Waqf Amendment Bill: ലഖ്നൗ: വഖഫ് ഭേദഗതി ബില്ലിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി കറുത്ത ബാഡ്ജ് അണിഞ്ഞ മുസ്ലിം യുവാക്കൾക്ക് രണ്ട് ലക്ഷം രൂപ വീതം ബോണ്ട് കെട്ടാൻ ആവശ്യപ്പെട്ട് നോട്ടീസ്. ഉത്തർപ്രദേശ് മുസഫർനഗറിലെ 24 പേർക്കാണ് സിറ്റി മജിസ്‌ട്രേറ്റ് വികാസ് കശ്യപ നോട്ടീസയച്ചത്. പോലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഏപ്രിൽ 16ന് കോടതിക്ക് മുന്നിൽ ഹാജരാകണമെന്നും സമാധാനം നിലർത്തുന്നതിന് ജാമ്യത്തുകയായി രണ്ട് ലക്ഷം വീതം ബോണ്ട് കെട്ടിവയ്ക്കണമെന്നും നോട്ടീസിൽ പറയുന്നു. സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് ഇവരെ തിരിച്ചറിഞ്ഞതെന്നും തുടർന്ന് നോട്ടീസ് അയക്കുകയായിരുന്നുവെന്നും പോലീസ് സൂപ്രണ്ട് സത്യനാരായണൻ പറഞ്ഞു.
റമദാനിലെ അവസാനത്തെ വെള്ളിയാഴ്ചയായ മാർച്ച് 28ന് പ്രതിഷേധത്തിന്റെ ഭാഗമായി വിവിധ പള്ളികളിൽ കറുത്ത ബാഡ്ജ് ധരിച്ചാണ് ആളുകൾ എത്തിയിരുന്നത്. ഇവർക്കെതിരെയാണ് ഇപ്പോൾ അധികൃതർ നടപടി സ്വീകരിച്ചിരിക്കുന്നത്. ഓൾ ഇന്ത്യാ മുസ്ലിം പേഴ്സനൽ ലോ ബോർഡാണ് രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
അതേസമയം, ആർ.എസ്.എസ്. ക്രിസ്ത്യൻ വിഭാഗത്തെ ലക്ഷ്യമിടുന്നുവെന്ന് രാഹുൽ ഗാന്ധി. വഖഫ് ബില്ലിലൂടെ മുസ്ലീങ്ങളെ ഉന്നമിട്ടവർ മറ്റ് മതങ്ങളിലുള്ളവരെയും ഭാവിയിൽ ലക്ഷ്യമിടുകയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
വഖഫിന് പിന്നാലെ ആർ.എസ്.എസ്. ശ്രദ്ധ കത്തോലിക്ക സഭയുടെ ഭൂമിയിലേക്ക് തിരിയുന്നുവെന്ന ടെലിഗ്രാഫിലെ ലേഖനം പങ്കുവെച്ചുകൊണ്ട് രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു. മുസ്ലീങ്ങളെ ഉന്നമിട്ട സർക്കാർ വൈകാതെ മറ്റ് സമുദായങ്ങളെയും ഉന്നമിടുമെന്ന് താൻ പറഞ്ഞിരുന്നുവെന്ന് രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു. കെ സി വേണുഗോപാലും മറ്റ് കോൺഗ്രസ് നേതാക്കളും ആശങ്ക പങ്കുവച്ചു.