RCB Victory Parade: 18 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് സ്വപ്ന കിരീടവുമായി ബെംഗളൂരുവിലേക്ക് മടങ്ങി എത്തിയ ടീമിനെ സ്വീകരിക്കാൻ ആരാധകർ കൂട്ടമായി എത്തിയത് കലാശിച്ചത് വൻ ദുരന്തത്തിലേക്ക്. തിക്കിലും തിരക്കിലും പെട്ട് 10 പേർ മരിച്ചതായാണ് റിപ്പോർട്ട്. നിരവധി പേർക്ക് പരിക്കേറ്റു. 15 പേർക്ക് പരിക്കേറ്റതായും ഇതിൽ മൂന്ന് പേരുടെ നില ഗുരതരമാണ് എന്നുമാണ് റിപ്പോർട്ട്. കുട്ടികൾക്കുൾപ്പെടെ പരുക്കേറ്റിട്ടുണ്ടെന്നാണ് വിവരം.
പരിക്കേറ്റവരെ ബൗറിംഗ് ആശുപത്രിയിലും ലേഡി കഴ്സൺ ആശുപത്രിയിലും പ്രവേശിപ്പിച്ചു. വിക്ടറി പരേഡ് നടത്താൻ അനുവദിക്കില്ല എന്നാണ് ബെംഗളൂരു പൊലീസ് ആദ്യം നിലപാടെടുത്തത്. എന്നാൽ കർണാടക ക്രിക്കറ്റ് അസോസിയേഷന്റെ സമ്മർദത്തെ തുടർന്ന് പൊലീസ് വിക്ടറി പരേഡിന് അനുമദി നൽകി. വിക്ടറി പരേഡിന് അനുമതി നൽകിയതോടെ വിധാൻ സൗധയിലേക്ക് ആരാധകർ ഒഴുകിയെത്തി. പൊലീസിന്റെ നിർദേശങ്ങൾ ഒന്നും പാലിക്കപ്പെട്ടില്ല.
Also Read: ഒടുവിൽ ആ നിമിഷം എത്തി; ഐപിഎൽ കിരീടത്തിൽ ആദ്യമായി കോഹ്ലിയുടെ മുത്തം
കർണാടക മുഖ്യമന്ത്രി സിദ്ധാരാമയ്യ പരുക്കേറ്റവരെ സന്ദർശിക്കും എന്നും റിപ്പോർട്ടുണ്ട്. സുരക്ഷാ വീഴ്ചയാണ് വൻ ദുരന്തത്തിന് ഇടയാക്കിയത്. വിധാൻ സൗധയിൽ നിന്ന് ചിന്നസ്വാമി സ്റ്റേഡിയത്തിലേക്കാണ് ഓപ്പൺ ബസിൽ ആർസിബി ടീം പരേഡ് നടത്താൻ പദ്ധതിയിട്ടിരുന്നത്. ചിന്നസ്വാമി സ്റ്റേഡിയത്തിലെ ഗേറ്റ് നമ്പർ നമ്പർ മൂന്നിലാണ് തിക്കും തിരക്കുമുണ്ടാകുന്നതും വലിയ ദുരന്തത്തിലേക്ക് വഴി വെച്ചതും.
ദുരന്തം നടന്ന സ്ഥലത്തേക്ക് ആൾതിരക്കിനെ തുടർന്ന് ആംബുലൻസുകൾക്ക് എത്താൻ പ്രയാസപ്പെടുന്നത് രക്ഷാപ്രവർത്തനത്തെ ബാധിച്ചിരുന്നു. ചിന്നസ്വാമി സ്റ്റേഡിയത്തിലേക്ക് ആളുകളെ പ്രവേശിപ്പിക്കാൻ ആരംഭിച്ചപ്പോഴേക്കും വലിയ തിക്കും തിരക്കും ഉണ്ടാവുകയും ഇത് വലിയ ദുരന്തത്തിന് വഴി വെച്ചതെന്നുമാണ് വിവരം.