Tahawwur Rana Case: 2008 ലെ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ എന്ന് ആരോപിക്കപ്പെടുന്ന തഹാവൂർ റാണയെ ഇന്ത്യയിൽ എത്തിച്ചത് രാജ്യത്തിന്റെ നയതന്ത്ര വിജയം കൂടിയാണ്. ഇന്ത്യയ്ക്ക് കൈമാറുന്നത് തടയാൻ യുഎസിലെ സുപ്രീം കോടതിയെ വരെ റാണ സമീപിച്ചിരുന്നു. എന്നാൽ റാണയുടെ അപേക്ഷ യുഎസ് സുപ്രീം കോടതി തള്ളിയതോടെയാണ് കൈമാറ്റ നടപടികൾ വേഗത്തിലായത്.
ആർമി ഡോക്ടറിൽ നിന്ന് ഭീകരവാദത്തിലേക്ക്
കനേഡിയൻ പൗരത്വമുള്ള മുൻ പാകിസ്ഥാൻ ആർമി ഡോക്ടറായ റാണയെ ഡൽഹിയിലെ തിഹാർ ജയിലിൽ പാർപ്പിക്കുമെന്നും ദേശീയ തലസ്ഥാനത്തെ പ്രത്യേക എൻഐഎ കോടതിയിൽ വിചാരണ നേരിടുമെന്നും ഇന്ത്യാ ടുഡേ ടിവിയോട് വൃത്തങ്ങൾ പറഞ്ഞു.
പാക്കിസ്ഥാനിൽ ഒരു സമ്പന്ന കുടുംബത്തിലാണ് തഹാവൂർ റാണയുടെ ജനനം. ഇസ്ലാമാബാദ് ഹസൻ അബ്ദൽ കേഡറ്റ് കോളേജിലായിരുന്നു റാണയുടെ പഠനം. അവിടെ വെച്ചാണ് അദ്ദേഹം ആദ്യമായി ദാവൂദ് ഗിലാനി എന്നറിയപ്പെടുന്ന ഡേവിഡ് കോൾമാൻ ഹെഡ്ലിയെ കണ്ടുമുട്ടുകയും അദ്ദേഹവുമായി അടുത്ത സൗഹൃദത്തിലാകുകയും ചെയ്തത്. 2008-ലെ മുംബൈ ഭീകരാക്രമണത്തിൽ 166 പേർ കൊല്ലപ്പെടുകയും 300-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്ത കേസിൽ മുഖ്യ പ്രതികളാണ് ഹെഡ്ലിയും റാണയും.
തൊഴിൽപരമായി ഒരു ഡോക്ടറായിരുന്നു റാണ, കോളേജ് വിദ്യാഭ്യാസത്തിനുശേഷം പാകിസ്ഥാൻ ആർമിയിലെ ആർമി മെഡിക്കൽ കോർപ്പിൽ ചേർന്നു. പാകിസ്ഥാൻ ആർമിയിൽ ഏതാനും വർഷങ്ങൾ സേവനമനുഷ്ഠിച്ച അദ്ദേഹം 1997 ൽ മേജറായി വിരമിച്ചു.
വിരമിച്ച ശേഷം റാണ പാകിസ്ഥാനിൽ നിന്ന് കാനഡയിലേക്ക് കുടിയേറി കനേഡിയൻ പൗരത്വം സ്വീകരിച്ചു. കാനഡയിൽ നിന്ന് റാണ പിന്നീട് യുഎസിലെ ചിക്കാഗോയിലേക്ക് കുടിയേറി, അവിടെ ഇമിഗ്രേഷൻ ആൻഡ് വിസ ഏജൻസിയും ഒരു ഹലാൽ കശാപ്പുശാലയും ആരംഭിച്ചു.
മുംബൈ ഭീകരാക്രമണത്തിലെ സൂത്രധാരൻ
ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈ 2008 നവംബർ 26 നാണ് ഭീകര ആക്രമണത്തിൽ നടുങ്ങിയത്. 60 മണിക്കൂറുകളോളം നീണ്ട ഈ ആക്രമണം രാജ്യത്തെ നടുക്കി. ആ ആക്രമണത്തിന്റെ ബുദ്ധി കേന്ദ്രങ്ങളിൽ പ്രധാനിയാണ് ഇപ്പോൾ ഇന്ത്യയ്ക്ക് വിട്ടു കിട്ടിയിരിക്കുന്ന തഹാവൂർ റാണ.
പാക്ക് വംശജനും കനേഡിയൻ വ്യവസായിയുമായ റാണയ്ക്ക് ലഷ്‌കർ അടക്കം ഭീകര സംഘങ്ങളുമായി അടുത്ത ബന്ധമാണ് ഉള്ളത്. ഹെഡ്ലിക്ക് ഇന്ത്യയിലെത്താനും മുംബൈയിലെ ആക്രമണ സ്ഥാനങ്ങൾ കണ്ടെത്താനും വിസ സംഘടിപ്പിച്ച് നൽകിയത് റാണയുടെ സ്ഥാപനമാണ്.
റാണയെ ഇന്ത്യയ്ക്ക് കൈമാറുന്നത് മുംബൈ ആക്രമണത്തിന് പിന്നിലെ ഗൂഢാലോചനക്കാർ, കൈകാര്യം ചെയ്തവർ, ബുദ്ധികേന്ദ്രങ്ങൾ ആരൊക്കെയാണെന്ന് വെളിപ്പെടുത്താൻ സഹായിക്കും. സാമ്പത്തിക തലസ്ഥാനം ആക്രമിച്ച 10 ലഷ്‌കർ ഇ തൊയ്ബ ഭീകരരെ സഹായിച്ചതിൽ പാകിസ്ഥാൻ ഏജൻസികളുടെയും സൈന്യത്തിന്റെയും മറ്റുള്ളവരുടെയും പങ്ക് അന്വേഷണത്തിൽ നിന്ന് വ്യക്തമായേക്കാം.ഇതുവരെ പേര് പുറത്തുവരാത്ത മറ്റ് ആരൊക്കെയാണ് ഉൾപ്പെട്ടിരിക്കുന്നതെന്ന വിവരങ്ങളും റാണ പുറത്തുകൊണ്ടുവന്നേക്കാം.