കൊച്ചി: കളമശേരിയിൽ കൺവെഷൻ സെന്‍ററിൽ സ്ഫോടനങ്ങൾ നടത്തിയ അക്രമിയെക്കുറിച്ച് അന്വേഷണം ഊർജിതമാക്കി. അക്രമി എത്തിയതെന്ന് സംശിക്കുന്ന നീല കാറിനെക്കുറിച്ചുള്ള അന്വേഷണമാണ് പൊലീസ് നടത്തുന്നത്. കൺവെൻഷൻ സെന്‍ററിന് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിരുന്നു. കൺവെൻഷൻ സെന്‍ററിന് പുറത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് നീല കാറിനെക്കുറിച്ച് പൊലീസ് അന്വേഷിക്കുന്നത്.
സംഭവത്തിന് ശേഷം ഈ കാറിനെക്കുറിച്ച് നിർണായക വിവരങ്ങൾ പൊലീസിന് ലഭിച്ചതായാണ് സൂചന. എന്നാൽ ഇതേക്കുറിച്ച് കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. സ്ഫോടനം നടക്കുന്നതിന് തൊട്ടുമുമ്പ് ഈ കാർ കൺവെൻഷൻ സെന്ററിൽ നിന്ന് പുറത്തേക്ക് പോയതാണ് സംശയം ഉണ്ടാകാനുള്ള പ്രധാന കാരണം.
കളമശ്ശേരിയിൽ നടന്നത് സ്ഫോടനം ആണെന്ന് സ്ഥിരീകരിച്ച് ഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബ് രംഗത്തെത്തിയിരുന്നു. ടിഫിൻ ബോക്സ് ബോംബാണ് കളമശ്ശേരിയിൽ പൊട്ടിയതെന്നും നടന്നത് ഐഇഡി സ്ഫോടനമാണെന്നും ഡിജിപി പറഞ്ഞു.
Also Read- കളമശ്ശേരിയിൽ യഹോവാ സാക്ഷികളുടെ പ്രാർത്ഥനാ യോഗത്തിനിടെ സ്ഫോടനത്തിൽ ഒരാൾ മരിച്ചു; 36 പേർക്ക് പരിക്ക്
ഐഇഡിയുടെ അവശിഷ്ടങ്ങൾ പ്രാഥമിക നിഗമനത്തിൽ കണ്ടെത്തി. നടന്നത് വിദൂര നിയന്ത്രിത സ്ഫോടനമാണെന്നും പിന്നിൽ ആരെന്ന് കണ്ടെത്തുമെന്നും സംഭവസ്ഥലത്ത് എത്തിയ ഡിജിപി മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം പ്രകോപനപരമായ പോസ്റ്റുകൾ പാടില്ലെന്നും ഡിജിപി അറിയിച്ചു. പ്രഹരശേഷി കുറഞ്ഞ സ്ഫോടക വസ്തുക്കൾ ആണ് ഉപയോഗിച്ചതെന്നാണു നിഗമനം.
ഇന്ന് രാവിലെ ഒമ്പതരയോടെയാണ് യഹോവ സാക്ഷികളുടെ പ്രാർഥനയോഗത്തിനിടെ പൊട്ടിത്തെറിയുണ്ടായത്. സംഭവത്തിൽ രണ്ടുപേർ മരിച്ചു. 41 പേർക്ക് പരിക്കേറ്റു. ഇതിൽ ഗുരുതരാവസ്ഥയിലുള്ള 17 പേരെ അത്യാഹിതവിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അഞ്ചു പേരുടെ നില ഗുരുതരമാണ്. അതീവ ഗുരുതരാവസ്ഥയിലുള്ള 12 വയസുള്ള പെൺകുട്ടിയെ വെന്‍റിലേറ്റർ സംവിധാനത്തിന്‍റെ സഹായത്തോടെയാണ് ചികിത്സിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.