റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ഐപിഎൽ കിരീടത്തിലേക്ക് എത്തിയതിന് പിന്നാലെ ടീമിനെ അഭിനന്ദിച്ച് എത്തിയവരിൽ ആർസിബിയുടെ മുൻ ഉടമയായ വിജയ് മല്യയും ഉണ്ടായിരുന്നു. കോഹ്ലി ഉൾപ്പെടെയുള്ള കളിക്കാരെ ആർസിബിയിലേക്ക് എത്തിച്ചത് താനാണ് എന്നും വിജയ് മല്യ സമൂഹമാധ്യമങ്ങളിലൂടെ അവകാശപ്പെട്ടു. എന്നാൽ ഇതിന് ഇടയിൽ വിജയ് മല്യയെ ട്രോളിയാണ് പ്രതികരണങ്ങൾ ഉയരുന്നത്.
വായ്പ തട്ടിപ്പ് നടത്തിയ വിജയ് മല്യ നിലവിൽ രാജ്യം വിട്ട് വിദേശത്താണ് കഴിയുന്നത്. ആർസിബി ടീമിനെ അഭിനന്ദിച്ചുകൊണ്ടുള്ള വിജയ് മല്യയുടെ ട്വീറ്റിൽ എസ്ബിയുടെ കമന്റ് എന്ന നിലയിലെ സ്ക്രീൻഷോട്ട് ആണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നത്.
‘ആര്‍സിബി രൂപീകരിച്ചപ്പോൾ ഐപിഎല്‍ കിരീടം ബെംഗളൂരുവില്‍ എത്തണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. ഇതിഹാസ താരം വിരാട് കോഹ്ലിയെ അദ്ദേഹത്തിന്റെ ചെറിയ പ്രായത്തിൽ തന്നെ ടീമിലേക്ക് കൊണ്ടുവരാനുള്ള ഭാഗ്യം എനിക്കുണ്ടായി. കോഹ്ലി 18 വര്‍ഷം ആര്‍സിബിയില്‍ തുടര്‍ന്നു. ക്രിസ് ഗെയ്‌ലും എ ബി ഡിവില്ലിയേഴ്‌സും ടീമിലേക്ക് വന്നതിന് പിന്നിലും എന്റെ തീരുമാനമായിരുന്നു. ഒടുവില്‍ ഐപിഎല്‍ ട്രോഫി ബെംഗളൂരുവില്‍ എത്തി. എന്റെ സ്വപ്നം സാക്ഷാത്കരിച്ച എല്ലാവര്‍ക്കും വീണ്ടും നന്ദി” വിജയ് മല്യ എക്സിൽ കുറിച്ചു.
Also Read: ഒടുവിൽ ആ നിമിഷം എത്തി; ഐപിഎൽ കിരീടത്തിൽ ആദ്യമായി കോഹ്ലിയുടെ മുത്തം
വിജയ് മല്യയുടെ ട്വീറ്റിന് അടിയിൽ എസ്ബിഐയുടെ അക്കൗണ്ടിൽ നിന്ന് എന്ന രീതിയിലുള്ള സ്ക്രീൻഷോട്ട് ആണ് ഇപ്പോൾ വൈറലാവുന്നത്. “സർ, ഇന്ത്യയിലേക്ക് വരൂ, നമുക്ക് ഒരുമിച്ച് ആഘോഷിക്കാം,”ഇങ്ങനെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കമന്റ് ചെയ്തതായുള്ള സ്ക്രീൻഷോട്ട് ആണ് പ്രചരിക്കുന്നത്.
That’s why I like X pic.twitter.com/hR3QIEwJWV
— Harsh Goenka (@hvgoenka) June 4, 2025
വിജയ് മല്യയുടെ ട്വീറ്റിന് അടിയിൽ ട്രോളുകളുമായി ആരാധകർ നിറയുകയും ചെയ്യുന്നു. ഇനി എസ്ബിഐയുടെ സ്വപ്നം സാക്ഷാത്കരിക്കാനുള്ള സമയമാണ് എന്നാണ് ആരാധകർ കമന്റ് ചെയ്യുന്നത്. എസ്ബിഐ ബാങ്കിന് പുറത്തായി ഒരു പാർട്ടി വയ്ക്കാമെന്നും മല്യയെ തോളിലേറ്റി ഞങ്ങൾ അവിടെ ആഘോഷിക്കാം എന്നും മറ്റൊരു ആരാധകൻ വിജയ് മല്യയുടെ ട്വീറ്റിന് അടിയിൽ വന്ന് പറയുന്നു.