ഇത്തരത്തിൽ പ്രേക്ഷക മനസ്സിൽ നിലനിന്ന ഒരുപിടി കഥാപാത്രങ്ങൾ അവതരിപ്പിച്ച താരമാണ് നടൻ വിഷ്ണു പ്രസാദ്. സിനിമകളിലും അഭിനയിച്ചിട്ടുണ്ടെങ്കിലും നടൻ സീരിയലുകളിലാണ് കൂടുതൽ തിളങ്ങിയത്. കൂടുതലും വില്ലൻ വേഷങ്ങളാണ് നടൻ ചെയ്തത്. ഇപ്പോഴിതാ തന്റെ സീരയൽ, സിനിമാ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് വിഷ്ണു പ്രസാദ്. സീരിയൽ ടുഡേയോടാണ് പ്രതികരണം.

’23 വർഷത്തോളമായി സീരിയലിൽ തന്നെയാണ്. പ്രീ ഡിഗ്രി കഴിഞ്ഞപ്പോൾ തന്നെ അഭിനയിക്കണം എന്ന മോഹമായിരുന്നു സംസ്കൃത നാടകത്തിൽ അഭിനയിച്ച ശേഷമാണ് അഭിനയിക്കണമെന്ന മോഹമുദിച്ചത്. സീരിയലുകളിൽ വില്ലൻ കഥാപാത്രങ്ങൾ തുടർന്ന് വന്നു. സ്ത്രീ എന്ന സീരിയിലെ വില്ലൻ വേഷത്തിന് ശേഷം വരുന്നതെല്ലാം വില്ലൻ കഥാപാത്രങ്ങളായിരുന്നു’
‘അങ്ങനെയാെരു സാഹചര്യത്തിലാണ് വിനയൻ സാറിന്റെ കാശി എന്ന തമിഴ് സിനിമ ചെയ്യുന്നത്. മലയാളത്തിലെ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന സിനിമയുടെ തമിഴ് പതിപ്പ്. അങ്ങനെ ആണ് സിനിമയിലേക്കെത്തുന്നത്’

വില്ലൻ വേഷങ്ങൾ ചെയ്യുന്നത് കൊണ്ട് പുറത്തേക്ക് ഇറങ്ങുമ്പോൾ എന്താഡേ കാണിക്കുന്നത് എന്നൊക്കെ ചോദിക്കും. സീരിയലല്ലേ ചേച്ചി എന്ന് പറയും. നല്ല വില്ലൻ കഥാപാത്രങ്ങൾ ചെയ്യാനാണെങ്കിൽ ഓക്കെ. വെറുതെ ഡയലോഗ് പറഞ്ഞ് പോവുന്നതിൽ കാര്യമില്ല. സീരിയലിന് അങ്ങനെ ഒരു ശാപം ഉണ്ട്. വെറുതെ വന്ന് പോവുന്ന വേഷങ്ങൾ ഒരുപാട് വേണ്ടെന്ന് വെച്ചിട്ടുണ്ട്. വേറിട്ട് കിട്ടിയത് സ്ത്രീപദം എന്ന സീരിയലിലാണ്. അത് നല്ല അംഗീകാരം കിട്ടിയ കഥാപാത്രം ആണ്.

‘റൺവേ, മാമ്പഴക്കാലം എന്നീ സിനിമകളിൽ അഭിനയിച്ചു. ജോഷി സാറുടെ സിനിമകൾ ആയിരുന്നു. നീ ഒന്നുകിൽ സീരിയൽ നിർത്തൂ എന്ന് ജോഷി സാറും പറഞ്ഞു. പക്ഷെ സിനിമകളിൽ അവസരത്തിനായി കാത്തിരിക്കണം. സീരിയൽ തുടർന്ന് കൊണ്ടേ ഇരിക്കും. ഇടയ്ക്ക് ഇടവേള എടുത്തു. ദുബായിൽ ആയിരുന്നു. റേഡിയോ ജോക്കി ആയി. അഭിനയിക്കണം എന്ന മോഹം കൊണ്ട് വീണ്ടും തിരിച്ചു വന്നു’
സീരിയൽ നടൻ, സിനിമാ നടൻ എന്നീ വേർതിരിക്കൽ ഉണ്ട്. സിനിമാ രംഗത്ത് പ്രവർത്തിക്കുന്നവരുടെ കാഴ്ചപ്പാടിന്റെ പ്രശ്നം ആണിത്. ഒരു ദിവസം സംവിധായകൻ പറയുന്നത് കേട്ടു, വീട്ടിൽ 24 മണിക്കൂറും നിങ്ങളെ കണ്ട് കൊണ്ടിരിക്കുന്നു. തിയറ്ററിലും നിങ്ങളെ കണ്ട് കൊണ്ടിരിക്കണം എന്ന് പറഞ്ഞാൽ എങ്ങനെ ആണെന്ന്. നാടകവും സിനിമയും സീരിയലും അടിസ്ഥാനം അഭിനയമാണെങ്കിലും മൂന്നും മൂന്ന് തരത്തിലേ പെർഫോം ചെയ്യാൻ പറ്റൂയെന്നും വിഷ്ണു പ്രസാദ് പറഞ്ഞു.