Venjaramoodu Mass Murder Case: തിരുവനന്തപുരം:വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിൽ ആദ്യ കുറ്റപത്രം സമർപ്പിച്ച് പൊലീസ്. പ്രതി അഫാൻ സൽമാബീവിയെ കൊലപ്പെടുത്തിയ കേസിലാണ് കുറ്റപത്രം സമർപ്പിച്ചത്. 450 പേജുള്ള കുറ്റപത്രമാണ് പാങ്ങോട് സി.ഐ. ജിനേഷ് നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടിൽ സമർപ്പിച്ചത്.
അറസ്റ്റ് രേഖപ്പെടുത്തി 89-ാം ദിവസമാണ് ആദ്യ കുറ്റപത്രം. 120 സാക്ഷികളും 40 തൊണ്ടിമുതലുകളും കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സാമ്പത്തിക ബാധ്യതകൾക്ക് പിന്നാലെ സൽമാബീവിയോട് അഫാന് വൈരാഗ്യം ഉണ്ടായിരുന്നുവെന്ന് കുറ്റപത്രത്തിൽ പറയുന്നു.
കൊലപാതകത്തിന് കാരണമായത് കടവും അഫാനോട് കടക്കാർ പണം തിരികെ ചോദിച്ചതിലുള്ള ദേഷ്യവുമായിരുന്നു എന്നാണ് കുറ്റപത്രത്തിൽ പൊലീസ് പറയുന്നത്. ആകെ 48 ലക്ഷം രൂപയോളമാണ് അഫാനും കുടുംബത്തിനും ഉണ്ടായിരുന്നത്. ബന്ധുക്കളടക്കം 15 പേരിൽ നിന്നായി 16 ലക്ഷം രൂപയാണ് കടം വാങ്ങിയിരുന്നത്. കൂടാതെ 17 ലക്ഷം രൂപയുടെ ഹൗസിങ് ലോൺ.
മൂന്ന് ലക്ഷം രൂപയുടെ പേഴ്‌സണൽ ലോൺ. ഒന്നര ലക്ഷം ബൈക്ക് ലോൺ. 10 ലക്ഷം രൂപയുടെ പണയം എന്നിങ്ങിനെയായിരുന്നു കടം. കടം വീട്ടാൻ സഹായിക്കാതിരുന്നതും അമ്മയെയും തന്നെയും കുറ്റപ്പെടുത്തിയതും പരിഹസിച്ചതുമാണ് പിതൃമാതാവായ സൽമാബീവിയെ കൊലപ്പെടുത്താനുള്ള കാരണം.
പിതൃസഹോദരൻ ലത്തീഫ്, ഭാര്യ ഷാഹിദ എന്നിവരുടെ കൊലപ്പെടുത്തിയതും ഇതേ വൈരാഗ്യത്തിലാണ്. കാമുകി ഫർസാനയെ കൊന്നത് പണയം വെച്ച നാലരപവൻ സ്വർണം തിരികെ വേണമെന്ന് ആശ്യപ്പെട്ടതിലെ ദേഷ്യത്തിലാണ്. കൂട്ട ആത്മഹത്യയുടെ ഭാഗമായാണ് സഹോദരനെ കൊന്നതും അമ്മയെ ആക്രമിച്ചതെന്നും പൊലീസ് ഉറപ്പിക്കുന്നു. ഈ കേസുകളിൽ വെഞ്ഞാറമ്മൂട് പൊലീസ് ഉടൻ കുറ്റപത്രം നൽകും.