തിരുവനന്തപുരം > സ്വകാര്യ ബസ് ജീവനക്കാരുടെ നിയമനത്തിന് പൊലീസ് വെരിഫിക്കേഷൻ നിർബന്ധമാക്കുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ്കുമാർ. സ്വകാര്യ ബസുകൾ വരുത്തിവയ്ക്കുന്ന റോഡപകടങ്ങളിൽ ആരെങ്കിലും കൊല്ലപ്പെട്ടാൽ ബസിന്റെ പെർമിറ്റ് മൂന്ന് മാസത്തേക്ക് സസ്പെൻഡ് ചെയ്യുകയും ഡ്രൈവറുടെ ലൈസൻസ് ആറ് മാസത്തേക്ക് സസ്പെൻഡ് ചെയ്യുകയും ചെയ്യുമെന്നും മന്ത്രി പറഞ്ഞു. സ്വകാര്യ ബസുടമകളുടെ സംഘടന പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് ഇക്കാര്യം തീരുമാനിച്ചത്.
പാലക്കാട് അപകടം ഉണ്ടായ പനയംപാടത്ത് വാഹനങ്ങളുടെ സ്പീഡ് കുറക്കാനായി നിർദ്ദേശം വയ്ക്കും. പ്രദേശത്ത് ഒരു സ്ഥിരം ഡിവൈഡർ സ്ഥാപിക്കും. ബസ് വേകളിലും മറ്റും വെള്ളം കെട്ടിനിൽക്കുന്നത് മാറ്റാൻ നടപടി എടുക്കുമെന്നും ഊരാലുങ്കൽ സൊസൈറ്റിക്ക് ഇതിന്റെ കോണ്ട്രാക്ട് നൽകുമെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം കിഴക്കേകോട്ട അപകടത്തിൽ സർക്കാർ നടപടി സ്വീകരിക്കും. മത്സരയോട്ടത്തിന്റെ പശ്ചാത്തലത്തിലാണ് ഭൂരിഭാഗം അപകടങ്ങളുമുണ്ടാകുന്നത്. ഇതവസാനിപ്പിക്കാനായി ജിയോ ടാഗിങ് ഏർപ്പെടുത്തും. ബസിലെ ഡ്രൈവിങ് സംബന്ധിച്ചുള്ള പരാതികൾ അറിയിക്കുന്നതിനായി ഒരു ഫോൺ നമ്പർ പതിപ്പിക്കാനും ഉടമകളോട് ആവശ്യപ്പെട്ടു. ആരുടെ നമ്പറാണ് കൊടുത്തിരിക്കുന്നത് എന്ന് മോട്ടോർ വാഹന വകുപ്പിനെ അറിയിക്കണം. പരാതികളിൽ നടപടി സ്വീകരിക്കുന്നില്ലെങ്കിൽ പിന്നീട് പതിപ്പിക്കുന്ന നമ്പർ എംവിഡിയുടേതായിരിക്കും. ബസിലെ എല്ലാ ജീവനക്കാർക്കും പരിശീലനം നൽകുന്നതിനായി ആർടിഓഫീസുകൾ കേന്ദ്രീകരിച്ച് പദ്ധതികൾ ആരംഭിക്കും.
ബ്ലാക് സ്പോട് കേന്ദ്രീകരിച്ചുള്ള പരിശോധന ഉണ്ടാകും. സ്വകാര്യ ബസുകൾക്ക് പൊലീസ് ക്ലിയറൻസ് നിർബന്ധമാക്കും. സമയം തെറ്റിച്ച് ഓടുന്ന വാഹനങ്ങൾക്ക് പിഴ നൽകും. റൂട്ടുകൾ കട്ട് ചെയ്യുന്ന സ്വകാര്യ ബസുകളുടെ പെർമിറ്റ് റദ്ദാക്കും. ഉൾ റൂട്ടുകളിൽ ഉൾപ്പെടെ ഒരു വണ്ടി എങ്കിലും ഉറപ്പാക്കാൻ സംഘടനയുമായി ആലോചിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മാർച്ച് മാസത്തോടെ സ്വകാര്യ ബസുകളിൽ ക്യാമറ വയ്ക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ