കിരീടം ഇന്ത്യക്ക്; വെസ്റ്റ് ഇൻഡീസിനെ ആറ് വിക്കറ്റിന് വീഴ്ത്തി

Spread the love



പ്രഥമ ഇന്റർനാഷണൽ മാസ്റ്റേഴ്സ് ലീഗ് ചാംപ്യന്മാരായി ഇന്ത്യ. ഫൈനലിൽ വെസ്റ്റ് ഇൻഡീസ് മാസ്റ്റേഴ്സിനെ ആറ് വിക്കറ്റിനാണ് ഇന്ത്യ തോൽപ്പിച്ചത്. വിൻഡിസ് മുൻപിൽ വെച്ച 149 റൺസ് വിജയ ലക്ഷ്യം നാല് വിക്കറ്റ് നഷ്ടത്തിൽ 17.1 ഓവറിൽ ഇന്ത്യ മറികടന്നു. 

50 പന്തിൽ നിന്ന് 74 റൺസ് എടുത്ത അമ്പാട്ടി റായിഡു ആണ് കലാശപ്പോരിൽ ഇന്ത്യയുടെ ടോപ് സ്കോറർ. സച്ചിനും റായിഡുവും ചേർന്ന് ഇന്ത്യക്ക് മികച്ച തുടക്കമാണ് നൽകിയത്. 18 പന്തിൽ നിന്ന് 25 റൺസ് ആണ് സച്ചിൻ നേടിയത്. ഇരുവരും ചേർന്ന് അർധ ശതക കൂട്ടുകെട്ട് കണ്ടെത്തിയിരുന്നു.

മത്സരത്തിന് ഇടയിൽ യുവരാജ് സിങ്ങും ടിനോ ബെസ്റ്റും തമ്മിൽ വാക്കുതർക്കം ഉണ്ടാവുകയും ചെയ്തിരുന്നു. ലാറയും അപയർമാരും എത്തിയാണ് ഇരുവരേയും മാറ്റിയത്. 

സ്റ്റുവർട്ട് ബിന്നിയുടെ ബാറ്റിൽ നിന്നാണ് ഇന്ത്യയുടെ വിജയ റൺ വന്നത്. ടൂർണമെന്റിൽ ഉടനീളം ബാറ്റുകൊണ്ടും ബോളുകൊണ്ടും സ്റ്റുവർട്ട് ബിന്നി തിളങ്ങിയിരുന്നു. സ്റ്റുവർട്ട് ബിന്നിക്ക് മുൻപ് ഇന്ത്യ യൂസഫ് പഠാനെ ബാറ്റിങ്ങിന് ഇറക്കി പരീക്ഷിച്ചിരുന്നു. എന്നാൽ സ്ലോഗ് സ്വീപ്പ് കളിക്കാനുള്ള ശ്രമത്തിനിടയിൽ വിക്കറ്റിന് മുൻപിൽ കുടുങ്ങി യൂസഫ് മടങ്ങി. എട്ട് പന്തിൽ നിന്നാണ് ബിന്നി 15 റൺസ് എടുത്തത്. യുവരാജ് 11 പന്തിൽ നിന്ന് 13 റൺസും എടുത്തു. 

നേരത്തെ ആദ്യം ബാറ്റ് ചെയ്ത വിൻഡിസിനെ തുണച്ചത് സിമോൺസിന്റേയും ഡ്വെയ്ൻ സ്മിത്തിന്റേയും ഇന്നിങ്സ് ആണ്. ലെൻഡി സിമോൺസ് ആണ് വെസ്റ്റ് ഇൻഡീസിന്റെ ടോപ് സ്കോറർ. 41 പന്തിൽ നിന്ന് 57 റൺസ് ആണ് താരം കണ്ടെത്തിയത്. ഡ്വെയ്ൻ സ്മിത്ത് 35 പന്തിൽ നിന്ന് 45 റൺസ് നേടി.ഇന്ത്യക്കായി ഷഹബാസ് നദീം രണ്ട് വിക്കറ്റ് പിഴുതു. നാല് ഓവറിൽ 12 റൺസ് മാത്രമാണ് ഷഹബാസ് വഴങ്ങിയത്. 

വിനയ് കുമാർ ബ്രയാൻ ലാറയുടേത് ഉൾപ്പെടെ മൂന്ന് വിക്കറ്റ് വീഴ്ത്തി. ലെൻഡി സിമോൺസിനേയും പുറത്താക്കിയത് വിനയ് കുമാർ ആണ്. ആറ് റൺസ് മാത്രമാണ് വെസ്റ്റ് ഇൻഡീസ് ഇതിഹാസ താരം ബ്രയാൻ ലാറയ്ക്ക് കണ്ടെത്താനായത്. ധവൽ കുൽക്കർണിയും ഡെത്ത് ഓവറിൽ നന്നായി പന്തെറിഞ്ഞു. എന്നാൽ ഇർഫാൻ പഠാൻ കൂടുതൽ റൺസ് വഴങ്ങി. 

Read More





Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!