ഇപ്പോഴിതാ തന്റെ സിനിമാ ജീവിതത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ഗീതി സംഗീത. സിനിമാ ലോകത്ത് സ്ത്രീകൾക്കെതിരെ ചൂഷണം നടന്നേക്കാം എന്നും പക്ഷെ ആരും ബലമായി അതിന് പ്രേരിപ്പിക്കില്ലെന്നും നടി പറയുന്നു. പ്രതിഫലത്തിന്റെ കാര്യത്തിൽ വരുന്ന പ്രശ്നങ്ങളെക്കുറിച്ചും ഗീതി സംസാരിച്ചു. ഐ ആം വിത്ത് ധന്യ വർമ്മ യൂട്യൂബ് ചാനലിനോടാണ് പ്രതികരണം.

‘ഇവിടെ ആരും ബലമായി ഒന്നും പ്രേരിപ്പിക്കില്ല. പുതിയതായി വരുന്ന കുട്ടികളുടെ മാതാപിതാക്കൾ എന്നോട് ചോദിക്കാറുണ്ട്. നിങ്ങൾക്കിഷ്ടമില്ലെങ്കിൽ ആരും ഒന്നിനും നിർബന്ധിക്കില്ല. ചിലപ്പോൾ അവർ ചോദിച്ചേക്കും. എന്നോട് തുടക്കത്തിൽ രണ്ട് പേർ ചോദിച്ചിരുന്നു, പൊന്ന് ചേട്ടാ ആ വഴിയല്ലെന്ന് ഞാനവരോട് പറഞ്ഞു. ജോലിയൊക്കെ കളഞ്ഞ് ഇഷ്ടം കൊണ്ട് വന്നതാണെന്ന്’
‘നിങ്ങൾ മാന്യമായി വർക്ക് ഉണ്ടെങ്കിൽ വിളിക്കൂ, ഇല്ലെങ്കിൽ വിട്ടേക്കൂ. പിന്നെ ആരും ചോദിക്കില്ല. ഒരു വർക്കുണ്ടായിരുന്നു ഗീതി, പക്ഷെ ഗീതിക്ക് പറ്റിയ വർക്ക് അല്ല എന്ന് ചിലർ പറയും. ഇവിടെ എല്ലാം പരസ്യം ആണ്. ഗീതി ഏത് തരം വർക്ക് ചെയ്യുമെന്ന് ഇൻഡസ്ട്രിയിൽ അറിയാമെന്നത് സന്തോഷമുള്ള കാര്യമാണ്’

പ്രതിഫലം സംബന്ധിച്ചുള്ള പ്രശ്നങ്ങളെക്കുറിച്ചും നടി സംസാരിച്ചു. ‘തുടക്ക സമയത്ത് വലിയ പേയ്മെന്റ് ഒന്നും ഉണ്ടാവില്ല. അന്ന് നമുക്ക് അവസരം തരുന്നു എന്നതായിരുന്നു ഇവിടെ പലരും പറഞ്ഞത്. പക്ഷെ നമുക്ക് ജീവിക്കേണ്ടേ. ഇതാണ് നമുക്ക് ജീവിക്കാനുള്ള വഴി. ഇതാണ് എന്റെ ജോലി. നേരത്തെ ഉണ്ടായിരുന്ന ജോലി കളഞ്ഞു. ഒരാളോടും ചോദിക്കാനില്ല. ബഡ്ജറ്റില്ല എന്ന് പറഞ്ഞാണ് വിളി വരുന്നത് തന്നെ. ബഡ്ജറ്റ് ഉണ്ട് എന്ന് പറഞ്ഞ് ഒരു സിനിമ എനിക്ക് വരണേ എന്ന് പ്രാർത്ഥിക്കാറുണ്ട്’

‘വലിയ പേയ്മെന്റ് ഒന്നും വേണ്ട. ക്യാരക്ടർ ആർട്ടിസ്റ്റുകൾക്ക് നിലവിൽ കൊടുക്കുന്ന പ്രതിഫലം തന്നാൽ മതി. വർക് ചെയ്ത് വന്ന് കഴിഞ്ഞാൽ പിന്നെ ഞാൻ വിളിച്ചോണ്ടിരിക്കലാ. അത് വരണമെങ്കിൽ നൂറ് വിളി വിളിക്കണം. കടം ചോദിക്കാൻ വിളിക്കുന്ന പോലെ ഇവരെ വിളിച്ചോണ്ടിരിക്കുന്ന ഗതികേടാണ്. ചില സമയത്ത് ഇമോഷണലി ഭയങ്കരമായി ബ്രേക്ക് ആവും. ഞാൻ ചെയ്ത വർക്കിന്റെ പൈസയാണ് ചോദിക്കുന്നത്’

ചിലർ എടുക്കുകയേ ഇല്ല. ഇതൊക്കെ എന്ന് ശരിയാവും എന്ന് ചോദിച്ചാൽ അറിയില്ല. ശരിയാവുമായിരിക്കുമെന്നും ഗീതി സംഗീത പറഞ്ഞു. ഒന്നോ രണ്ടോ സീനുകളിൽ എന്തിനാണ് അഭിനയിക്കുന്നതെന്ന് ചോദിക്കുന്നവർ ഉണ്ട്. നല്ല ഒരു ടീമിന്റെ ഭാഗമാവുക എന്നതാണ് ഞാനതിൽ കാണുന്ന കാര്യം. ഭീഷ്മപർവം, മാലിക്, മിന്നൽ മുരളി എല്ലാം ഒരു സീൻ ആയിരുന്നു. എന്നെ ആർട്ടിസ്റ്റിനെ വാല്യു ചെയ്ത് ഒരു സീനെങ്കിൽ ഒരു സീനിൽ എന്തെങ്കിലും ചെയ്യാനുണ്ടാവുമെന്നും ഗീതി സംഗീത പറഞ്ഞു.