വിന്ദുജയുടെ കരിയറിൽ പ്രേക്ഷകർ എന്നെന്നും ഓര്‍ത്തിരിക്കുന്ന കഥാപാത്രമാണ് പവിത്രത്തിലെ മീനാക്ഷി. മോഹന്‍ലാല്‍ നായകനായി എത്തിയ ചിത്രത്തിലെ പ്രധാന കഥാപാത്രമായിരുന്നു വിധുജയും. ഇന്നും പവിത്രം കണ്ട് സങ്കടപ്പെടാത്ത പ്രേക്ഷകരുണ്ടാകില്ല എന്നതാണ് സത്യം. പവിത്രത്തിൽ മീനാക്ഷിയുടെ ചേട്ടച്ഛനായാണ് മോഹൻലാൽ എത്തിയത്. ചേട്ടച്ഛനെ സ്‌നേഹിക്കുന്നതിനൊപ്പം മീനാക്ഷിയോട് ദേഷ്യം തോന്നിയവരാണ് പല പ്രേക്ഷകരും.
പി.ബാലചന്ദ്രൻ തിരക്കഥയെഴുതി ടി.കെ.രാജീവ്കുമാർ സംവിധാനം ചെയ്ത പവിത്രം പുറത്തിറങ്ങിയിട്ട് 28 വർഷമായെങ്കിലും പ്രേക്ഷകരെ പോലെ തന്നെ വിന്ദുജാ മേനോന്റെ മനസ്സിൽ നിന്നും ഇപ്പോഴും മീനാക്ഷിയെന്ന കഥാപാത്രം ഇറങ്ങിപ്പോയിട്ടില്ല.

സിനിമയിൽ ചേട്ടച്ഛൻ എന്ന് വിളിച്ചിരുന്ന മോഹൻലാൽ ഇന്നും തനിക്ക് ചേട്ടച്ഛൻ തന്നെയാണെന്ന് പറയുകയാണ് വിന്ദുജ ഇപ്പോൾ. മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം പറഞ്ഞത്. മോഹൻലാലിനെ നേരിൽ കാണുമ്പോഴും ഫോണിൽ സംസാരിക്കുമ്പോഴുമെല്ലാം ചേട്ടച്ഛൻ എന്ന് തന്നെയാണ് വിളിക്കാറുള്ളതെന്ന് നർത്തകിയും സംഗീതജ്ഞയുമായ വിന്ദുജ മേനോൻ പറയുന്നു.
‘കാലഹരണപ്പെടാത്ത സിനിമയാണു പവിത്രം. അതിനെ വെല്ലുന്നൊരു സിനിമ പിന്നീടെന്നെ തേടിവന്നിട്ടില്ല. ഇപ്പോഴും നേരിൽ കാണുന്നവർക്കൊക്കെയും ഞാൻ പവിത്രത്തിലെ മീനാക്ഷിയാണ്. അപൂർവം ചിലർ, സീരിയൽ കഥാപാത്രങ്ങളുടെ പേരു പറഞ്ഞു പരിചയപ്പെടുമ്പോൾ മനസ്സിൽ സന്തോഷിക്കാറുണ്ട്,’ എന്നാണ് മീനാക്ഷി എന്ന കഥാപാത്രം ഇന്നും മനസ്സിൽ തങ്ങി നിൽക്കുന്നതിന് കാരണമായി വിന്ദുജ പറഞ്ഞത്.

താൻ കഥകൾ കേൾക്കുന്നുണ്ടെന്നും മോഹിപ്പിക്കുന്ന ഒരു കാഥാപാത്രത്തിനായി കാത്തിരിക്കുകയാണെന്നും നടി പറഞ്ഞു. കോവിഡ് സമയത്ത് മലേഷ്യയിലേക്കുള്ള മടക്കയാത്ര വൈകി വീട്ടിൽ കഴിഞ്ഞിരുന്ന ഒമ്പത് മാസങ്ങൾക്കിടെ 12 സിനിമകളുടെ കഥകൾ കേട്ടു. അവയൊന്നിലും അഭിനയിക്കണമെന്ന തോന്നലുണ്ടായില്ല. തനിക്കു വേണ്ടി കഥയെഴുതണം എന്നല്ല, തനിക്കു തോന്നുന്നതു പോലൊരു കഥാപാത്രത്തിനു കാത്തിരിക്കുന്നതല്ല. കഥ കേൾക്കുമ്പോൾ തന്നെ മോഹിപ്പിക്കുന്ന വേഷത്തിനായാണു കാത്തിരിക്കുന്നതെന്ന് വിന്ദുജ പറഞ്ഞു.

ഒരിടയ്ക്ക് മകൾ അഭിനയത്തിലേക്ക് എന്ന് വാർത്തകളുണ്ടായിരുന്നു. അതിനെക്കുറിച്ചും നടി വ്യക്തമാക്കുന്നുണ്ട്. മകൾ നേഹ ഓസ്ട്രേലിയയിൽ അർക്കിടെക്ച്വറൽ ഡിസൈൻ കോഴ്സിൽ രണ്ടാംവർഷ വിദ്യാർഥിയാണ്. മൂന്ന് സിനിമകളിലേക്ക് വിളി വന്നിരുന്നു. ഒരു കഥ താൻ നല്ല താൽപര്യത്തോടെ കേട്ടതാണ്. പക്ഷേ, പഠനം മുടക്കി സിനിമയിലേക്ക് വിടുന്നതിനോടു യോജിക്കുന്നില്ല. അവധിക്കാലത്താണെങ്കിൽ നോക്കാമെന്നു പറഞ്ഞിട്ടുണ്ടെന്നും വിന്ദുജ പറഞ്ഞു.
ഇഷ്ടമുള്ള കാര്യം പഠനത്തോടൊപ്പം കൊണ്ടുപോകാമെന്ന് തന്റെ അമ്മ പഠിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടാണ് തനിക്ക് ബിരുദവും, സംഗീതത്തിലും നൃത്തത്തിലും ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റുമൊക്കെ നേടാനായതെന്നും നടി പറഞ്ഞു.