MS Dhoni Chennai Super Kings IPL: ഈ സീസണോടുകൂടി എം.എസ്.ധോണി ഐപിഎല്ലിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിക്കുമോ? ചെന്നൈ സൂപ്പർ കിങ്സ് ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടുന്ന ചോദ്യമാണ് ഇത്. എന്നാൽ ഇനിയൊരു നാല് ഐപിഎൽ സീസൺ കൂടി ധോണി കളിക്കും എന്നാണ് തനിക്ക് തോന്നുന്നത് എന്നാണ് ഇന്ത്യൻ മുൻ ബാറ്റർ റോബിൻ ഉത്തപ്പ പറയുന്നത്. വാർത്താ ഏജൻസിയായ പിടിഐയോട് സംസാരിക്കുമ്പോഴാണ് റോബിൻ ഉത്തപ്പ ധോണിയെ പ്രശംസിച്ചത്.
43ാം വയസിലാണെങ്കിലും ഫിറ്റ്നസിന്റെ കാര്യത്തിൽ വിട്ടുവീഴ്ച്ചയ്ക്ക് ധോണി തയ്യാറല്ല. ഗ്രൗണ്ടിൽ ആദ്യം പരിശീലനത്തിന് എത്തുന്നതും ഏറ്റവും ഒടുവിൽ ഗ്രൗണ്ട് വിടുന്നതും ധോണിയാണ്. മണിക്കൂറുകളോളമാണ് നെറ്റ്സിലെ ധോണിയുടെ പരിശീലനം.
ഇനി ഒരു നാല് ഐപിഎൽ സീസൺ കൂടി ധോണി കളിച്ചാലും അതിൽ അത്ഭുതപ്പെടാനായി ഒന്നുമില്ലെന്നാണ് റോബിൻ ഉത്തപ്പ പറയുന്നത്. ഈ പ്രായത്തിൽ നിൽക്കുമ്പോഴും ലോകത്തിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർമാരിൽ ഒരാളാണ് ധോണി എന്ന് ഉത്തപ്പ ചൂണ്ടിക്കാണിക്കുന്നു.ഈ ഐപിഎൽ സീസണിലും ആരാധകരെ വിസ്മയിപ്പിക്കുന്ന പ്രകടനം ധോണിയിൽ നിന്ന് ഉണ്ടാവും എന്നാണ് ഉത്തപ്പയുടെ വാക്കുകൾ.
“ബാറ്റിങ് പൊസിഷനിൽ ഏഴിലോ എട്ടിലോ ആയിരിക്കാം ഇത്തവണയും ധോണി ബാറ്റിങ്ങിന് ഇറങ്ങുക എന്ന് തോന്നുന്നു. അവസാനത്തെ ഡെത്ത് ഓവറിൽ ധോണിയുടെ ബാറ്റിങ് നമുക്ക് കാണാനാവും. ഇപ്പോഴും കളിയോട് ധോണിക്കുള്ള സ്നേഹത്തിന് ഒരു കുറവും ഇല്ല. ധോണിയിൽ നിന്ന് ആ അഭിനിവേശം ഇല്ലാതാവും എന്ന് ഞാൻ ഒരിക്കലും കരുതുന്നില്ല. 43ാം വയസിലും ലോകത്തെ വിക്കറ്റ് കീപ്പർമാരെ നോക്കുമ്പോൾ ഏറ്റവും വേഗതയേറിയ കൈകൾ ധോണിയുടേത് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്,” ഉത്തപ്പ പറഞ്ഞു.
ഈ സീസണിൽ അൺക്യാപ്പ്ഡ് താരമായാണ് ധോണിയെ ചെന്നൈ സൂപ്പർ കിങ്സ് സ്ക്വാഡിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അതിനാൽ ധോണിയുടെ പ്രതിഫലം നാല് കോടി മാത്രമാണ്. കഴിഞ്ഞ സീസണിൽ ചെന്നൈക്ക് പ്ലേഓഫിലെത്താൻ സാധിച്ചില്ല. മാത്രമല്ല കാൽമുട്ടിലെ പരുക്കും ധോണിയെ വലച്ചിരുന്നു. കഴിഞ്ഞ സീസണിൽ 73 പന്തുകൾ നേരിട്ട ധോണി 161 റൺസ് ആണ് അടിച്ചെടുത്തത്.