Idukki
oi-Alaka KV
മൂന്നാർ: വീടൊഴിയാൻ ആവശ്യപ്പെട്ട് ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രന് റവന്യു വകുപ്പിന്റെ നോട്ടീസ്. മൂന്നാർ ഇക്കാ നഗറിലെ ഏഴ് സെന്റ് ഭൂമി പുറമ്പോക്ക് ആയതിനാൽ ഏഴ് ദിവസത്തിനുള്ളിൽ ഒഴിഞ്ഞു പോകണം എന്നാണ് നോട്ടീസ്. ഒഴിപ്പിക്കൽ നടപടികൾക്ക് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് സബ് കലക്ടർ രാഹുൽ ആർ ശർമ ഇടുക്കി എസ്പിയെ സമീപിച്ചു.
മുൻപ് കെഎസ്ഇബിക്ക് റവന്യു വകുപ്പ് നൽകിയ ഭൂമി 27ഏക്കറിൽ കയ്യേറ്റം നടന്നതായിട്ട് കണ്ടെത്തിയിരുന്നു. ഭൂമി പതിച്ചു നൽകണമെന്ന് ആവശ്യപ്പെട്ട് ഒരുവിഭാഗം നാട്ടുകാർ കോടതിയെ സമീപിച്ചതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് കയ്യേറ്റ ഭൂമിയാണന്ന് കണ്ടെത്തിയത്.
എസ്. രാജേന്ദ്രൻ എം.എൽ.എ. ആയിരുന്നപ്പോഴും അതിനു ശേഷവും കയ്യേറ്റഭൂമിയിലാണ് താമസിക്കുന്നതെന്ന ആരോപണം നേരത്തെ തന്നെ ഉ ഉയർന്നിരുന്നു. ഇക്കാനഗറിലെ എട്ടു സെന്റോളം ഭൂമിയാണ് രാജേന്ദ്രന്റെ കൈവശമുള്ളത്. ഇത് കൃത്യമായ ലാൻഡ് അസസ്‌മെന്റ് നടപടിക്രമങ്ങൾ പ്രകാരമല്ലാതെ ലഭിച്ച പട്ടയമാണെന്നും വ്യാജപട്ടയമാണെന്നും ആരോപണം ഉയരുകയും ചെയ്തിരുന്നു.
തമാശ പറയാന്‍ അറിയില്ല; പിരിച്ചുവിട്ട് കമ്പനി; കേസുമായി ജീവനക്കാരന്‍
രണ്ടാം പിണറായി വിജയൻ സർക്കാർ അധികാരത്തിൽ വന്നതിന് പിന്നാലെ റവന്യൂ വകുപ്പ് വിഷയവുമായി ബന്ധപ്പെട്ട് നടപടികൾ ആരംഭിക്കുകയും ചെയ്തിരുന്നു. രാജേന്ദ്രന് രേഖകൾ ഹാജരാക്കാൻ നോട്ടീസ് നൽകുകയും ചെയ്തു. എന്നാൽ മതിയായ രേഖകൾ ഹാജരാക്കിയില്ല എന്നാണു റവന്യൂ വകുപ്പിന്റെ വിശദീകരണം.
നേരത്തെ ഇക്കാനഗറിൽ താമസിക്കുന്ന മറ്റൊരു സ്വകാര്യവ്യക്തി ഹൈക്കോടതിയെ സമീപിക്കുകയും തന്റെ ഭൂമിക്ക് പട്ടയം വേണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ കേസിൽ ഹാജരാക്കിയ രേഖകൾ വ്യാജം ആണെന്ന് ഹൈക്കോടതി കണ്ടെത്തി. പിന്നാലെ കെ.എസ്.ഇ.ബിയുടെ ഭൂമി കൈവശം വെക്കുന്ന ആളുകളെ ഒഴിപ്പിക്കാൻ ജില്ലാ കളക്ടർക്ക് കോടതി നിർദേശം നൽകി.
ഇതിന്റെ അടിസ്ഥാനത്തിൽ ഏകദേശം അറുപതു പേർക്ക് ഇക്കാനഗറിൽ നോട്ടീസ് ലഭിച്ചിട്ടുണ്ട്. ഈ നടപടിയുടെ ഭാഗമായാണ് രാജേന്ദ്രനും നോട്ടീസ് ലഭിച്ചത്. മറ്റുള്ളവരോട് മതിയായ രേഖകൾ ഹാജരാക്കാനും വിശദീകരണം നൽകാനും ആണ് ആവശ്യപ്പെട്ടിരിക്കുന്നതെങ്കിൽ ഏഴുദിവസത്തിനകം വീട് ഒഴിയണം എന്ന് ആവശ്യപ്പെട്ടാണ് രാജേന്ദ്രന് നോട്ടീസ്.
നേരത്തെ ഭൂമിയുമായി ബന്ധപ്പെട്ട് ആക്ഷേപം വന്നപ്പോൾ മുഖ്യമന്ത്രി തന്നെ നിയമസഭയിൽ രാജേന്ദ്രനായി രംഗത്തെത്തിയിരുന്നു. പട്ടയഭൂമിയാണെന്ന് പറയുകയും ചെയ്തിരുന്നു. ഇതേ ഭൂമിക്കു മേലാണ് ഇപ്പോൾ നടപടി വന്നിരിക്കുന്നത്. സ്വമേധമായ ഒഴിയാത്തപക്ഷം ബലമായി ഒഴിപ്പിക്കുമെന്നും നോട്ടീസിൽ പറയുന്നു. അതേസമയം എന്തുംവരട്ടെ നേരിടുമെന്ന് രാജേന്ദ്രൻ പ്രതികരിച്ചു. നിയമപരമായും അല്ലാതെയും നേരിടുമെന്നും അദ്ദേഹം പറഞ്ഞു
English summary
Revenue department issued notice to former Devikulam MLA S Rajendran asking him to vacate his house.
Story first published: Saturday, November 26, 2022, 9:38 [IST]