തിരുവനന്തപുരം
ലളിതമായ ആഖ്യാനത്തിലൂടെ ഭാവനയുടെ വിശാലലോകം നൽകുന്ന കുട്ടിപ്പുസ്തകങ്ങളുടെ നിര… പാളയത്തെ ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്റ്റാളിൽ മുമ്പെങ്ങുമില്ലാത്ത തിരക്കാണ്. സമ്മാനപ്പെട്ടി തുറന്നാൽ പത്തു പുസ്തകമുണ്ടാകും. ഒന്നാംപെട്ടിയിൽ ആനത്താര, ആമയും കുരങ്ങനും, തൊടിയിലെ തെങ്ങ്, പുലി വരുന്നേ പുലി, നെല്ല് കൊയ്യെട കോര, നല്ലൊരു നായ, ആനയും തയ്യൽക്കാരനും, എന്റെ കാക്ക, മല്ലനും മാതേവനും, മണ്ണാങ്കട്ടയും കരീലയും എന്നീ പുസ്തകങ്ങളുണ്ടാകും. നാലുവയസ്സിന് മുകളിലുള്ള കുട്ടികൾക്കാണിത്. ആറുവയസ്സിന് മുകളിലുള്ള കുട്ടികൾക്കാണ് രണ്ടാമത്തെ സമ്മാനപ്പെട്ടി. ഇതിലും പത്തുപുസ്തകങ്ങളുണ്ട്. വില 350രൂപ.
മോഹിപ്പിക്കുന്ന കവർ, എഴുത്ത്, വര എന്നിവയാൽ സമ്പന്നമാണ് ഓരോപുസ്തകവും. മുഖ്യധാരാ പ്രസാധകരുടേതുമായി താരതമ്യം ചെയ്യുമ്പോൾ വില തീരെ കുറവ്. വലിയ പുസ്തകത്തിനും 100 രൂപയിൽ താഴെ. സ്വാതന്ത്ര്യസമര ചരിത്രം ലളിതമായി പറഞ്ഞുകൊടുക്കുന്ന പുസ്തകത്തിന് ആവശ്യക്കാർ ഏറെയാണ്.
2022–-2023 വർഷത്തിൽ 50 പുതിയ പുസ്തകമാണ് പുറത്തിറക്കിയത്. അച്ചടിയിലുള്ളത് 35 പുസ്തകവും. കഥ, കവിത, വൈജ്ഞാനികം, ചരിത്രം എന്നിവയിലായി ഇരുന്നൂറിലേറെ പുസ്തകങ്ങളും ഇൻസ്റ്റിറ്റ്യൂട്ടിലുണ്ട്. ഒരുകൂട്ടം പുതിയ എഴുത്തുകാരെയാണ് ബാലസാഹിത്യമേഖലയിലേക്ക് കൊണ്ടുവന്നത്. പ്രശസ്തർ പുസ്തകങ്ങൾക്കായി വരയ്ക്കാൻ എത്തിയപ്പോൾ അത് വ്യത്യസ്ത അനുഭവവുമായി.
ഏത് പുസ്തകങ്ങൾ എടുത്താലും 20 ശതമാനം വിലക്കുറവിൽ ലഭിക്കും. ഇരുപതിനായിരം രൂപയ്ക്ക് പുസ്തകങ്ങൾ എടുത്താൽ നൽകേണ്ടത് പതിനായിരം മാത്രം. ഓൺലൈൻ വഴിയും ഓർഡർ നൽകാം. കൊറിയർ ചാർജ് ഈടാക്കാതെ അവ മേൽവിലാസക്കാരന് വിലക്കിഴിവോടെ എത്തിക്കും.
1.88 കോടിയുടെ വിൽപ്പന
2022–-23 സാമ്പത്തികവർഷത്തിൽ 1.88 കോടിയുടെ പുസ്തകങ്ങളാണ് വിൽപ്പന നടത്തിയത്. മുൻവർഷത്തെ അപേക്ഷിച്ച് 66 ലക്ഷം രൂപ കൂടുതൽ. 2021–-22 ൽ അത് 1,22 കോടിയായിരുന്നു. 2020–-21 ൽ 1.24 കോടിയും 2019–-20 ൽ 1.29 കോടിയുമായിരുന്നു. പുസ്തകം കെട്ടിക്കിടക്കാൻ അനുവദിക്കുന്നില്ല. ആറുമാസമാകുമ്പോഴേക്കും വിറ്റുതീരും. ഓരോ പതിപ്പും രണ്ടായിരം കോപ്പി വീതമാണ് അച്ചടിക്കുന്നത്.