DC vs LSG IPL 2025: ലക്നൗ സൂപ്പർ ജയന്റ്സിനെതിരെ അനായാസ ജയം സ്വന്തമാക്കി ഡൽഹി ക്യാപിറ്റൽസ്. സീസണിലെ ആറാം ജയം നേടി അക്ഷർ പട്ടേലും സംഘവും പോയിന്റിൽ ഗുജറാത്ത് ടൈറ്റൻസിന് ഒപ്പമെത്തി. എന്നാൽ നെറ്റ്റൺറേറ്റിന്റെ ബലത്തിൽ ഗുജറാത്ത് ഒന്നാം സ്ഥാനത്ത് തുടരുന്നു. ലക്നൗ സൂപ്പർ ജയന്റ്സിനെ 159 എന്ന സ്കോറിൽ ഒതുക്കിയതിന് ശേഷം രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തിൽ 13 പന്തുകൾ ശേഷിക്കെ ഡൽഹി ക്യാപിറ്റൽസ് വിജയ ലക്ഷ്യം മറികടന്നു.
സീസണിൽ രണ്ട് വട്ടം ഏറ്റുമുട്ടിയപ്പോഴും ലക്നൗ സൂപ്പർ ജയന്റ്സിനെ തോൽപ്പിക്കാൻ ഡൽഹി ക്യാപിറ്റൽസിനായി. അഭിഷേക് പൊരലിന്റേയും കെ എൽ രാഹുലിന്റേയും അർധ ശതകമാണ് ഡൽഹിയുടെ ജയം എളുപ്പമാക്കിയത്. ഡൽഹിക്കായി ആദ്യ ഓവറിൽ തന്നെ കരുൺ നായരും അഭിഷേകും ചേർന്ന് 15 റൺസ് കണ്ടെത്തി. എന്നാൽ 15 റൺസ് മാത്രമെടുത്ത് കരുൺ മടങ്ങി.
കരുൺ മടങ്ങിയതിന് ശേഷം അഭിഷേക് പൊരലും കെ എൽ രാഹുലും ചേർന്ന് 69 റൺസിന്റെ കൂട്ടുകെട്ട് ഉയർത്തി. അഭിഷേക് സീസണിലെ തന്റെ ആദ്യ അർധ ശതകത്തിലേക്കും എത്തി. 36 പന്തിൽ നിന്ന് അഞ്ച് ഫോറും ഒരു സിക്സും പറത്തി 51 റൺസ് എടുത്താണ് അഭിഷേക് പൊരൽ മടങ്ങിയത്.
കെ എൽ രാഹുൽ 42 പന്തിൽ നിന്ന് 57 റൺസോടെ പുറത്താവാതെ നിന്നു. ക്യാപ്റ്റൻ അക്ഷർ പട്ടേൽ ഡൽഹിയുടെ ജയം വേഗത്തിലാക്കി. 20 പന്തിൽ നിന്ന് 34 റൺസ് ആണ് അക്ഷർ നേടിയത്. അക്ഷറും രാഹുലും ചേർന്ന് അർധ ശതക കൂട്ടുകെട്ടും കണ്ടെത്തി.
കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽ നിന്ന് ലക്നൗവിന്റെ രണ്ടാമത്തെ തോൽവിയാണ് ഇത്. നിലവിൽ 10 ടീമുകളിലേതിൽ വെച്ച് ഏറ്റവും മോശം നെറ്റ്റൺറേറ്റ് ലക്നൗവിന്റേതാണ്. മർക്രമും മിച്ചൽ മാർഷും ചേർന്ന് ആദ്യം ബാറ്റ് ചെയ്ത ലക്നൗവിന് മികച്ച തുടക്കം നൽകിയിരുന്നു. എന്നാൽ ഇരുവരേയും പുറത്താക്കി ഡൽഹി കളിയിലേക്ക് ശക്തമായി തിരികെ എത്തി. മർക്രം 52 റൺസും മാർഷ് 45 റൺസും ബദോനി 36 റൺസും കണ്ടെത്തി. ക്യാപ്റ്റൻ ഋഷഭ് പന്ത് രണ്ട് പന്തിൽ ഡക്കായി.