ഇന്ത്യയെ മൂന്ന് ഐസിസി കിരീടങ്ങളിലേക്ക് നയിച്ച ക്യാപ്റ്റനാണ് ക്രിക്കറ്റിലെ മെസിയെന്ന് ഫാസ്റ്റ് ബോളർ ഭുവനേശ്വർ കുമാർ. ധോണി ക്രിക്കറ്റിലെ മെസിയാണ് എന്നാണ് ഭുവനേശ്വർ കുമാർ പറയുന്നത്. യൂട്യൂബർ രൺവീർ അല്ലാബാഡിയയുടെ പോഡ്‌കാസ്റ്റിൽ സംസാരിക്കുമ്പോഴാണ് ധോണിയെ ഭുവനേശ്വർ മെസിയുമായി താരതമ്യപ്പെടുത്തിയത്.
പ്രിയപ്പെട്ട ഫുട്ബോൾ താരം ആര് എന്നായിരുന്നു ഭുവനേശ്വർ കുമാറിന് നേരെ എത്തിയ ചോദ്യം. ‘ലയണൽ മെസ് തന്നെ. മെസിയെ പോലെ ഒരു താരം വേറെയില്ല. നിരവധി കഴിവുള്ള കളിക്കാരുണ്ട്, എന്നാൽ മെസി വ്യത്യസ്തനാണ്.അത് എന്തുകൊണ്ടാണ് എന്നെനിക്ക് വിശദീകരിക്കാൻ പോലും കഴിയില്ല,’ ഭുവനേശ്വർ കുമാർ പറഞ്ഞു.
‘സാങ്കേതികമായി ഫുട്ബോളിനെ പിന്തുടരുന്ന ആളല്ല ഞാൻ. എന്നാൽ മെസ്സി കളിക്കുന്നത് കാണുമ്പോൾ അത് വ്യത്യസ്തമാണ്. ശാന്തത, സമ്മർദ്ദം കൈകാര്യം ചെയ്യൽ,സ്കിൽ..ഇവ എല്ലാം തികഞ്ഞ താരമാണ് മെസി.’
‘ധോണിയാണ് ക്രിക്കറ്റിലെ മെസി. ധോണിക്കൊപ്പം ഞാൻ സമയം ചെലവഴിച്ചിട്ടുണ്ട്. ധോണിക്കൊപ്പമുള്ള സമയം ഞാൻ എപ്പോഴും ആസ്വദിക്കുന്നു. ധോണിക്കൊപ്പം സമയം ചെലവഴിച്ചിട്ടുള്ള എല്ലാവർക്കും അറിയാം ധോണി എത്ര ശാന്തനും അതുല്യനുമാണെന്ന്. മെസിയെ ഞാൻ നേരിട്ടു കണ്ടിട്ടില്ല. എന്നാൽ മെസിയുടെ അതേ വൈബ് ധോണിയിലും കാണാം. വ്യത്യസ്ത തലത്തിലുള്ള വ്യക്തിയാണ് ധോണി ക്രിക്കറ്റി,’ഭുവനേശ്വർ കുമാർ പറഞ്ഞു.