തായ്‌ലൻഡിലെ ഖാവോ യായ് മേഖലയിൽ നാട്ടിലിറങ്ങി തിരക്കുള്ള കടയിൽ കയറി ഭക്ഷണ പായ്ക്കറ്റുകളുമെടുത്ത് മടങ്ങുന്ന ഒരു കാട്ടാനയുടെ വീഡിയോ അടുത്തിടെ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരുന്നു. ഖാവോ യായ് നാഷണൽ പാർക്കിലെ പ്ലൈ ബിയാങ് ലെക് എന്ന 23 വയസ്സുള്ള ആനയായിരുന്നു നാട്ടിലിറങ്ങിയത്. മറ്റു നാശനഷ്ടങ്ങൾ ഉണ്ടാക്കാതെ ശാന്തനായി തിരികെ പോയ ആനയുടെ വീഡിയോ ഏറെ ശ്രദ്ധനേടിയിരുന്നു.
സമാനമായൊരു സംഭവമാണ് കഴിഞ്ഞ ദിവസം സൗത്ത് ആഫ്രിക്കയിൽ നടന്നത്. സൗത്ത് ആഫ്രിക്കയിലെ ഒരു പ്രകൃതി സംരക്ഷണ കേന്ദ്രത്തിനു സമീപത്തുള്ള പട്ടണത്തിലാണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ട്. പൂർണ വളർച്ചയെത്തിയ ഒരു ആൺ സിംഹം നഗരത്തിലെ ഒരു സൂപ്പർ മാർക്കറ്റിലേക്ക് അപ്രതീക്ഷിതമായി കടന്നുവന്നു.
Also Read: “ഇവനാണ് അപ്പു, എന്റെ തക്കുടുവാവ…”; അമ്മൂമ്മയുടെ കുട്ടിക്കുരങ്ങന് എന്താ അനുസരണ; വീഡിയോ
സിംഹത്തെ കണ്ടതോടെ സ്ഥാപനത്തിലുണ്ടായിരുന്നവർ പരിഭ്രാന്തരായെങ്കിലും ആരെയും ഉപദ്രവിക്കാതെ സിംഹം നേരെചെന്നത് സൂപ്പർ മാർക്കറ്റിൽ മാംസം സൂക്ഷിക്കുന്ന സ്ഥലത്തേക്കായിരുന്നു. വിൽപ്പനയ്ക്കായി നിരത്തി വച്ചിരുന്ന മാംസ പായ്ക്കറ്റുകളിൽ നിന്ന് ഒന്നുരണ്ടെണ്ണം വലിച്ചു നിലത്തിട്ട് വയറു നിറച്ചു കഴിച്ച ശേഷമാണ് സിംഹം തിരികെ മടങ്ങിയത്.
Also Read: “ഒരു കിലോ പഴം മതി, അവൻ വൈകുന്നേരം വരെ നിന്നോളും;” വനം വകുപ്പ് കാണേണ്ടന്ന് കമന്റ്
സിംഹം സൂപ്പർ മാർക്കറ്റിലെത്തുന്നതിന്റെയും ഭക്ഷണം കഴിക്കുന്നതിന്റെയും സിസിടിവി ദൃശ്യങ്ങൾ വൈറലായിട്ടുണ്ട്. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്ന സിംഹത്തിനു സമീപത്തുകൂടി കടയിലുണ്ടായിരുന്നവർ പുറത്തേക്ക് ഓടുന്നതും വീഡിയോയിൽ കാണാം.