ബേസിൽ ജോസഫിനെ നായകനാക്കി നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമായ ‘മരണമാസ്സ്’ വിജയകരമായി പ്രദർശനം തുടരുകയാണ്. ഡാർക്ക് കോമഡി ഴോണറിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്ന മരണമാസ്സ് പ്രേക്ഷകർക്ക് ചിരിക്കാഴ്ച സമ്മാനിക്കുകയാണ്.
ചിത്രം മികച്ച പ്രതികരണം നേടുന്നതിനിടെ ബേസിൽ സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പ് ശ്രദ്ധനേടുകയാണ്. താൻ ‘മിന്നൽ മുരളി’ സംവിധാനം ചെയ്യുമ്പോൾ ശിവപ്രസാദ് സഹസംവിധായകനും ടോവിനോ തോമസ് നടനുമായിരുന്നു. വർഷങ്ങൾക്കിപ്പുറം ശിവപ്രസാദ് സംവിധായകനായെന്നും താൻ നടനും ടോവിനോ നിർമ്മാതാവും ആയെന്ന് ബേസിൽ സോഷ്യൽ മീഡിയയിൽ കുറിച്ചു.
ബേസിലിന്റെ കുറിപ്പ്
“മരണമാസ്സ് ഡയറക്ടർ ശിവപ്രസാദ്. മിന്നൽ മുരളിയിൽ ഞാൻ സംവിധായകൻ, ശിവൻ സഹസംവിധായകൻ, ടോവിനോ നടൻ. വർഷങ്ങങ്ങൾക്കിപ്പുറം ശിവൻ സംവിധായകൻ, ഞാൻ നടൻ, ടോവിനോ നിർമാതാവ്. എന്തൊക്കെയാ ഈ കൊച്ചു കേരളത്തിൽ നടക്കുന്നെ. ഒരുപാട് വെല്ലുവിളികളെ നേരിട്ടിട്ടും ഒടുവിൽ ആദ്യ സിനിമ ചെയ്യുകയും വിജയിപ്പിക്കുകയും ചെയ്ത ശിവന് എല്ലാവിധ ആശംസകളും,” ബേസിൽ കുറിച്ചു.
ടോവിനോ തോമസ് പ്രൊഡക്ഷൻസ്, റാഫേൽ പ്രോജെക്ടസ്, വേൾഡ് വൈഡ് ഫിലിംസ് എന്നിവയുടെ ബാനറുകളിൽ ടോവിനോ തോമസ്, റാഫേൽ പൊഴോലിപറമ്പിൽ, ടിങ്സ്‌റ്റൺ തോമസ്, തൻസീർ സലാം എന്നിവർ ചേർന്നാണ് മരണമാസ്സ് നിർമ്മിച്ചിരിക്കുന്നത്.
ബേസിലിനൊപ്പം രാജേഷ് മാധവൻ, സിജു സണ്ണി, പുളിയനം പൗലോസ്, സുരേഷ് കൃഷ്ണ, ബാബു ആന്റണി, അനിഷ്‌മ അനിൽകുമാർ എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. നടൻ സിജു സണ്ണി കഥ രചിച്ച ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് സിജു സണ്ണിയും സംവിധായകൻ ശിവപ്രസാദും ചേർന്നാണ്.