ഷെയര്‍ ഇന്ത്യ സെക്യൂരിറ്റീസ്
ധനകാര്യ സേവന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്‌മോള്‍ കാപ് കമ്പനിയാണ് ഷെയര്‍ ഇന്ത്യ സെക്യൂരിറ്റീസ്. സാങ്കേതിക വിദ്യയുടെ സഹായത്തോടെ മൂലധന വിപണിയുമായി ബന്ധപ്പെട്ട സേവനങ്ങള്‍ നല്‍കുന്നതിലാണ് ശ്രദ്ധയൂന്നീയിരിക്കുന്നത്. ഷെയര്‍ ബ്രോക്കിങ്, കറന്‍സി & കമ്മോഡിറ്റി ഡെറിവേറ്റീവ് വ്യാപാരം, ഡെപോസിറ്ററി പാര്‍ട്ടിസിപ്പന്റ് സേവനങ്ങള്‍, മ്യൂച്ചല്‍ ഫണ്ട് മാര്‍ഗോപദേശ സേവനങ്ങള്‍ എന്നിവ റീട്ടെയില്‍/ കോര്‍പറേറ്റ് ഉപഭോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നു. രാജ്യത്താകമാനം 725-ലധികം ശാഖകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
Also Read: ഈ സ്മോള്‍ കാപ് കമ്പനി സൗജന്യ അധിക ഓഹരികള്‍ നല്‍കുന്നു; വാങ്ങുന്നോ?

ഓഹരി വിശദാംശം
സെപ്റ്റംബര്‍ പാദത്തില്‍ ഷെയര്‍ ഇന്ത്യ സെക്യൂരിറ്റീസ് നേടിയ വരുമാനം 174 കോടിയാണ്. ഇതേ കാലയളവില്‍ കമ്പനിയുടെ അറ്റാദായം 45 കോടിയുമാണ്. ഈ രണ്ട് ഘടകത്തിലും വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തുന്നു. പയട്രോസ്‌ക്കി സ്‌കോറിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തിയാല്‍ ഷെയര്‍ ഇന്ത്യ സെക്യൂരിറ്റീസിന്റെ സാമ്പത്തിക സ്ഥിതി ശക്തമായ (Piotroski Score: 9) നിലവാരത്തിലാണ്. പ്രതിയോഹരി ബുക്ക് വാല്യൂ 144 രൂപ നിരക്കിലും പിഇ അനുപാതം 19 മടങ്ങിലുമാണുള്ളത്. നിലവില്‍ 4,300 കോടിയാണ് ഷെയര്‍ ഇന്ത്യ സെക്യൂരിറ്റീസിന്റെ വിപണി മൂല്യം.

ഇടക്കാല ലാഭവിഹിതം
കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച സെപ്റ്റംബര്‍ പാദഫലത്തോടൊപ്പം ഷെയര്‍ ഇന്ത്യ സെക്യൂരിറ്റീസ് ഇടക്കാല ലാഭവിഹിതവും നല്‍കുമെന്ന് അറിയിച്ചു. പ്രതിയോഹരി 2 രൂപ വീതമാകും ലാഭവിഹിതമായി വിതരണം ചെയ്യുക. ഇതിനുള്ള എക്‌സ് ഡിവിഡന്റ് തീയതി നവംബര്‍ 10 ആയും നിശ്ചയിച്ചിട്ടുണ്ട്. ഈ സാമ്പത്തിക വര്‍ഷം നല്‍കുന്ന രണ്ടാമത്തെ ഇടക്കാല ലാഭവിഹിതമാണിത്. ജൂലൈയിലും ഓഹരിയൊന്നിന് 2 രൂപ വീതം ഇടക്കാല ലാഭവിഹിതം കൈമാറിയിരുന്നു. അതേസമയം മുടങ്ങാതെ ലാഭവിഹിതം നല്‍കുന്ന ഷെയര്‍ ഇന്ത്യ സെക്യൂരിറ്റീസ് ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 0.44 ശതമാനമാണുള്ളത്.

ഓഹരി വില
കഴിഞ്ഞ ദിവസം 1,351 രൂപയിലായിരുന്നു ഷെയര്‍ ഇന്ത്യ സെക്യൂരിറ്റീസ് ഓഹരിയുടെ ക്ലോസിങ്. 52 ആഴ്ച കാലയളവില്‍ ഈ സ്മോള്‍ കാപ് ഓഹരിയുടെ ഉയര്‍ന്ന വില 1,475 രൂപയും താഴ്ന്ന വില 725 രൂപയുമാണ്. കഴിഞ്ഞ മൂന്ന് മാസക്കാലയളവില്‍ 14 ശതമാനം നേട്ടവും ഒരു വര്‍ഷക്കാലയളവില്‍ 50 ശതമാനം നേട്ടവുമാണ് ഓഹരിയില്‍ രേഖപ്പെടുത്തിയത്.
എന്നാല്‍ കഴിഞ്ഞ 3 വര്‍ഷത്തിനിടയില്‍ 2,046 ശതമാനം നേട്ടമാണ് ഷെയര്‍ ഇന്ത്യ സെക്യൂരിറ്റീസ് ഓഹരികള്‍ (BSE: 540725, NSE : SHAREINDIA) ദീര്‍ഘകാല നിക്ഷേപകര്‍ക്ക് സമ്മാനിച്ചത്.

രണ്ടു രീതിയില്‍ നേട്ടം
ഓഹരി വിലയിലുണ്ടാകുന്ന നേട്ടത്തിനു പുറമെ, നിക്ഷേപകര്‍ക്ക് അധിക വരുമാനം നേടുന്നതിനായുള്ള മറ്റൊരു മാര്‍ഗം കൂടിയാണ് കമ്പനികളില്‍ നിന്നും അതാത് സമയങ്ങളില്‍ ലഭിക്കുന്ന ലാഭവിഹിതം. അതായത്, മികച്ച ഡിവിഡന്റ് നല്‍കുന്ന ഓഹരികള്‍ കണ്ടെത്തി യഥാസമയം നിക്ഷേപം നടത്തിയാല്‍ രണ്ടു തരത്തില്‍ ഗുണമുണ്ടാകുമെന്ന് സാരം. ഒന്ന്, ലാഭവിഹിതത്തിലൂടെ പലിശയ്ക്ക് സമാനമായ നേട്ടം ലഭിക്കും. കൂടാതെ, ഉയര്‍ന്ന നിലവാരത്തിലേക്ക് ഓഹരിയുടെ വിലയെത്തിയാല്‍ വിറ്റ് ലാഭം എടുക്കുകയുമാകാം.
Also Read: ജുന്‍ജുന്‍വാലയുടെ നിക്ഷേപ വഴിയേ രേഖയും; ഈ പെന്നി ഓഹരിയുടെ 8% വിഹിതം കരസ്ഥമാക്കി

ശ്രദ്ധിക്കുക
ഏതെങ്കിലും ഒരു വര്‍ഷം ഉയര്‍ന്ന ഡിവിഡന്റ് പ്രഖ്യാപിച്ചതു കൊണ്ടുമാത്രം കാര്യമില്ല. എല്ലാ വര്‍ഷവും സ്ഥിരതയാര്‍ന്ന ലാഭവിഹിതം നല്‍കുന്ന ഓഹരികള്‍ തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം. കമ്പനിയുടെ മൊത്തത്തിലുള്ള പ്രകടനം സ്ഥിരതയാര്‍ന്നതല്ലെങ്കില്‍ കൈ പൊള്ളിയേക്കാം. ലാഭവിഹിതം കൂടിയതു കൊണ്ടാണോ ഓഹരിയുടെ വിപണി വില ഇടിഞ്ഞതു കൊണ്ടാണോ ഡിവിഡന്റ് യീല്‍ഡ് കുത്തനെ ഉയര്‍ന്നത് എന്നതും പരിശോധിക്കണം.
അതിനാല്‍ ദീര്‍ഘകാല നിക്ഷേപത്തിന് ഓഹരിയെ തെരഞ്ഞെടുക്കുമ്പോള്‍ അവയുടെ ഭാവി ബിസിനസ് സാധ്യതയും മറ്റ് അടിസ്ഥാന ഘടകങ്ങളും പരിശോധിക്കുന്നതിനോടൊപ്പം കമ്പനിയുടെ ഡിവിഡന്റ് നല്‍കുന്ന ചരിത്രം പരിശോധിക്കുന്നതും ഉചിതമായിരിക്കും.

അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനു നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.