‘കള്ളപ്പണ ബാഗ്‌ ‘ എത്തിച്ചത്‌ എംപിമാരുടെ സാന്നിധ്യത്തിൽ ; അടിമുടി 
ദുരൂഹത , ഉത്തരം 
കിട്ടാത്ത 
ചോദ്യങ്ങൾ

Spread the love



പാലക്കാട്‌

പാലക്കാട്‌ ഉപതെരഞ്ഞെടുപ്പ്‌ അട്ടിമറിക്കാനുള്ള കള്ളപ്പണമടങ്ങിയതെന്നു ആരോപിക്കുന്ന ബാഗ്‌ കൊണ്ടുവന്നത്‌  കോൺഗ്രസ്‌ എംപിമാരായ വി കെ ശ്രീകണ്‌ഠൻ, ഷാഫി പറമ്പിൽ എന്നിവരുടെ സാന്നിധ്യത്തിലെന്ന്‌ സിസിടിവി ദൃശ്യം. യൂത്ത്‌ കോൺഗ്രസ്‌ തെരഞ്ഞെടുപ്പിൽ വ്യാജ വോട്ടർ ഐഡി കാർഡ്‌ നിർമിച്ച കേസിലെ പ്രതി ഫെനി നൈനാൻ ചൊവ്വ രാത്രി 10.54നാണ്‌ നീല ട്രോളി ബാഗുമായി കെപിഎം റീജൻസിയുടെ കോൺഫറൻസ്‌ ഹാളിലെത്തിയത്‌. എംപിമാർക്കൊപ്പം യുഡിഎഫ്‌ സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലും ജ്യോതികുമാർ ചാമക്കാലയും  ഉണ്ടായിരുന്നു. സിസിടിവി കാമറയില്ലാത്ത കോൺഫറൻസ്‌ ഹാളിലേക്കാണ്‌ ബാഗ്‌ കൊണ്ടുപോയത്‌. 10.56ന്‌ അവിടെ നിന്നിറങ്ങി സ്ഥാനാർഥിക്കൊപ്പം ബാഗുമായി ഫെനി  മറ്റൊരു മുറിയിൽ കയറി. 10.59ന്‌ നീല ട്രോളി ബാഗും മറ്റൊരു ബാഗുമായി ഫെനി നൈനാനും നേതാക്കളും പുറത്തിറങ്ങി. ഷാഫിയും രാഹുലും സംസാരിക്കുന്നതും കോൺഫറൻസ്‌ ഹാളിലേക്ക്‌ പോകുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തം. അരമണിക്കൂർ ഇവർ ഹോട്ടലിൽ ഉണ്ടായിരുന്നു.

കള്ളപ്പണം എത്തിയെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ്‌ തെരഞ്ഞെടുപ്പ്‌ കമീഷന്റെ നിർദേശപ്രകാരം പൊലീസ്‌ രാത്രി 12ന്‌ ഹോട്ടലിൽ പരിശോധനയ്‌ക്കെത്തിയത്‌. അതിന്‌ തൊട്ടുമുമ്പ്‌  ശ്രീകണ്‌ഠനും ഷാഫിയും ഹോട്ടലിൽനിന്ന്‌ പോയി. ഒന്നര മണിക്കൂറിന്‌ ശേഷം ആളെക്കൂട്ടി പൊലീസുമായി കയർത്തു.  ഇത്‌ ചിത്രീകരിച്ച മാധ്യമപ്രവർത്തകരെ കൈയേറ്റംചെയ്യാനും ശ്രമിച്ചു. മണിക്കൂറോളം സംഘർഷ സാധ്യത നിലനിർത്തുകയായിരുന്നു ലക്ഷ്യം. പരിശോധന വൈകിപ്പിക്കാനും മാധ്യമശ്രദ്ധ തിരിച്ചുവിടാനുമായിരുന്നു ഇത്‌. ഈ സമയം ബിജെപി പ്രവർത്തകരെത്തി കോൺഗ്രസ്‌ പ്രവർത്തകരുമായി തർക്കത്തിലേർപ്പെട്ടതും സംശയാസ്‌പദം.

മാധ്യമപ്രവർത്തകരെ പേരെടുത്ത്‌ പറഞ്ഞായിരുന്നു വി കെ ശ്രീകണ്‌ഠൻ എംപി കൈയേറ്റത്തിന്‌ ശ്രമിച്ചത്‌. ഫെനി നൈനാൻ കൊണ്ടുവന്ന ബാഗിൽ വസ്‌ത്രങ്ങളായിരുന്നുവെന്നാണ്‌ രാഹുൽ മാങ്കൂട്ടത്തിൽ അവകാശപ്പെട്ടത്‌. കഴിഞ്ഞ ദിവസം രാത്രി എത്തിയ പണമടങ്ങിയതെന്ന്‌ സംശയിക്കുന്ന ബാഗ്‌ അടുത്ത ദിവസം പകൽ മൂന്നിന്‌ രാഹുൽ വാർത്താസമ്മേളനത്തിൽ പ്രദർശിപ്പിച്ച്‌ അതിൽ പണമില്ലെന്ന്‌ വാദിച്ചതും പരിഹാസ്യമായി. ഈ നീല ട്രോളി ബാഗിലാണ്‌ കള്ളപ്പണമെത്തിച്ചതെന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്‌ബാബു ജില്ലാ പൊലീസ്‌ മേധാവിക്ക്‌ നൽകിയ പരാതിയിൽ പറഞ്ഞു.

 

ട്രോളി വന്ന വഴി

●ചൊവ്വ രാത്രി 10:12:34

വി കെ ശ്രീകണ്ഠൻ എംപിയും കോൺഗ്രസ്‌ നേതാവ്‌ ജ്യോതികുമാർ ചാമക്കാലയും കോൺഫറൻസ്‌ ഹാളിലെത്തി. പിന്നാലെ ഷാഫി പറമ്പിൽ എംപിയും ഹാളിലേക്ക്‌.

●രാത്രി 10:39:31

യുഡിഎഫ്‌ സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ കോൺഫറൻസ്‌ ഹാളിലേക്ക്‌. ഒപ്പം മറ്റൊരു യുവാവും.

●രാത്രി 10:42:37

വ്യാജ വോട്ടർ ഐഡി കാർഡ് നിർമാണ കേസിലെ ഒന്നാംപ്രതി ഫെനി നൈനാൻ കോൺഫറൻസ്‌ ഹാൾ ഇടനാഴിയിലേക്ക്‌. ബാഗ്‌ ഇല്ലാതെ വന്ന ഇയാൾ ചുറ്റുപാടുകൾ നിരീക്ഷിക്കുന്നു.

●രാത്രി 10:54:53

പുറത്തേക്ക്‌ പോയ ഫെനി നൈനാൻ നീല ട്രോളി ബാഗ്‌ ഹോട്ടലിനകത്ത്‌ എത്തിക്കുന്നു. ഷാഫി പറമ്പിൽ, വി കെ ശ്രീകണ്ഠൻ, ജ്യോതികുമാർ ചാമക്കാല, രാഹുൽ മാങ്കൂട്ടത്തിൽ എന്നിവരുള്ള കോൺഫറൻസ് ഹാളിലേക്ക്‌ ബാഗുമായി കയറുന്നു.

●രാത്രി 10:56:02

ഫെനി ട്രോളിയുമായി കോൺഫറൻസ്‌ ഹാളിൽനിന്ന്‌ പുറത്തിറങ്ങുന്നു. പിന്നാലെ രാഹുലും ഷാഫിയും പുറത്തെത്തി ഇടനാഴിയിൽവച്ച്‌ സംസാരിക്കുന്നു.

●രാത്രി 10:59:11

രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം ഫെനി ട്രോളിയുമായി ഹോട്ടൽ വിടുന്നു. പെട്ടെന്ന്‌ തിരികെ ഓടിക്കയറിയ ഫെനി റൂമിലേക്ക്‌ പോകുന്നു. നേരത്തേ രാഹുലിനൊപ്പം എത്തിയയാളും ഫെനിയും ഭാരംതോന്നിക്കുന്ന മറ്റ്‌ രണ്ട്‌ ബാഗുകൂടി പുറത്തെത്തിക്കുന്നു.

●രാത്രി 11:32:40

കോൺഫറൻസ്‌ ഹാളിലുണ്ടായ ഷാഫി പറമ്പിൽ, വി കെ ശ്രീകണ്ഠൻ, ജ്യോതികുമാർ ചാമക്കാല എന്നിവരും ഹോട്ടൽ വിടുന്നു.

ഉത്തരം 
കിട്ടാത്ത 
ചോദ്യങ്ങൾ

● ട്രോളി ബാഗ്‌ കോൺഫറൻസ്‌  ഹാളിൽ കൊണ്ടുവന്നതെന്തിന്‌

● ബാഗുമായി വന്നപ്പോൾ കോറിഡോറിൽ എല്ലാവരും അസ്വസ്ഥരായതെന്തിന്‌

● താൻ പാലക്കാടില്ലെന്ന്‌ മാങ്കൂട്ടത്തിൽ ഫെയ്സ്‌ബുക്ക് ലൈവിൽ പറഞ്ഞതെന്തിന്‌

● മറ്റ്‌ രണ്ടുബാഗിൽ പുറത്തേക്ക്‌ കൊണ്ടുപോയതെന്ത്‌

● പൊലീസ്‌  പരിശോധനയ്‌ക്ക്‌ വന്നപ്പോൾ അനുവദിക്കാതിരുന്നതെന്തിന്‌

● സിസിടിവി ദൃശ്യം വരുമെന്നുറപ്പായപ്പോൾ  ഇതാണാ ബാഗ്‌ എന്ന്‌ പറഞ്ഞത്‌ മുൻകൂർ ജാമ്യമോ

● ഫ്ലാറ്റിൽ താമസിക്കുന്നയാൾ കോൺഫറൻസ്‌ ഹാളിൽ സ്ഥാനാർഥിക്ക് “വസ്‌ത്രം’ കൊണ്ടുവന്നതെന്തിന്‌



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!