനിമയിലെ തിരക്കുള്ള താരങ്ങളാണ്. നടൻ എന്നതിലുപരി സംവിധായകൻ, നിർമാതാവ്, ഡിസ്ട്രിബ്യൂട്ടർ എന്നീ നിലകളിലേക്കും പൃഥ്വിരാജ് വളർന്ന് കഴിഞ്ഞു.