പാലക്കാട് >യൂത്ത് കോൺഗ്രസിലെ പോര് കത്തുകളുടെ രൂപത്തിൽ വീടുകളിലേക്ക്. ഷാഫി പറമ്പിൽ യൂത്ത് കോൺഗ്രസ് പിടിക്കാൻ നടത്തുന്ന ശ്രമങ്ങൾ അക്കമിട്ട് പറയുന്ന കത്തുകളാണ് ജില്ലയിലെ യൂത്ത് കോൺഗ്രസ്, കോൺഗ്രസ് നേതാക്കളുടെ വീടുകളിൽ ലഭിക്കുന്നത്. രണ്ട് ദിവസമായി നിരവധി നേതാക്കളുടെ വീടുകളിൽ കത്ത് കിട്ടി. രണ്ട് പേജുള്ള വിശദമായ കത്താണ്.
യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിന്റെ പേരിൽ ജില്ലയിലുണ്ടായ ഗ്രൂപ്പ് പോരിന്റെ പുതിയ രൂപമാണ് ഊമക്കത്തുകളുടെ രൂപത്തിൽ പ്രചരിക്കുന്നത്. ഷാഫിയെയും എ ഗ്രൂപ്പിനെയും ഡിസിസി പ്രസിഡന്റിനെയും കത്തിൽ വിമർശിക്കുന്നുണ്ട്. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്ന് പാലക്കാട് മണ്ഡലം പ്രസിഡന്റ് സദ്ദാംഹുസൈനെ അനുവദിക്കാതിരുന്നത് വലിയ വിമർശം ഉയർത്തിയിരുന്നു.
ഗുരുതര ആരോപണങ്ങൾ ഉയർത്തി ഒരു വിഭാഗം പരസ്യമായി ഷാഫിക്കെതിരെ നഗരത്തിൽ പ്രകടനം നടത്തുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഊമക്കത്തുകൾ. ജില്ലയിലെ പ്രധാനപ്പെട്ട എല്ലാ നേതാക്കളുടെ വീട്ടിലും കത്ത് ലഭിച്ചു. വിഷയത്തിൽ ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാക്കൾ മൗനം പാലിക്കുന്നതിൽ ഒരു വിഭാഗത്തിന് അമർഷമുണ്ട്. ഇതാണ് നേതാക്കളുടെ വീടുകളിലേക്ക് കത്ത് അയക്കാൻ കാരണമെന്നാണ് സൂചന.
സദ്ദാമിനെ പുറത്താക്കിയതിൽ ഐ ഗ്രൂപ്പിൽ അമർഷമുണ്ട്. ഷാഫിയെയും ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന കെ എസ് ജയഘോഷിനെതിരെയും നേരത്തെ ഉയർത്തിയ സാമ്പത്തിക ആരോപണങ്ങൾ കത്തിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ