ആലപ്പുഴ: ഈ വര്‍ഷം മുതല്‍ നെഹ്‌റു ട്രോഫി വള്ളംകളിയിൽ വനിത വളളങ്ങളിലെ തുഴച്ചിൽക്കാർ സാരി ഉടുത്ത് തുഴയാന്‍ പാടില്ല. പകരം യൂണിഫോമായ ട്രാക്ക് സ്യൂട്ടും ജേഴ്സിയും ധരിക്കണം. വനിതാ വളളങ്ങളില്‍ പരമാവധി അഞ്ച് പുരുഷന്മാര്‍ മാത്രമേ പാടുളളൂ. അവര്‍ തുഴയാന്‍ പാടില്ല. ഓഗസ്റ്റ് 12 ശനിയാഴ്ച പുന്നമടക്കായലില്‍ നടക്കുന്ന 69-ാമത് നെഹ്‌റു ട്രോഫി വള്ളംകളിക്ക് മുന്നോടിയായി നടത്തിയ ക്യാപ്റ്റന്‍സ് ക്ലിനിക്കിലാണ് ടീം അംഗങ്ങള്‍ പാലിക്കേണ്ട നിര്‍ദേശങ്ങള്‍ നെഹ്റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി വിശദമാക്കിയത്.
മത്സരങ്ങളില്‍ പങ്കെടുക്കുന്ന ചുണ്ടന്‍ വള്ളങ്ങള്‍, ചെറുവളളങ്ങള്‍, വനിതാവള്ളങ്ങള്‍ എന്നിവയുടെ പരിശീലനം ഏഴു ദിവസത്തില്‍ കുറയാന്‍ പാടില്ല. പരിശീലനം നടത്തുന്ന ദിവസങ്ങള്‍ ബോട്ട് റേസ് കമ്മിറ്റി പരിശോധിക്കും. കുറവ് പരിശീലനം ശ്രദ്ധയില്‍പെട്ടാല്‍ ബോണസിന്റെ മൂന്നില്‍ ഒന്ന് കുറവു വരുത്തും. പങ്കെടുക്കുന്ന തുഴച്ചില്‍ക്കാര്‍ നീന്തല്‍ പരിശീലനം ലഭിച്ചവരും 18നും 55നും ഇടയില്‍ പ്രായമായവരും ആയിരിക്കണം. മാസ്ഡ്രില്ലില്‍ പങ്കെടുക്കാത്ത വള്ളങ്ങളുടെ ക്ലബ്ബുകള്‍ക്കുള്ള ബോണസില്‍ 50 ശതമാനം കുറവ് വരുത്തും.
മറ്റു പ്രധാന നിർദേശങ്ങൾ
ചുണ്ടന്‍ വള്ളങ്ങളിലെ തുഴച്ചില്‍ക്കാരുടെ എണ്ണം 75നും 95നും ഇടയില്‍ ആയിരിക്കണം.
ചുണ്ടന്‍ വള്ളത്തില്‍ ഇതര സംസ്ഥാനക്കാരായ തുഴച്ചില്‍ക്കാരുടെ എണ്ണം 25 ശതമാനത്തില്‍ അധികമാകരുത്. ഇതിന് വിരുദ്ധമായി തുഴയുന്നതു കണ്ടാല്‍ വളളം അയോഗ്യരാക്കും
എ ഗ്രേഡ് വെപ്പ് ഓടി വള്ളങ്ങളില്‍ 45-60, ബി ഗ്രേഡ് വെപ്പ് ഓടി വള്ളങ്ങളില്‍ 25-35, ഇരുട്ടുകുത്തി എ ഗ്രേഡ് വള്ളങ്ങളില്‍ 45- 60, ഇരുട്ടുകുത്തി ബി ഗ്രേഡ് വള്ളങ്ങളില്‍ 25- 35, ഇരുട്ടുകുത്തി സി ഗ്രേഡ് വള്ളങ്ങളില്‍ 25ല്‍ താഴെ മാത്രവും തുഴച്ചില്‍കാരേ പാടുള്ളൂ.
ചുരുളന്‍ വള്ളങ്ങളില്‍ 25- 35ഉും തെക്കനോടി വനിതാ വളളത്തില്‍ 30 ല്‍ കുറയാത്ത തുഴല്‍ച്ചികാരേ കയറാന്‍ പാടൂള്ളൂ. തുഴക്കാര്‍ക്ക് പുറമേ നിലക്കാരും പങ്കായക്കാരും ഉണ്ടായിരിക്കണം.
മത്സര ദിവസം വളളങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്നതിനായി കമ്മിറ്റി തരുന്ന നമ്പരും നെയിം ബോര്‍ഡും (സ്പോണ്‍സര്‍ഷിപ്പ്) നീളം കൂട്ടി തറയ്ക്കുകയോ മാറ്റിവയ്ക്കുകയോ ചെയ്യരുത്.
ടീം അംഗങ്ങള്‍ കൃത്യമായ അച്ചടക്കം പാലിക്കണം. അശ്ലീല പ്രദര്‍ശനവും അച്ചടക്ക ലംഘനവും നടത്തുന്നവര്‍ക്ക് അഞ്ച് വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തും.
മത്സര ദിവസം രണ്ടു മണിയ്ക്ക് മുന്‍പായി എല്ലാ ചുണ്ടന്‍ വള്ളങ്ങളും യൂണിഫോം ധരിച്ച തുഴച്ചില്‍ക്കാരോടൊപ്പം വി.ഐ.പി. പവലിയനു മുന്നില്‍ അണിനിരന്ന് മാസ്ഡ്രില്ലില്‍ പങ്കെടുക്കണം.
യൂണിഫോമും ഐഡന്റിറ്റി കാര്‍ഡും ധരിക്കാത്ത തുഴച്ചില്‍ക്കാരുള്ള ചുണ്ടന്‍ വള്ളങ്ങളെ മത്സരത്തില്‍ പങ്കെടുപ്പിക്കില്ല.
നിബന്ധനകള്‍ അനുസരിക്കാത്ത വള്ളങ്ങള്‍ ചാമ്പ്യന്‍സ് ബോട്ട് ലീഗില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിലക്കുന്നതിനുളള അധികാരം റേസ് കമ്മറ്റിക്ക് ഉണ്ടായിരിക്കും.
ചെറുവള്ളങ്ങളുടെ പ്രാഥമിക മത്സരങ്ങള്‍ രാവിലെ 11 മണിക്ക് ആരംഭിച്ച് 12.30ന് അവസാനിക്കും. ചുണ്ടന്‍ വള്ളങ്ങളുടെ ഹീറ്റ്സിനു ശേഷവും ചെറുവള്ളങ്ങളുടെ ഫൈനല്‍ മത്സരം നടക്കും.
ഈ സമയത്തും മാസ്ഡ്രില്‍ നടക്കുമ്പോഴും ട്രയല്‍ പരിശീലനം എന്ന പേരില്‍ ചെറുവളളങ്ങള്‍ ഫിനിഷിംഗ് പോയന്റില്‍ എത്തിയാല്‍ ശിക്ഷാ നടപടികള്‍ സ്വീകരിക്കും.
വൈ.എം.സി.എ. ഹാളില്‍ ചേര്‍ന്ന ക്യാപ്റ്റന്‍സ് ക്ലിനിക്ക് എന്‍.ടി.ബി.ആര്‍. സൊസൈറ്റി ചെയര്‍പേഴ്സണ്‍ ജില്ല കളക്ടര്‍ ഹരിത വി. കുമാര്‍ ഉദ്ഘാടനം ചെയ്തു. ചീഫ് കോ-ഓര്‍ഡിനേറ്റര്‍ മുന്‍ എം.എല്‍.എ സി.കെ.സദാശിവന്‍ അധ്യക്ഷത വഹിച്ചു. എന്‍.ടി.ബി.ആര്‍. സൊസൈറ്റി സെക്രട്ടറി സബ് കളക്ടര്‍ സൂരജ് ഷാജി, ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്മിറ്റി കണ്‍വീനര്‍ ഇറിഗേഷന്‍ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ എം.സി. സജീവ് കുമാര്‍, മാസ്റ്റര്‍ ഓഫ് സെറിമണി ആര്‍.കെ. കുറുപ്പ്, ചീഫ് സ്റ്റാര്‍ട്ടര്‍ കെ.കെ ഷാജു, ചീഫ് അമ്പയര്‍ കെ.എം. അഷറഫ്, മാസ്ഡ്രില്‍ ചീഫ് എസ്. ഗോപാലകൃഷ്ണന്‍, വി.സി. ഫ്രാന്‍സിസ്, എസ്.എം. ഇഖ്ബാല്‍, ടി.എസ്. സന്തോഷ് കുമാര്‍, കെ.ആര്‍. രാജേഷ് കുമാര്‍, മറ്റു കമ്മിറ്റി ഭാരവാഹികള്‍, വിവിധ വള്ളങ്ങളുടെ ക്യാപ്റ്റന്മാര്‍, ലീഡിംഗ് ക്യാപ്റ്റന്മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.