കളമശേരി
മണിയാർ ജലവൈദ്യുത പദ്ധതിയുമായി ബന്ധപ്പെട്ട് കാര്യങ്ങൾ മനസ്സിലാക്കാതെയാണ് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല സംസാരിക്കുന്നതെന്ന് മന്ത്രി പി രാജീവ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. മണിയാറിലുള്ളത് ക്യാപ്റ്റീവ് പവർ പ്ലാന്റാണ്. വ്യവസായ സ്ഥാപനത്തിന് ആവശ്യമായ വൈദ്യുതി അവർക്കുതന്നെ ഉൽപ്പാദിപ്പിക്കുന്നതിനാണ് ഈ പ്ലാന്റ്. ഇങ്ങനെ ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതിയിൽ 50 ശതമാനം ഉപയോഗിച്ചശേഷം ബാക്കി വിൽക്കാം. കാർബോറാണ്ടം യൂണിവേഴ്സൽ ലിമിറ്റഡിന് 17 ശതമാനം വൈദ്യുതിമാത്രമാണ് മണിയാറിൽനിന്ന് ലഭിക്കുന്നത്. അത് പൂർണമായും അവരാണ് ഉപയോഗിക്കുന്നത്.
വെള്ളത്തിനുള്ള റോയൽറ്റിയായി കെഎസ്ഇബിക്ക് യൂണിറ്റിന് 62 പൈസവീതം ലഭിക്കുന്നുണ്ട്. വൈദ്യുതിലൈൻ ഉപയോഗിക്കുന്നതിന് 74 പൈസവീതവും നികുതിയായി 15 പൈസയും നൽകുന്നുണ്ട്. വ്യവസായം നടത്തുന്നതിനുള്ള മുന്നുപാധിയായാണ് ക്യാപ്‌റ്റീവ് പവർ പ്ലാന്റിനെ കാണുന്നത്. വ്യവസായം നിലനിർത്താൻ ഇത്തരം പദ്ധതി പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
കേരളത്തിലെ വൈദ്യുതി ഉപയോഗത്തിന്റെ 0.09 ശതമാനംമാത്രമാണ് കാർബോറാണ്ടം കമ്പനി ഉൽപ്പാദിക്കുന്നത്. എൽഡിഎഫ് ഭരണകാലത്ത് 1991ൽ കാർബോറാണ്ടം കമ്പനിയുമായി കരാർ ഒപ്പുവച്ച് 1994ൽ പ്ലാന്റിൽ ഉൽപ്പാദനം തുടങ്ങി. 1994ൽ യുഡിഎഫ് സർക്കാർ രാജാക്കാട് സ്വകാര്യ കമ്പനിക്ക് ക്യാപ്‌റ്റീവ് പവർ പ്ലാന്റ് അനുവദിച്ചിട്ടുണ്ട്. അന്നത്തെ കരാറുകളിൽനിന്ന് വ്യത്യസ്തമായി പ്ലാന്റിന്റെ കാര്യങ്ങളിൽ ദേശീയതലത്തിൽ മാറ്റങ്ങളുണ്ടായിട്ടുണ്ട്. ഇതനുസരിച്ചാണ് സംസ്ഥാന സർക്കാർ നീങ്ങുന്നതെന്നും മന്ത്രി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ