Venjaramoodu Mass Murder Case: തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിൽ, പ്രതി അഫാൻ വീണ്ടും പൊലീസ് കസ്റ്റഡിയിൽ. മൂന്നു ദിവസത്തേക്കാണ് അഫാനെ കസ്റ്റഡിയിൽ വിട്ടത്. കേസിലെ മൂന്നാം ഘട്ട തെളിവെടുപ്പിനായാണ് അഫാനെ വെഞ്ഞാറമൂട് പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്.
സഹോദരൻ അഹ്സാനെയും പെൺ സുഹൃത്ത് ഫർസാനയെയും കൊലപ്പെടുത്തിയ കേസിൽ അഫാനെ നാളെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തുമെന്നാണ് വിവരം. അച്ഛൻറെ സഹോദരനെയും ഭാര്യയും കൊലപ്പെടുത്തിയ കേസിൽ അഫാനെ കഴിഞ്ഞ ദിവസം വിവിധയിടങ്ങളിലെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു.
അതേസമയം, വീണ്ടും അഫാനെ സംരക്ഷിച്ച് മാതാവ് ഷെമീന മൊഴി നൽകി. അഫാനല്ല ആക്രമിച്ചതെന്നും കട്ടിലിൽ നിന്നും നിലത്ത് വീണ് തലയ്ക്ക് പരിക്കേറ്റെന്നുമാണ് ഷെമീന ഞായറാഴ്ചയും പോലീസിന് മൊഴി നൽകിയത്. മകന് മറ്റാരെയും ആക്രമിക്കാൻ കഴിയില്ലെന്നും ഷെമീന പൊലീസിനോട് പറഞ്ഞു.
മകൻ ചെയ്ത കൂട്ടക്കൊല തിരിച്ചറിഞ്ഞിട്ടും കട്ടിലിൽ നിന്നും വീണുണ്ടായ അപകടമെന്ന മുൻമൊഴിയിൽ ഉറച്ച് നിൽക്കുകയാണ് ഷെമീന. ആശുപത്രിയിൽ നിന്നും സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയ ഷെമിയുടെ മൊഴി പൊലീസ് ഞായറാഴ്ചയാണ് വീണ്ടും രേഖപ്പെടുത്തിയത്.