ലോകം മുഴുവൻ ആഘോഷപൂർവ്വം പ്രദർശിപ്പിച്ചു വരുന്ന ക്രിസ്റ്റോഫർ നൊളാൻ (Christopher Nolan) ചിത്രം ഓപ്പൺഹൈമർ (Oppenheimer), ആദ്യമായി അണുബോംബ് വിജയകരമായി പരീക്ഷിച്ച ശാസ്ത്രജ്ഞൻ റോബർട്ട് ഓപ്പൺഹൈമറുടെ ജീവിതകഥ പറയുമ്പോൾ, ഹിരോഷിമയിലും നാഗസാക്കിയിലും അതേ അണുബോംബ് വർഷിച്ച് കൂട്ടക്കൊല ചെയ്ത ആയിരക്കണക്കിന് നിരപരാധികളുടേയും, അതേപോലെ മാരകരോഗി കളാക്കിയ ലക്ഷക്കണക്കിന് പേരുടേയും ജീവിതദുരന്തങ്ങളിലൂടെയാണ് പ്രേക്ഷകമനസ്സുകൾ കടന്നുപോകുന്നത്. അതുകൊണ്ട് തന്നെയാണ് ആ ചിത്രം ഇപ്പോൾ പല ദിശകളിൽ നിന്ന് വിവാദങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്നത്. ലോകചരിത്രം സാക്ഷ്യം വഹിച്ച അതിക്രൂരമായ നരഹത്യയെ നിസ്സാരവൽ ക്കരിക്കുന്ന രീതിയിൽ വസ്തുതകൾ പൂർണ്ണമായി വ്യക്തമാക്കാതെ ചിത്രം ലളിതവൽക്കരണം നടത്തിയെന്ന ആരോപണം ചില നിരൂപകർ മുമ്പോട്ട് വെക്കുമ്പോൾ, ആദ്യമായി അണുബോംബിന് കീഴടങ്ങിയ ജപ്പാനിൽ ചിത്രം ഇതേ വരെ റിലീസ് ചെയ്തിട്ടില്ല എന്നതൊരു യാഥാർഥ്യമായി തുടരുന്നു.
ലോകമെമ്പാടുമുള്ള ആണവായുധ നിരോധനസംഘടനകൾ ചിത്രത്തെ അപലപിക്കുമ്പോൾ, അണുവായുധ പരീക്ഷണങ്ങൾ മൂലം ജീവൻ നഷ്ടപ്പെട്ടവരുടെ ബന്ധുക്കളും ‘മരിച്ച് ‘ ജീവിക്കുന്നവരും ഓപ്പൺ ഹൈമർ ക്കെതിരെ മുമ്പോട്ട് വരുന്നു. അണുബോംബ് പരീക്ഷണത്തിലെ ശാസ്ത്രീയവും സാങ്കേതികവുമായ വസ്തുതകൾക്ക് പ്രാമുഖ്യം നൽകുന്ന ചിത്രം, അതുണ്ടാക്കിയ ദുരന്തത്തെ പൂർണ്ണമായും അവഗണിക്കയാണെന്ന പരാതിയും ഉന്നയിക്കപ്പെടുന്നു. ചിത്രമാവിഷ്‌ക്കരിക്കുന്നതിൽ നിന്ന് വിഭിന്നമായി, പരീക്ഷണത്തിന് നേതൃത്വം നൽകിയ അമേരിക്കൻ ശാസ്ത്രജ്ഞൻ റോബർട്ട് ഓപ്പൺ ഹൈമർ (Robert Oppenheimer,1904-1967) ജിവിതാവസാനം വരെ അണു ബോംബിന് അനുകൂലമായ നിലപാട് സ്വീകരിച്ചിരുന്ന വ്യക്തിയായിരു ന്നെന്ന് അദ്ദേഹത്തിന്റെ ജിവിതരേഖകൾ ഉദ്ധരിച്ചുകൊണ്ട് ചിലർ ചൂണ്ടിക്കാട്ടുന്നു.
റോബർട്ട് ഓപ്പൺ ഹൈമർ മാത്രമല്ല, ചിത്രം സംവിധാനം ചെയ്ത ക്രിസ്റ്റോഫർ നൊളാനും ഈ ആരോപണങ്ങളിൽ പൊതു സമൂഹത്തിന് മുമ്പിൽ പ്രതിക്കുട്ടിലാകുന്നു. ഇവയ്‌ക്കെല്ലാം പുറമെ ഭഗവത് ഗീത ലൈംഗിക വേഴ്ച്ചയുടെ സമയത്ത് വായിച്ചു എന്നതിന്റെ പേരിൽ ഇന്ത്യയിലെ ഹിന്ദു സംഘടനകൾ ചിത്രത്തിനെ തിരെ പരാതികളുമായി രംഗത്ത് വന്നിട്ടുണ്ട്. തന്റെ ചിത്രം ഒരു ഹൊറർ സിനിമയാണെന്ന് നൊളാൻ വിശേഷിപ്പിക്കുന്നുണ്ടെങ്കിലും, നിരവധി ഡോക്യുമെന്ററികളിലും ഫീച്ചർ ഫിലിമുകളിലും ആവിഷ്‌ക്കരിക്കപ്പെട്ട, മാനവ ചരിത്രം നേരിട്ട, സമാനതകളില്ലാത്ത ഒരു വൻദുരന്തമായ ഹിരോഷിമ- നാഗസാക്കി പ്രമേയ സിനിമകളെ അതിന് മായ്ച്ചു കളയാൻ കഴിയില്ലെന്ന് തന്നെയാണ് പ്രേക്ഷകർ വിലയിരുത്തുന്നത്. ജാപ്പനീസ് സംവിധായകൻ ഷോഹി ഇമാമുറ (Shohei Imamura)യുടെ ബ്ലേക്ക് റെയിൻ (Black Rain,1989) അലൻ റെനെ (Alain Rensais)യുടെ ഹിരോഷിമ മോൺ അമർ (Hiroshima mon Amour,1959) പോലുള്ള ക്‌ളാസ്സിക്കുകൾ ആവിഷ്‌ക്കരിച്ച ഹിരോഷിമയുടെ ദുരന്തചിത്രങ്ങൾ വർഷങ്ങൾക്ക് ശേഷവും വേദനകളായി പ്രേക്ഷകമനസ്സുകളിൽ അവശേഷിക്കുന്നു.

റോബർട്ട് ഓപ്പൺഹൈമർ
റോബർട്ട് ഓപ്പൺ ഹൈമറുടെ ജീവിതമാവിഷ്‌ക്കരിക്കുന്ന ഓപ്പൺഹൈമറെ വിലയിരുത്തുമ്പോൾ, അത് ആയിരക്കണക്കിന് പേരുടെ കൂട്ടക്കൊലയുടെയും, അതിലേറെ വരുന്നവരുടെ ദുരന്തജിവിതങ്ങളുടെയും ഓർമ്മകളിലേക്ക് പ്രേക്ഷകരെക്കൊണ്ടുപോകുന്നത് തികച്ചും സ്വാഭാവികമാണ്. ആ ദുരന്തങ്ങളെക്കുറിച്ച് പറയാതെ, ഓപ്പൺ ഹൈമറുടെ ജീവിതവും അദ്ദേഹം നേരിട്ട വിചാരണയും അമേരിക്കൻ ബൗദ്ധികജീവിതങ്ങളിലെ രാഷ്ട്രീയ ഇടപെടലുകളിലും മാത്രം ചിത്രീകരിച്ചുകൊണ്ട് പ്രമേയത്തെ ലളിതവൽക്കരിക്കുന്ന സംവിധായാകന്റെ നൈതികതയാണ് ഇപ്പോൾ ലോകം ചോദ്യം ചെയ്യുന്നത്. അത് കൊണ്ട് തന്നെ, നൊളാന്റെ ഇന്റർസ്റ്റേലർ (Interstellar,2014 ), ഇൻസെപ്ഷൻ(Inception,2010) പോലെയുള്ള ഒരു ചിത്രമായി ഒരിക്കലും പ്രേക്ഷകർക്ക് ‘ഓപ്പൺഹൈമർ’ കാണാൻ കഴിയില്ല. കാരണം, മനുഷ്യചരിത്രം അനുഭവിച്ചതും, റഷ്യ- യുക്രെയിൻ യുദ്ധരംഗത്തടക്കം ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്നതും, ഭാവിജിവിതത്തിന് ഭീഷണിയായി പരിഗണിക്കപ്പെടുന്നതുമായൊരു കണ്ടുപിടുത്തം നടത്തിയ ഒരു വ്യക്തിയെക്കുറിച്ചാണത് പറയുന്നത്. ഇത്തരത്തിലുള്ള എല്ലാ സാദ്ധ്യതകളും റോബർട്ട് ഓപ്പൺ ഹൈമർ മുൻകൂട്ടി കണ്ടിരുന്നുവെന്നതും, പലരും അദ്ദേഹത്തിന് അക്കാര്യത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു എന്നതും ചിത്രം രേഖപ്പെടുത്തുന്നു. അങ്ങിനെ ലോകത്തിലെ ജീവനും ജീവിതത്തിനും എക്കാലത്തേക്കും ഭീഷണിയായി മാറിയ ഒരു പരീക്ഷണമാണ് ഈ ചിത്രം ചർച്ച ചെയ്യുന്നത്. ബോംബാക്രമണം നേരിട്ട ജപ്പാനിൽ ഇതേ വരെ ഓപ്പൺ ഹൈമർ റിലീസ് ചെയ്തിട്ടില്ല എന്ന വസ്തുത ഇതിന്റെ ഏറ്റവും വലിയ തെളിവാണ്.
ജൂലൈ 21ന് ഓപ്പൺഹൈമർ, ഗ്രറ്റ ഗർവിഗി (Greta Garvig)ന്റെ ബാർബി (Barbie) യോടൊപ്പ മാണ് ലോകം മുഴുവൻ റിലീസ് ചെയ്തത്. സാങ്കല്പിക ലോകമായ ബാർബിലാന്റിൽ നിന്ന് യാഥാർഥ്യങ്ങളുടെ ലോകത്തെത്തുന്ന ബാർബിയും കെന്നും നേരിടുന്ന സംഘർഷങ്ങൾ ആവിഷ്‌കരിക്കുന്ന ബാർബി, ഓപ്പൺഹൈമർക്കൊപ്പം ബാർബെൻഹൈമർ (Barbenheimer)തരംഗമായി ലോകം മുഴുവൻ ബോക്‌സ്ഓഫീസിലും സമൂഹ മാധ്യമങ്ങളിലും ചരിത്രം സൃഷ്ടിച്ചു. ആദ്യ രണ്ട് ആഴ്ചകൾ മാധ്യമങ്ങൾ ഓപ്പൺഹൈമറെ പ്രകീർത്തിച്ചു കൊണ്ട്, ആറ്റംബോംബ് സൃഷ്ടാവിന്റെ പശ്ചാത്തപവും മനുഷ്യത്വവും ചിത്രത്തിന്റെ സാങ്കേതികമേന്മകളും ആഘോഷിച്ചു.എന്നാൽ പിന്നീട് വിമതശബ്ദങ്ങൾ ഉയർന്നു വരാൻ തുടങ്ങി. ബാർബിയുടെയും ഓപ്പൺ ഹൈമറുടെയും വേഷങ്ങൾ പരസ്പരം മാറ്റിയ ബാർബെൻഹൈമർ തരംഗം തമാശയായി മാത്രമായിരുന്നു ഇന്റർനെറ്റ് ലോകം കണ്ടിരുന്നതെങ്കിൽ, അണുബോംബിന്റെ ദുരന്തങ്ങൾ ഇപ്പോഴും അനുഭവിച്ചു കൊണ്ടിരിക്കുന്ന ജപ്പാനിലെ ജനത അതിനെ തികച്ചും വൈകാരികമായാണ് കാണുന്നത്. ബാർബിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ പ്രത്യക്ഷപ്പെട്ട ഒരു ചിത്രം ഇങ്ങിനെയായിരുന്നു: ബാർബിയും ഓപ്പൺഹൈമാറും ഒരു അണുബോംബ് സ്‌ഫോടനസ്ഥലത്ത് നിൽക്കുന്നു. അതിന്റെ അടിക്കുറിപ്പ് ഇങ്ങിനെ: ‘ഈ വേനൽക്കാലം എന്തായാലും ഓർമ്മിക്കാനുള്ളതാണ്.’അതോടൊപ്പം ചുംബനരൂപങ്ങളുടെ ഇമോജികളും ! ഇത് ജപ്പാനിലുള്ളവരെയും രാജ്യത്തിന് പുറത്തുള്ള ജപ്പാൻകാരെയും പ്രകോപിതരാക്കി. അതിനെതിരെ അവർ രംഗത്ത് വന്നു.
2023ആഗസ്തിൽ ബാർബി ജപ്പാനിൽ റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നതിനാൽ ചിത്രത്തിന്റെ വിതരണക്കാരായ വാർണർ ബ്രദേഴ്‌സ്, ജപ്പാനിലെ പ്രേക്ഷകരോട് ക്ഷമാപണം നടത്തി. തങ്ങളുടെ രാജ്യത്തെ നിരവധി തലമുറകളെ വിനാശത്തിലെത്തിച്ച, അമേരിക്കയുടെ അണു ബോംബ് ആക്രമണത്തെ ഇങ്ങിനെ നിസ്സാരവൽക്കരിച്ചത് ജപ്പാൻ ജനതയ്ക്ക് സഹിക്കാവുന്ന തിലുമപ്പുറമായിരുന്നു. ഇതിന്റെ പേരിൽ ജപ്പാനിലെ വാർണർ കമ്പനി അവരുടെ അമേരിക്കൻ ശാഖയ്‌ക്കെതിരെ പരാതിപ്പെട്ടു. ബാർബൻഹൈമർ തരം ഗത്തിനെതിരെ പ്രതികരിച്ച ജപ്പാൻ പൗരന്മാരുടെ രോഷം ലോകത്തിന് മുമ്പാകെ എത്തിച്ച പ്രൊഫസർ ജഫ്രി ജെ ഹോൾ (Jeffrey J. Hall)അതെപ്പറ്റി ഇങ്ങിനെ എഴുതുന്നു :’ബാർബൻ ഹൈമറെ വിമർശിച്ചവരിൽ ഭൂരിഭാഗവും ബോംബ് വർഷത്തിൽ മരിച്ചവരുടെ ബന്ധുക്കളും, അതിൽ അപകടം പിണഞ്ഞവരുമാണ്.രണ്ട് ചിത്രങ്ങളും ഇതേ വരെ ജപ്പാനിൽ റിലീസ് ചെയ്തിട്ടില്ല.

‘ഓപ്പൺ ഹൈമർ ചിത്രം ജപ്പാനിൽ മാത്രമല്ല പ്രതിഷേധം നേരിട്ടുകൊണ്ടിരിക്കു ന്നത്.1945 ൽ അമേരിക്ക ആദ്യ അണുബോംബ് പരീക്ഷണം നടത്തിയ ന്യു മെക്‌സിക്കോ മരുഭൂമിയുടെ തെക്കൻ ഭാഗത്തെ ജനങ്ങൾ നേരിട്ട അണു വികിരണവും അതവരുടെ ജിവിതങ്ങളെ ദുരന്തപൂർണ്ണമാക്കി മാറ്റിയതും ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ലോകം ചർച്ച ചെയ്യാൻ തുടങ്ങിയിരിക്കുന്നു. റോബർട്ട് ഓപ്പൺ ഹൈമറുടെ നേതൃത്വത്തിൽ രൂപീകരിച്ച ‘മാൻഹട്ടൻ പ്രൊജക്റ്റി’ (Manhattan Project)ന്റെ ഭാഗമായി നടന്ന ട്രിനിറ്റി ടെസ്റ്റ് (Trinity Test )മൂലമുണ്ടായ അണുവികിരണം നേരിട്ട ഭൂരിഭാഗം പേർക്കും കാൻസർ ബാധിച്ചിരുന്നതായി, ശാസ്ത്രിയ പഠനങ്ങൾക്ക് ശേഷം അമേരിക്കയിലെ നാഷണൽ ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇതെക്കുറിച്ച് ചിത്രം മൗനം പാലിക്കുന്നതിൽ അതിന്റെ ഇരകൾ പ്രതിഷേധം രേഖപ്പെടുത്തുന്നു. അമേരിക്കൻ ഭരണകൂടവും തങ്ങളെ അവഗണിക്കുന്നതായി അവർ പരാതിപ്പെടാൻ തുടങ്ങിയിട്ട് വർഷങ്ങൾ കഴിയുന്നു.’അനവധി ന്യു മെക്‌സിക്കക്കാർക്ക് ജീവൻ നഷ്ടപ്പെട്ടതായി അവരൊരിക്കലും ചിന്തിക്കാറില്ല.ഞങ്ങളുടെ ജിവിതവും ഭൂമിയും കയ്യേറി, എല്ലാം ചെയ്തു കൂട്ടി അവർ സ്ഥലം വിട്ടു. വൃത്തികെട്ട ജോലിയാണ് അവർ ചെയ്തത്.
‘അണുവികിരണം മൂലം പിടി പെട്ട കാൻസർ രോഗത്തിൽ നിന്ന് താൽക്കാലിക മോചനം നേടിയ ടീന കോർഡോവ പറയുന്നു. അമേരിക്കയിൽ ന്യു മെക്‌സിക്കോയിലെ ലോസ് അൽമോസിൽ (Los Ala mos)ൽ ഒരു രഹസ്യ നഗരം പണിത്,200 മൈൽ അകലെയുള്ള ട്രിനിറ്റി സൈറ്റിൽ 1940 കളിൽ അണുബോംബ് ആദ്യമായി പരീക്ഷിച്ച ശാസ്ത്രജ്ഞരെപ്പറ്റിയും പട്ടാള ഉദ്യോഗസ്ഥരെപ്പറ്റിയും അവർ പരാതിപ്പെടുന്നു.ന്യു മെക്‌സിക്കോയിൽ അണുവികിരണത്തിന് വിധേയരായ വരുടെ സംഘമായ Tularosa Basin Downwinders Conosrtium ന്റെ സ്ഥാപക നേതാവ് ആയ കോർഡോവ , മാൻഹട്ടൻ പ്രൊജക്റ്റ് ന്യു മെക്‌സിക്കക്കാരോട് ചെയ്ത അനീതി ലോകത്തിന് മുമ്പിലെത്തിക്കാൻ വേണ്ടി പരിശ്രമിക്കുന്നു.ലോസ് ആൽമോസിലെ ചലച്ചിത്ര നിരൂപകരും ഉദ്യോഗസ്ഥരും ഓപ്പൻ ഹൈമർ ചിത്രം ആഘോഷമാക്കിക്കൊണ്ടി രിക്കുമ്പോൾ, തങ്ങളുടെ ദുരിതങ്ങൾ അവഗണിക്കുന്ന ചിത്രത്തിന്റെ നിർമ്മാതാക്കളെയും അമേരിക്കൻ ഭരണകൂടത്തെയും നിരപരാധികളായ ഈ ഇരകൾ കുറ്റക്കാരായി കണക്കാക്കുന്നു. ട്രിനിറ്റി പരീക്ഷണത്തിന്റെ 78ം വാർഷികം ന്യു മെക്‌സിക്കൊയിലും ന്യുയോർക്ക് പട്ടണത്തിലും വിപുലമായി ആഘോഷിച്ചിരുന്നു.നൊളാൻ പങ്കെടുത്ത ഈ പരിപാടികളിൽ ഓപ്പൺഹൈമറിന്റെ പ്രത്യേക പ്രദർശനങ്ങളുമുണ്ടായിരുന്നു. ചരിത്രത്തിലെ അസാധാരണ മുഹൂർത്തമായി ട്രിനിറ്റി പരീക്ഷണത്തെ നൊളാൻ വിശേഷിപ്പിച്ചു.’ബട്ടൺ അമർത്തുമ്പോൾ സ്‌ഫോടനത്തിന് സാക്ഷ്യം വഹിക്കാനായി പ്രേക്ഷകരെ കൂട്ടിക്കൊണ്ട് പോകാൻ എനിക്ക് അതിയായ ആഗ്രഹമുണ്ടായിരുന്നു.ചരിത്രത്തിലെ ആ മുഹൂർത്തം അവർ കാണണമെന്ന് ഞാൻ ആഗ്രഹിച്ചു.
ഓപ്പൺ ഹൈമറുടെ കഥ ഒരു സ്വപ്നവും അതേ സമയം ഒരു പേടി സ്വപ്നവുമാണ് ‘. ആവേശത്തോടെ നൊളാൻ പറഞ്ഞു. അണു ബോംബ് പരീക്ഷണത്തെ തുടർന്ന്,200 കിമി നീളത്തിലും 250 കി മി വീതിയിലും വ്യാപിച്ച അണുവികിരണത്തെപ്പറ്റി അവിടെ താമസിച്ചിരുന്ന ജനങ്ങൾക്ക് യാതൊരു അറിവുമില്ലായിരുന്നു. അത്തരം ഒരു പരീക്ഷണം നടക്കുന്ന കാര്യം പോലും സുരക്ഷാപ്രശ്‌നങ്ങൾ കാരണം അധികൃതർ അവരെ അറിയിച്ചിരുന്നില്ല.’ഞങ്ങൾ ദുരിതങ്ങളും പേറി ഇവിടെ കഴിയുകയാണ്. അവർ ശാസ്ത്രത്തെയും ശാസ്ത്രജ്ഞരെയും പ്രകീർത്തിച്ചു കൊണ്ടിരിക്കുന്നു. ഞങ്ങളെപ്പറ്റി ഒന്ന് പരാമർശിക്കാൻ പോലും ആരും തയ്യാറല്ല. ലജ്ജാകാരം തന്നെ!’ കൊർഡോവ പൊട്ടിത്തെറിക്കുന്നു. ഓപ്പൺ ഹൈമർ ‘പുരോഗമന സ്വഭാവമുള്ള ഒരു ചിത്രമാണെ’ന്ന വാദം പല നിരൂപകരും ഇപ്പോൾ ചോദ്യം ചെയ്ത് വരികയാണ്. ഓപ്പൺഹൈമർ ഈസ് പ്രെറ്റി മച്ച് പ്രൊപ്പഗാൻഡ(Oppenheimer is pretty much propaganda ) എഴുതിയ മിഷേൽ ഡോവ്‌സൻ (Micheal Dawosn) ചിത്രത്തെക്കുറിച്ച് ഇപ്പോൾ പുറത്ത് വന്നുകൊണ്ടിരിക്കുന്ന പഠനങ്ങളിൽ പരാമർശിക്കുന്ന ‘പുരോഗമന സ്വഭാവ’ത്തെ വിമർശിക്കുന്നു.
.jpg)
ഓപ്പൺ ഹൈമറിലുണ്ടെന്ന പറയുന്ന, ഹിരോഷിമ-നാഗസാക്കി ബോംബാക്രമണങ്ങളിലെയും റോബർട്ട് ഓപ്പൻഹൈമറുടെ സങ്കീർണ്ണമായ വ്യക്തിത്വത്തിലെയും പുരോഗമന സ്വഭാവത്തെ പ്രകീർത്തിക്കുന്ന, സമൂഹ മാധ്യമങ്ങളിലെ നിരൂപണങ്ങളെ അദ്ദേഹം വെല്ലുവിളിക്കുന്നു. ചിത്രം, രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാനിനും അമേരിക്കയ്ക്കുമിടയിലുണ്ടായിരുന്ന വ്യക്തമായ നിബന്ധനകളെ, വൈരുദ്ധ്യ ങ്ങൾ ആവിഷ്‌കരിച്ചു കൊണ്ട്, മനഃപൂർവം കുഴപ്പത്തിലാക്കുന്നു എന്ന് അദ്ദേഹം സൂചിപ്പിക്കുന്നു. ഹിരോഷിമ-നാഗസാക്കി ബോംബാക്രമണങ്ങൾ ആസൂത്രണം ചെയ്ത് നടപ്പാക്കിയ ഒരു കൂട്ടക്കുരുതി തന്നെയാണെന്ന് തെളിവുകൾ സഹിതം അദ്ദേഹം സ്ഥാപിക്കുന്നു. ചിത്രം രേഖപ്പെടുത്തുന്നത് പോലെ,വിഭവങ്ങളുടെ ക്ഷാമവും ശത്രുക്കളുടെ ബാഹുല്യവും മൂലം കീഴടങ്ങാൻ തീരുമാനിച്ചിരുന്ന ജപ്പാന് ഏകപക്ഷീയമായി അത് ചെയ്യാൻ മാത്രമായിരുന്നു വിഷമം . കാരണം, അതോടെ തങ്ങൾക്ക് ഒരു പടിഞ്ഞാറൻ രാജ്യത്തിന്റെ കോളനിയാകേണ്ടി വരുമെന്ന് അവർ ഭയപ്പെട്ടു. അന്ന് അമേരിക്കൻ നേവൽ ഓഫീസറായിരുന്ന വില്യം ഡി ലീഹി (William D Leahy)ഹിരോഷിമ നാഗസാക്കി ബോംബിങ്ങിനെ ശക്തമായി എതിർത്തിരുന്നു. കാരണം,അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, ജപ്പാൻ അതിനകം തന്നെ പരാജയപ്പെട്ടു കഴിഞ്ഞിരുന്നു. ‘ഐ വാസ് ദേർ’ (I was there)എന്ന ആത്മകഥയിൽ അദ്ദേഹം ഇങ്ങിനെയാണതേപ്പറ്റി പറയുന്നത്: ‘ എന്റെ അഭിപ്രായത്തിൽ ഹിരോഷിമയിലും നാഗസാക്കിയിലും ഈ പ്രാകൃത ആയുധം ഉപയോഗിക്കുന്നത് കൊണ്ട് ഒരു പ്രയോജനവുമുണ്ടാവില്ല. ജപ്പാൻകാർ അതിനകം തന്നെ തോൽപ്പിക്കപ്പെട്ടിരുന്നു. സാധാരണ ആയുധങ്ങൾ വഴി തന്നെ ആ കൃത്യം നിർവ്വഹിക്കപ്പെട്ടു കഴിഞ്ഞിരുന്നു.’ അന്ന് അമേരിക്കൻ പട്ടാള ഓഫീസിറും പിന്നീട് പ്രസിഡന്റുമായിരുന്ന ഐസൻഹോവറും(Eisenhower) ബോംബാക്രമണത്തിനെ തിരായിരുന്നു.
1945 ജൂലൈ യിൽ, അമേരിക്കൻ സിക്രട്ടറി ഓഫ് വാർ, ഹെന്റി സ്റ്റിംസ്ണി (Henry Stimosn) ന് അതേക്കുറിച്ച് അദ്ദേഹം ഇങ്ങിനെ എഴുതി.” ജപ്പാൻ കീഴടങ്ങാൻ തയ്യാറായിരുന്നതിനാൽ ഈ മാരകആയുധം കൊണ്ട് അവരെ ആക്രമിക്കേണ്ട ഒരാവശ്യവൂമുണ്ടായിരു ന്നില്ല. കൂടാതെ , അത്തരമൊരായുധം ആദ്യമായി ഉപയോഗിക്കുന്ന രാജ്യമായി നാം മാറുന്നതിനോട് എനിക്ക് യോജിപ്പുമില്ലായിരുന്നു.” രണ്ടം ലോക മഹായുദ്ധചരിത്രത്തിലെ ഈ പ്രധാന ഭാഗം ചിത്രം അവഗണിക്കുകയാണെന്ന് നിരീക്ഷിക്കുന്ന ഡേവ്‌സൻ, ബോംബ് ഉപയോഗിക്കുന്നതിനെതിരെ രണ്ട് വാചകങ്ങൾ മാത്രമാണ് അതിലുള്ളതെന്ന് കുറ്റപ്പെടുത്തുന്നു.റോബർട്ട് ഓപ്പൺ ഹൈമർ പറയുന്ന ‘തോൽപ്പിക്കപ്പെട്ട ഒരു രാജ്യത്തിലാണ് നാം ബോംബിട്ടിരി ക്കുന്നത് ‘എന്ന ഈ വാചകമാണ് അവയിലൊന്ന്. അതേസമയം ബോംബ് ഉപയോഗിക്കുന്നതിന് അനുകൂലമായി നിരവധി വാദമുഖങ്ങൾ ചിത്രം മുമ്പോട്ട് വെക്കുകയും ചെയ്യുന്നുണ്ടെന്ന് ഡേവ്‌സൺ നിരീക്ഷിക്കുന്നു.
റോബർട്ട് ഓപ്പൺഹൈമർ ഒരു ബോംബിങ്ങ് ഡെമൊൺസ്‌ട്രെഷൻ കൊണ്ട് മാത്രം തൃപ്തിപ്പെട്ടിരുന്നില്ലെന്ന് നിരീക്ഷിക്കുന്ന ലേഖകൻ,ഒരു നഗരം പൂർണ്ണമായി നശിപ്പിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടിരുന്നതായി ചൂണ്ടിക്കാട്ടുന്നു. വിനാശക രമായ പ്രവർത്തികൾക്ക് ശാസ്ത്രീയമായ ന്യായങ്ങൾ മുമ്പോട്ട് വെക്കുകയാണ് ഈ ചിത്രത്തിന്റെ പൊതു സ്വഭാവമാണെന്ന് അഭിപ്രായപ്പെടുന്ന ലേഖകൻ, മാനവികത പോലുള്ള വികാരങ്ങൾ രണ്ടാം സ്ഥാനത്തേക്ക് തള്ളപ്പെടുന്നതായി ചൂണ്ടിക്കാട്ടുന്നു.
പ്രമുഖ ഡോക്യുമെന്ററി സംവിധായകനും ചലച്ചിത്ര നിരൂപകനും എഴുത്തുകാരനുമായ ഗ്രെഗ് മിച്ചെൽ (Greg Mitchell) ,ഓൺലൈൻ മാസിക മദർജോൺസി(Mother Jones)ൽ ഓപ്പൺഹൈമർ ബോധപൂർവ്വം അവഗണിക്കുന്ന ചില കാര്യങ്ങൾ ചൂണ്ടിക്കാട്ടുന്നു. Oppenheimer is a good film that bolsters a poblematic narrative ൽ ഇതിന്റെ വിശദാംശങ്ങൾ ഗ്രെഗ് നൽകുന്നു. ‘ബോംബിങ്ങിനെതിരെ അന്ന് സജീവമായിരുന്ന വാദങ്ങൾ നൊളാൻ ചിത്രത്തിൽ നിന്ന് ബോധപുർവ്വം ഒഴിവാക്കുന്നു.ട്രീനിറ്റി പരീക്ഷണം മുതൽ ജനങ്ങളിൽ ഒളിച്ച് രഹസ്യമാക്കി വെച്ച ഈ പദ്ധതിയുടെ ഭാഗമായി റേഡീയോ ആക്റ്റീവ് ആയ മേഘം ജനവാസകേന്ദ്രം മുഴുവൻ വ്യാപിച്ചു. പരീക്ഷണം രഹസ്യമാക്കി വെച്ചത് കാരണം , ജനങ്ങൾക്ക് മുൻകരുതലു കളൊന്നും സ്വീകരിക്കാൻ കഴിഞ്ഞില്ല. ഇത്കാരണം, അണു വികിരണം മൂലം കാൻസർ അടക്കമുള്ള പല മാറാരോഗങ്ങളും അവരെ ബാധിച്ചു.
”അണുബോംബ് വർഷം കൊണ്ട് മാത്രമേ പസിഫിക്ക് യുദ്ധം അവസാനിക്കുമായിരുന്നുള്ളൂവെന്ന് വാദം ചിത്രം ശക്തമായി മുമ്പോട്ട് വെക്കുന്നു: 1945 മെയിൽ നടന്ന യുദ്ധ അവലോകന ഇടാക്കല കമ്മിറ്റി യോഗത്തിൽ ഒന്നോ രണ്ടോ അം ഗങ്ങൾ മാത്രമേ അണു ബോംബിങ്ങിനെ എതിർക്കുന്നുള്ളൂ. എന്നാൽ അവയൊക്കെ അവരുടെ ഒരു മേലുദ്യോഗസ്ഥൻ തടഞ്ഞതോടെ അവസാനിച്ചു . അണുവായുധ ആക്രമണം കൊണ്ട് മാത്രമേ ജപ്പാൻകാർ കീഴടങ്ങുകയുള്ളൂവെന്ന് അയാൾ തറപ്പിച്ചു പറഞ്ഞു. ഇത് ചിത്രത്തിലെ ഒരു പ്രധാന ദൃശ്യമാണ്. ഒരു ശാസ്ത്രജ്ഞന്റെ ദുരന്തം മാത്രമായി ബോംബിങ്ങി നെതിരെയുള്ള വാദം നൊളാൻ ചുരുക്കുന്നുവെന്ന് ഗ്രെഗ് ചൂണ്ടിക്കാട്ടുന്നു.

ഓപ്പൺഹൈമർ സിനിമയിലെ രംഗം
റോബർട്ട് ഓപ്പൺഹൈമറെ ഒരു രക്തസാക്ഷിയാക്കി മാറ്റാനാണ് നൊളാൻ ചിത്രത്തിൽ ശ്രമിക്കുന്നത്. എന്നാൽ ജീവിതത്തിൽ, താൻ ചെയ്ത പാപങ്ങളെ ക്കുറിച്ച് ചിന്തിക്കാൻ തയ്യാറാകാതിരുന്ന, ഒരു ധനിക സന്തതിയായിരുന്നു അദ്ദേഹമെന്ന്, What Oppenheimer the film gets wrong about Oppenheimer the man എന്ന ലേഖനത്തിൽ ഹൈഡൻ ബേഫീൽഡ് (Hayden Bayfield) ചൂണ്ടിക്കാട്ടുന്നു. താൻ ചെയ്ത തെറ്റിൽ പശ്ചാത്തപിക്കുന്ന ഓപ്പൺ ഹൈമറെയല്ല യഥാർത്ഥ ലോകം കണ്ടിരുന്നതെന്ന് ലേഖനം പറയുന്നു .1950 കളിലും 1960 കളിലും കരിബിയൻ ദ്വീപിലെ തന്റെ സുഖവാസകേന്ദ്രത്തിലും ആഡംബര നൗകയിലും ജിവിതം ചിലവഴിച്ച അദ്ദേഹം, 1946 ൽ അമേരിക്കൻ ഭരണ കൂടത്തിനായി Acheosn-Lilienthal Report രൂപപ്പെടുത്തിയ പ്രധാന ബുദ്ധി കേന്ദ്രമാണ്.ലോകത്തിലെ മുഴുവൻ അണു ശക്തിനിലയങ്ങളും യുറെനിയം ഖനികളും ലാബുകളും ഒരു കേന്ദ്രത്തിന് കീഴിൽ കൊണ്ട് വരാനായി, ഒരു അന്തർദ്ദേശിയ ആറ്റമിക് ഏജൻസി രൂപീകരിക്കാൻ ഈ റിപ്പോർട്ട് ശുപാർശ ചെയ്യുന്നു. ബെയ് ഫീൽഡ് ഇങ്ങിനെ എഴുതുന്നു :’ഓപ്പൺ ഹൈമറുടെ, രണ്ടാം ലോകമഹായുദ്ധാനന്തര ജീവതം അതിന് മുമ്പുള്ള ജിവിതം പോലെ തന്നെ ഹീനമായിരുന്നു. ‘റോബർട്ട് ഓപ്പൺ ഹൈമറുടെ ജിവിതം വിശദമായും കൃത്യമായും അദ്ദേഹത്തിന്റെ ഈ ലേഖനം നൽകുന്നു.
ചിത്രത്തിലെ ഒരു ശ്രദ്ധേയ മുഹൂർത്തം പ്രേക്ഷകർക്ക് ഒരിക്കലും മറക്കാൻ കഴിയില്ല. ബോംബാക്രമണം വിജയിച്ച് കഴിഞ്ഞ ശേഷം, അമേരിക്കൻ സമൂഹത്തിന് മുമ്പിൽ ഓപ്പൺഹൈമർ നടത്തുന്ന പ്രസംഗമാണത് .’ജർമ്മൻ കാരോട് നമുക്കിത് പ്രയോഗിക്കാൻ കഴിഞ്ഞിരുന്നുവെങ്കിൽ എത്ര നന്നാവുമായിരുന്നു.’പെട്ടെന്ന് ശബ്ദം നിലയ്ക്കുന്നു.ഒരു നിലവിളി മാത്രം കേൾക്കാം. പെട്ടെന്ന് തെളിയുന്ന തീക്ഷ്ണപ്രകാശത്തിൽ ചുറ്റുമുള്ള എല്ലാം ഭസ്മമായി മാറുന്നു.ഈ ഭീകര ദൃശ്യത്തിന്റെ പ്രധാന പ്രശ്‌നം, അത് വെളുത്ത വർഗ്ഗക്കാർക്ക് നേരെ ഭാവിയിൽ വരാൻ സാദ്ധ്യതയുണ്ടെന്ന സുചനയാ ണെന്ന് ഡെവ് സൺ ചൂണ്ടിക്കാട്ടുന്നു.
‘ഇതേ വരെ നിർമ്മിക്കപ്പെട്ടിട്ടുള്ള ഏറ്റവും മികച്ച ആണവായുധവിരുദ്ധ സിനിമ ‘യെന്ന് വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള ഓപ്പൺ ഹൈമറിനെ വിമർശിക്കുന്ന, The beginning or the end:How Hollywood -and America-learned to stop worrying and Love the bomb വുമെഴുതിയ ഗ്രെഗ് മിച്ചൽ, ട്രിനിറ്റി ടെസ്റ്റ് എങ്ങിനെയൊക്കെ ചിത്രം വളച്ചൊടിക്കുന്നുവെന്ന് സൂചിപ്പിക്കുന്നു . 1945 ലെ ഹിരോഷിമ ബോംബാക്രമണത്തെ ഓപ്പൺ ഹൈമർ ജിവിതവസാനം വരെ ന്യായീകരിച്ചു വെന്ന് ചൂണ്ടിക്കാട്ടുന്ന അദ്ദേഹം, ചിത്രത്തിൽ കാണുന്നത് പോലെ അസ്വസ്ഥനായ ഒരാളായിരുന്നില്ല റോബർട്ട് ഓപ്പൺ ഹൈമറെന്ന് അടിവരയിട്ട് പറയുന്നു.ചിത്രം പ്രധാനമായും കേന്ദ്രീകരിക്കുന്ന ട്രിനിറ്റി പ്രൊജക്റ്റ് ലെ പരീക്ഷണം മൂലമുണ്ടായ, മൈലുകളോളം സഞ്ചരിച്ച അണു പ്രസരണം, അത് ജനങ്ങളിലുണ്ടാക്കിയ കാൻസർ പോലുള്ള മാരകരോഗങ്ങൾ എന്നിവ ചിത്രം പരാമർശിക്കുന്നില്ല എന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ലോകത്തിലെ പ്രധാന ആണവായുധവിരുദ്ധ പ്രവർത്തകർ ഓപ്പൺ ഹൈമർ എങ്ങിനെ വിലയിരുത്തുന്നു എന്ന് പരിശോധിക്കുന്നത് പ്രസക്തമാണ്. ചിത്രമാവിഷ്‌ക്കരിക്കുന്ന ഹിരോഷിമ ദുരന്തത്തിൽ നിന്ന് എത്രയോ ഭീകരമായിരുന്നു യാഥാർഥ്യമെന്ന് ആർക്കും പറയാൻ കഴിയും.റോബർട്ട് ഓപ്പൺഹൈമരുടെ ശാസ്ത്രീയമായ പരീക്ഷണങ്ങൾക്കും അദ്ദേഹത്തിന്റെ വിചാരണയ്ക്കും പ്രാധാന്യം നൽകുന്ന ചിത്രം, നിരവധി പേരുടെ ജീവഹാനിക്കും മാറാരോഗങ്ങൾക്കും കാരണമായ ഒരു പരീക്ഷണമായിരുന്നു അതെന്ന് മനഃപൂർവം വിസ്മരിക്കുന്നു, അല്ലെങ്കിൽ അതിനെ ലളിതവൽക്കരിക്കുന്നു. ഇത് ഓപ്പൺ ഹൈമറിന്റെ പ്രധാന ന്യുനതയായി തിരിച്ചറിയപ്പെടുന്നു.
Campaign for Nuclear Disarmament ന്റെ ലണ്ടൻ ശാഖയുടെ പ്രമുഖ പ്രവർത്തകയായ കരോൾ ടേണർ , ഓപ്പൺ ഹൈമർ ഇങ്ങിനെ വിലയിരുത്തുന്നു :’ചിത്രം മൊത്തത്തിൽ സമതുലിതമല്ല. തിയേറ്ററിൽ നിന്ന് പുറത്തേക്ക് പ്രേക്ഷകർ, അതെത്രമാത്രം ആവേശമുണ്ടാക്കുന്ന ഒരു പരീക്ഷണമാണെന്ന് ചിന്തിക്കും. എന്നാൽ,’ദൈവമേ, അത് ജനങ്ങളെ കൂട്ടത്തോടെ കൊന്നൊടുക്കാനുള്ള ഒരു ആയുധം തന്നെയാണ്. എന്താണ് സംഭവിച്ചിരിക്കുന്നതെന്ന് നോക്കൂ. ഹിരോഷിമ- നാഗസാക്കി ബോംബാക്രമണ ങ്ങളുടെ ഫലമായി ശരീരങ്ങളിൽ നിന്ന് തൊലി മാറ്റുന്നത് , കണ്ട് നിൽക്കാൻ കഴിയാത്ത ഒരു ഭീകര കാഴ്ചയാണ്. സിനിമയിൽ അത് വളരെ കലാപരമായി ചിത്രീകരിച്ചിരിക്കയാണ്.അതിൽ കുഴപ്പമൊന്നുമില്ല. പക്ഷേ, ബോംബിങ് അതിജീവിച്ചവരുടെ ഫോട്ടോകൾ കണ്ടാലും, അവർ നേരിട്ട അനുഭവങ്ങൾ വായിച്ചാലും അത് അതിഭീകരമാണെന്ന് നാം തിരിച്ചറിയും .രക്തം ഇറ്റു വീഴുന്ന മരണത്തിന്റെ കാഴ്ച്ചകളാണവ. ‘തന്റെ കണ്ടുപിടുത്തത്തെ പ്പറ്റിയുള്ള ഓപ്പൺ ഹൈമറുടെ ധാർമികമായ സംശയങ്ങളും, അമേരിക്കൻ ഭരണകൂടം നടത്തുന്ന അദ്ദേഹത്തിന്റെ വിചാരണയും ചരിത്രപരമായി ശരിയാണെങ്കിലും, ഇവ ഓപ്പൺ ഹൈമറെ ഒരു ഹീറോ യാക്കി മാറ്റുന്നുണ്ടെന്ന് അവർ നിരീക്ഷിക്കുന്നു.
അണുബോംബ് ആദ്യമായി വിജയകരമായി പരീക്ഷിച്ച ശാസ്ത്രജ്ഞനെന്ന് പേരിൽ റോബർട്ട് ഓപ്പൺഹൈമർ ചരിത്രത്തിൽ എല്ലാക്കാലത്തും അറിയപ്പെടും. അതോടൊപ്പം, മാനവിക ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട ഏറ്റവും ക്രൂരമായ ഭീകരതയുടെ കാരണക്കാരനായും അദ്ദേഹം വിലയിരുത്തപ്പെടും. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന റഷ്യ – യുക്രെയിൻ യുദ്ധത്തിന്റെ സാഹചര്യത്തിൽ, വർത്തമാന കാലത്ത് മാത്രമല്ല ഭാവിയിലും ജനങ്ങൾക്ക് ഭീഷണിയാവാൻ സാദ്ധ്യതയുള്ള കണ്ടുപിടുത്തം നടത്തിയ വ്യക്തി എന്ന നിലയിലും ലോകമനസ്സാക്ഷിക്ക് മുമ്പിൽ അദ്ദേഹത്തിന് പ്രതിക്കൂട്ടിൽ നിൽക്കേണ്ടിവരുമെന്ന കാര്യത്തിൽ സംശയമില്ല.
Referneces:-
1. (Oppenheimer Defended The Use of the Bomb Against Japan’: Journo On Nolan’s Film)- www.thequint.com
2.(Oppenheimer is pretty much propaganda)- https://www.themarysue.com/
3.( Oppenheimer is a good film that bolsters a problematic narrative)
https://www.motherjones.com/politics/2023/07/oppenheimer-christopher-nolan-movie-narrative-hiroshima-nagasaki-nuclear/
4.(Anti-nuclear groups welcome Oppenheimer film but says it deoicts the true horror)
https://www.theguardian.com/world/2023/jul/21/anti-nuclear-groups-welcome-oppenheimer-film-fails-depict-true-horror
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ