ആദിത്യൻ ഇടവം രാശിയിൽ സഞ്ചരിക്കുന്ന അവസാനവാരമാണ്. ഞായറാഴ്ച രാവിലെ മകയിരം ഞാറ്റുവേല ആരംഭിക്കും. ചന്ദ്രൻ വെളുത്ത പക്ഷത്തിലാണ്, വാരാദ്യം. ചൊവ്വ – ബുധൻ ദിവസങ്ങളിലായി ജ്യേഷ്ഠമാസ പൗർണമി വരുന്നു. വ്യാഴാഴ്ച കൃഷ്ണപക്ഷം തുടങ്ങുകയായി. ചൊവ്വ ചിങ്ങം രാശിയിൽ, മകം നക്ഷത്രത്തിലാണ്. ബുധൻ മിഥുനം രാശിയിൽ മകയിരം – തിരുവാതിര നക്ഷത്രങ്ങളിലായി സഞ്ചരിക്കുന്നു.
ബുധന് മൗഢ്യം അവസാനിച്ചു കഴിഞ്ഞു. ശനി മീനം രാശിയിൽ ഉത്രട്ടാതി നക്ഷത്രത്തിലാണ്. ശുക്രൻ മേടം രാശിയിൽ അശ്വതി നക്ഷത്രത്തിലാണ്, തുടക്കത്തിൽ. ശനിയാഴ്ച ഭരണിയിൽ പ്രവേശിക്കും. വ്യാഴം മിഥുനം രാശിയിൽ മകയിരം നക്ഷത്രത്തിലാണ്. വെള്ളിയാഴ്ച തിരുവാതിര നക്ഷത്രത്തിൽ പ്രവേശിക്കുന്നതാണ്.
ജൂൺ 12 മുതൽ വ്യാഴം മൗഢ്യത്തിലാവുന്നു. കഷ്ടിച്ച് ഒരു മാസക്കാലം വ്യാഴത്തിന് മൗഢ്യം ഉണ്ടാവും. രാഹുവും കേതുവും യഥാക്രമം കുംഭം, ചിങ്ങം രാശികളിലാണ്. രാഹു പൂരൂരുട്ടാതി മൂന്നാം പാദത്തിലും കേതു ഉത്രം ഒന്നാം പാദത്തിലും സഞ്ചരിക്കുകയാണ്. ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ മകം മുതൽ തൃക്കേട്ട വരെയുള്ള നാളുകളിൽ ജനിച്ചവരുടെ വാരഫലം ഇവിടെ വിശകലനം ചെയ്യുന്നു.
Also Read: വാരഫലം, അശ്വതി മുതൽ ആയില്യം വരെ
മകം
ഭാവി സംബന്ധിച്ച പ്രധാനപ്പെട്ട തീരുമാനങ്ങൾ കൈക്കൊള്ളുവാൻ സാധ്യതയുണ്ട്. ഈ വാരം ഔദ്യോഗികമോ/വ്യക്തിപരമോ ആയ യാത്രകൾ വേണ്ടിവരുന്നതാണ്. സുഹൃൽസംഗമത്തിൽ സംബന്ധിക്കും. ബിസിനസ്സിൽ കൂടുതൽ ധനം മുതലിറക്കുന്നത് നന്നായി ആലോചിച്ചാവണം. സാമ്പത്തികമായ അമളികൾ വരാനിടയുണ്ട്. പണയവസ്തുക്കളുടെ വായ്പാ തിരിച്ചടവ് വൈകുന്നതാണ്. ജന്മരാശിയിലെ ചൊവ്വയും കേതുവും അനാവശ്യ ക്ഷോഭങ്ങൾ സൃഷ്ടിക്കാം. വാരത്തിൻ്റെ ആദ്യ – അവസാന ദിവസങ്ങൾക്കാവും മേന്മ കൂടുതൽ.
പൂരം
സ്വസ്ഥതയും അസ്വസ്ഥതയും ആവർത്തിച്ചു കൊണ്ടിരിക്കും. ബന്ധുസമാഗമം സന്തോഷമേകും. ധനവരവ് തൃപ്തികരമാവും. എന്നാൽ ചെലവും കൂടുന്നതാണ്. മേലധികാരികളുടെ പ്രീതി നേടും. സഹപ്രവർത്തകരുടെ പിന്തുണ കുറയുന്നതായി അനുഭവപ്പെടുന്നതാണ്. ഗൃഹത്തിന് ചെറിയ തോതിൽ അറ്റകുറ്റപ്പണി വേണ്ടിവന്നേക്കും. വാഹനം ഉപയോഗിക്കുന്നതിൽ കരുതലുണ്ടാവണം. മകം നാളിൽ സഞ്ചരിക്കുന്ന ചൊവ്വയും ഉത്രം നാളിൽ സഞ്ചരിക്കുന്ന കേതുവും അക്ഷരാർത്ഥത്തിൽ തന്നെ ചെകുത്താനും കടലിനും ഇടയിൽ എന്ന സ്ഥിതിയിൽ കൊണ്ടു ചാടിക്കാം.
ഉത്രം
കേതു ജന്മനക്ഷത്രത്തിൽ സഞ്ചരിക്കുകയാണ് എന്നത് ഓർമ്മയിലുണ്ടാവണം. ദുസ്സാഹസങ്ങൾക്ക് മുതിരരുത്. അമിതമായ ആത്മവിശ്വാസം നന്നല്ല. ഇഷ്ടവസ്തുക്കൾ വാങ്ങാൻ ചെലവുണ്ടാവും. വേണ്ടപ്പെട്ടവരെ കാണാനും അവരുമായി ആഹ്ളാദം പങ്കിടാനും സന്ദർഭം വന്നെത്തും. വിദേശത്തു നിന്നും മകൻ്റെ/മകളുടെ ധനം വന്നുചേരുന്നതാണ്. വിദ്യാർത്ഥികൾക്ക് പുതിയ കോഴ്സുകൾകളിലേക്ക് പ്രവേശനത്തിനുള്ള അറിയിപ്പ് ലഭിക്കാം. ജോലിസ്ഥലത്ത് പൂർണ തൃപ്തിയുണ്ടാവും എന്നുപറയാനാവില്ല.
Also Read: ജൂൺ മാസത്തെ നക്ഷത്രഫലം, അശ്വതി മുതൽ രേവതിവരെ
അത്തം
കാര്യനിർവഹണത്തിൽ ശുഷ്കാന്തിയുണ്ടാവും. ആസൂത്രണ മികവിന് മേലധികാരികളുടെ അംഗീകാരം ലഭിക്കും. ഒപ്പമുള്ളവരുടെ സഹകരണക്കുറവിൽ വിഷമിക്കാം. വായ്പാ തിരിച്ചടവുകൾ മുടങ്ങില്ല. ധനകാര്യത്തിൽ ശ്രദ്ധയുണ്ടാവണം. പന്ത്രണ്ടിൽ ചൊവ്വയും കേതുവും സഞ്ചരിക്കുകയാൽ പാഴ്ച്ചെലവുകൾ വന്നേക്കാം. ഉപാസന, ദൈവസമർപ്പണം ഇവയ്ക്ക് നേരം കണ്ടെത്തുന്നതാണ്. പുതിയ കാര്യങ്ങൾ പഠിച്ചറിയാൻ ഉത്സാഹിക്കും. കുടുംബകാര്യങ്ങളിൽ ജീവിത പങ്കാളിയുടെ നിർദ്ദേശങ്ങൾ അപ്രായോഗികമായി അനുഭവപ്പെടാം. വാരാദ്യത്തെക്കാൾ ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങൾ ഗുണകരമാവും.
ചിത്തിര
തുലാക്കൂറുകാർക്ക് ഗുണാനുഭവങ്ങൾ കൂടാം. സംഘടനകളിൽ നേതൃപദവി ലഭിക്കും. മത്സരങ്ങളിൽ വിജയിക്കുന്നതാണ്. പ്രതീക്ഷിച്ച സാമ്പത്തിക സഹായം സിദ്ധിക്കും. സുഖഭക്ഷണ യോഗം, ന്യായമായ വിശ്രമം ഇവ ലഭിക്കും. കുടുംബാംഗങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റും. ഭൂമി വിൽക്കുന്നതിൻ്റെ അഡ്വാൻസ് തുക കിട്ടാം. സാമൂഹിക മാധ്യമങ്ങളിൽ പിൻതുടരുന്നവരുടെ എണ്ണം കൂടും. കന്നിക്കൂറുകാർ വരവും ചെലവും പൊരുത്തപ്പെടുത്താൻ കഴിയാതെ വിഷമിക്കും. സാംക്രമിക രോഗങ്ങൾ വലയ്ക്കാനിടയുണ്ട്. ഉദ്ദേശരഹിതമായ യാത്രകളിൽ ഏർപ്പെടാം.
Also Read: ഇടവ മാസത്തെ നക്ഷത്രഫലം, അശ്വതി മുതൽ രേവതിവരെ
ചോതി
ന്യായമായ ആവശ്യങ്ങൾ നിഷ്പ്രയാസം സാധിക്കും. മുൻപ് പിണക്കത്തിൽ കഴിഞ്ഞവർ ഇണക്കത്തിലാവും. ലോണിനുള്ള അപേക്ഷ പരിഗണിക്കപ്പെടാം. രോഗക്ലേശിതർക്ക് ആശ്വസിക്കാനാവും. ഇഷ്ടവസ്തുക്കൾ പാരിതോഷികമായി ലഭിക്കാം. ബന്ധുകലഹങ്ങൾക്ക് ന്യായമായ പരിഹാരം നിർദ്ദേശിക്കുന്നതാണ്. ഉപരിപഠനത്തിനുള്ള അറിയിപ്പ് ലഭിക്കാം. വിദേശത്തുള്ളവരുടെ തൊഴിൽ പ്രശ്നങ്ങൾക്ക് ഉചിതമായ പോംവഴി കിട്ടിയേക്കാം. പ്രണയികൾക്ക് അത്ര നല്ല വാരമല്ല. അകാരണമായ പിണക്കം ഉണ്ടാവാം.
വിശാഖം
ആദിത്യൻ്റെ അനിഷ്ടസ്ഥിതി ആലസ്യത്തിനിടയാക്കും. പൂർത്തിയാക്കാം എന്നേറ്റ കാര്യങ്ങൾ പകുതിയിൽ ഉപേക്ഷിക്കേണ്ടി വരാം. രാഷ്ട്രീയക്കാർക്ക് എതിരാളികളെ ഭയക്കേണ്ട സ്ഥിതിയുണ്ടാവും. പ്രൈവറ്റ് സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് ഉചിതമല്ലാത്ത ഷിഫ്റ്റ് കിട്ടിയേക്കും. പണമെടപാടുകളിൽ ജാഗ്രത വേണം. ഭൂമിയിൽ നിന്നുള്ള ആദായം അത്യാവശ്യ കാര്യങ്ങൾക്ക് ഉതകാം. വൃശ്ചികക്കൂറുകാർക്ക് ജീവകാരുണ്യ കർമ്മങ്ങൾക്ക് നേരം കണ്ടെത്താൻ കഴിഞ്ഞേക്കും. നാലാംഭാവത്തിലെ രാഹു മനക്ലേശത്തിന് കാരണമാകും. മകൻ്റെ പ്രവർത്തനങ്ങൾ നിരീക്ഷിക്കണം.
അനിഴം
ഞായറും തിങ്കളും ലഘുയാത്രകൾ ഉണ്ടാവുന്നതാണ്. ചെലവിന് പല വഴികൾ വന്നേക്കും. ചുമതലകൾ മറ്റുള്ളവരെ ഏൽപ്പിക്കാൻ തയ്യാറാകും. ആരോഗ്യശ്രദ്ധ വേണ്ടതുണ്ട്. ചൊവ്വ ബുധൻ ദിവസങ്ങളിൽ കൃതാർത്ഥത അനുഭവപ്പെടും. ചുമതലകൾ ഭംഗിയായി നിറവേറ്റുവാൻ കഴിയുന്നതാണ്. ധനവിനിയോഗത്തിൽ ഇഷ്ടജനങ്ങളെ പരിഗണിക്കുന്നതിനാൽ ആരോപണത്തിന് വിധേയരാകുന്നതാണ്. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ അപകർഷത തോന്നും. ചിലരോട് കയർത്തു സംസാരിക്കുന്നതാണ്.