വിസി നിയമനം; സംഘപരിവാർ താൽപര്യം സംരക്ഷിക്കുന്ന ​ഗവർണറുടെ നിലപാട് നിയമവാഴ്ചയോടുള്ള വെല്ലുവിളി: സിപിഐ എം

Spread the love



തിരുവനന്തപുരം > സാങ്കേതിക, ഡിജിറ്റൽ സർവ്വകലാശാലകളിലെ താത്കാലിക വൈസ്ചാൻസലർമാരെ ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ ചട്ടങ്ങൾ ലംഘിച്ച് ഏകപക്ഷീയമായി നിയമിച്ച നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.

കെടിയുവിൽ ഡോ. കെ ശിവപ്രസാദിനെയും ഡിജിറ്റൽ സർവ്വകലാശാലയിൽ ഡോ. സിസ തോമസിനേയും നിയമിച്ചത് സർവകലാശാല ചട്ടങ്ങളേയും ഇത് സംബന്ധിച്ച കോടതി നിർദേശങ്ങളേയും കീഴ്വഴക്കങ്ങളേയും ലംഘിച്ചാണ്. നേരത്തെ കെടിയുവിൽ സിസ തോമസിനെ താൽകാലിക വിസിയായി നിയമച്ചപ്പോൾ തന്നെ കോടതി തടഞ്ഞതാണ്. അത് സംബന്ധിച്ച് വ്യക്തത ആവശ്യപ്പെട്ട് ഗവർണർ സമീപിച്ചപ്പോൾ പഴയ ഉത്തരവ് ആവർത്തിച്ച് ഉറപ്പിക്കുകയാണ് ഹൈക്കോടതി ചെയ്തത്. അതായത് കെടിയുവിൽ സർവകലാശാല നിയമപ്രകാരം സംസ്ഥാന സർക്കാർ നൽകുന്ന പട്ടികയിൽ നിന്ന് മാത്രമേ ചാൻസലർക്ക് നിയമിക്കാൻ അധികാരമുള്ളു. ഡിജിറ്റൽ സർവകലാശാലയിലും ഇത് ബാധകമാണ്.

എന്നാൽ സർക്കാർ കൊടുത്ത പട്ടിക പരിഗണിക്കാതെയാണ് ഇപ്പോൾ തന്നിഷ്ടപ്രകാരം ഇവരെ നിയമിച്ചത്. ഹൈക്കോടതി ഉത്തരവിട്ട് 24 മണിക്കൂർ കഴിയും മുൻപേ അത് ലംഘിച്ച് വിസിമാരെ നിയമിച്ചത് കടുത്ത ധിക്കാരവും നിയമവാഴ്ചയോടുള്ള വെല്ലുവിളിയുമാണ്. നിയമവിരുദ്ധമായി മനപ്പൂർവ്വം കാര്യങ്ങൾ ചെയ്യുകയും കോടതിവ്യവഹാരങ്ങൾ വഴി സർവകലാശാലകളെ പ്രതിസന്ധിയിലേക്ക് തള്ളിവിടുകയുമാണ് ചാൻസലർ ചെയ്യുന്നത്.

സർക്കാരിന്റെയോ സർവകലാശാലയുടെയോ  താൽപര്യം നോക്കാതെയാണ് അടുത്തിടെ ആരോഗ്യ സർവകലാശാല വിസിക്ക് നിയമനം നീട്ടി നൽകിയത്. സംസ്ഥാനത്തിന്റെ താൽപര്യങ്ങളെ പാടെ ഹനിച്ചുകൊണ്ട് സംഘപരിവാർ താൽപര്യങ്ങൾ മാത്രം ലക്ഷ്യം വച്ച് വിസിമാരെ അടിച്ചേൽപ്പിക്കുന്ന രീതി അംഗീകരിക്കാനാകില്ല.

കേരളത്തിലെ ഉന്നത വിദ്യാഭ്യാസമേഖലയെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തുന്നതിനുള്ള കടുത്ത പരിശ്രമത്തിലാണ് സർക്കാർ. ഒരുതരത്തിലും ഈ മേഖല മെച്ചപ്പെടാൻ അനുവദിക്കില്ലെന്ന വാശിയിൽ ഇടപെടുന്ന ഗവർണർ ഇവിടുത്തെ വിദ്യാഭ്യാസ – തൊഴിൽ മേഖലയെ നിരന്തരം പരിഹസിക്കുകയാണ്. ഗവർണറുടെ ഈ നിയമവിരുദ്ധ നടപടിയെ സംബന്ധിച്ച് യുഡിഎഫ് നിലപാട് എന്തെന്ന് വ്യക്തമാക്കണം. കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയെ പ്രതിസന്ധിയിലാക്കി തകർക്കാനുള്ള ഗവർണറുടെ നീക്കത്തെ നിയമപരമായും ജനകീയ പ്രതിഷേധമുയർത്തിയും ശക്തിയായി ചെറുക്കുമെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!