വയനാട് മുട്ടിൽ മരം മുറിയിൽ നിർണായക വെളിപ്പെടുത്തൽ. മരം മുറിക്കാൻ ആവശ്യപ്പെട്ട് നൽകിയ അപേക്ഷയിൽ ഒപ്പിട്ടത് താനല്ലെന്ന് വ്യക്തമാക്കി കർഷകൻ രംഗത്തെത്തി. മരം മുറിക്കാൻ ഒരിടത്തും അപേക്ഷ നൽകിയിട്ടില്ലെന്നും വയനാട് വാഴവറ്റ വാളം വയൽ ഊരിലെ ബാലൻ ന്യൂസ് 18നോട് പറഞ്ഞു.
റവന്യൂ ഭൂമിയിലെ സർക്കാരിന്റെ സംരക്ഷിത വീട്ടിമരങ്ങൾ മുറിച്ചുമാറ്റിയ കേസിൽ രണ്ടുവർഷത്തിനുശേഷം കേസ് പുതിയ വഴിത്തിരിവുകളിലേക്ക് എത്തുകയാണ്.
മരംമുറി വിവാദമായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അന്വേഷണത്തിന് എത്തിയപ്പോഴാണ് അനുമതിയില്ലാത്ത കാര്യം കർഷകൻ അറിയുന്നത്. ബാലന്റേത് ഉള്‍പ്പെടെ ഏഴുപേരുടെ അപേക്ഷകളാണ് റോജിഅഗസ്റ്റിന്‍ വ്യാജ ഒപ്പിട്ട് സാക്ഷ്യപത്രത്തിനായി മുട്ടില്‍ സൗത്ത് വില്ലേജ് ഓഫീസില്‍ സമര്‍പ്പിച്ചതെന്ന് പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയത്.
അപേക്ഷകളിൽ ഒപ്പിട്ടത് ഗോത്ര ഊരുകളിൽ നിന്നും ചെറുകിട കർഷകരുടെ കൈയിൽ നിന്നും മരം വിൽപ്പന ഇടപാട് നടത്തിയ റോജി അഗസ്റ്റിനാണെന്നും ഫോറൻസിക്ക് പരിശോധനയിൽ വ്യക്തമായിരുന്നു.
Also Read- ‘കേന്ദ്ര സമീപനം KSRTCയെ പ്രതിസന്ധിയിലാക്കി’: ധനമന്ത്രി കെ.എൻ. ബാലഗോപാൽ
ഇതിൽ ഉൾപ്പെട്ട വയനാട് വാഴവറ്റ വാളം വയൽ ഊരിലെ ബാലനാണ് താൻ എവിടെയും മരം മുറിക്കാൻ അപേക്ഷ നൽകിയിട്ടില്ലെന്നും എല്ലാ ഔദ്യോഗിക രേഖകളും തയ്യാറാക്കിയത് മരം തങ്ങളുടെ പക്കൽ നിന്ന് വാങ്ങിയ റോജി അഗസ്റ്റിൻ ആണെന്നും തനിക്ക് ഇനത്തിൽ 88,000 രൂപ ലഭിച്ചുവെന്നും വ്യക്തമാക്കിയത്.
”മരം മുറിക്കാൻ സർക്കാരിന്റെ ഉത്തരവുണ്ടെന്നു പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് വീടിന് അടുത്തു നിന്ന മരം വിൽക്കാൻ തയ്യാറായത്. പണം കുറവാണെന്ന് പറഞ്ഞപ്പോൾ പേപ്പർ വർക്കുകൾക്ക് ചെലവുണ്ടെന്നാണ് പറഞ്ഞത്”- ബാലൻ പറഞ്ഞു.
ഇതിനിടെ വനം വകുപ്പ് ചാർജ്ജ് ചെയ്ത 43 കേസുകളിൽ 3 കേസുകളിലൊഴികെ മുഴവൻ മരവും കണ്ടെത്തി കസ്റ്റഡിയിൽ സൂക്ഷിച്ചിട്ടുണ്ടെന്നാണ് വനം വകുപ്പ് വിശദീകരണം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.