അഞ്ച് ദിവസത്തെ ടെസ്റ്റ് മത്സരങ്ങളുടെ സാമ്പത്തിക ചെലവ് ഉൾപ്പെടെ താങ്ങാൻ സാധിക്കാത്ത ക്രിക്കറ്റ് രാജ്യങ്ങൾക്കായി ചതുർദിന ടെസ്റ്റ് കൊണ്ടുവരാൻ ഐസിസി തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ക്രിക്കറ്റിന് വലിയ പ്രചാരം ഇല്ലാത്ത രാജ്യങ്ങളിൽ ടെസ്റ്റ് ക്രിക്കറ്റിന് ഉണർവ് നൽകുന്നതിനായാണ് ഐസിസിയുടെ ഈ നീക്കം. 2027-29 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സൈക്കിളിൽ നാല് ദിവസത്തെ ടെസ്റ്റ് മത്സരങ്ങൾ ഉൾപ്പെടുത്താൻ ഐസിസി തയ്യാറെടുക്കുന്നതായാണ് റിപ്പോർട്ട്.
ഔദ്യോഗിക ചതുർദിന ടെസ്റ്റ് മത്സരങ്ങൾ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് സൈക്കിളിൽ ഉൾപ്പെടുത്തുന്നതിനോട് ഐസിസി ചെയർമാൻ ജയ് ഷായ്ക്ക് അനുകൂല നിലപാടാണ് എന്നാണ് ദ് ഗാർഡിയന്റെ റിപ്പോർട്ടിൽ പറയുന്നത്. ചതുർദിന മത്സരങ്ങളിലൂടെ ടെസ്റ്റ് മത്സരങ്ങളുടെ എണ്ണം കൂട്ടാനാവും എന്നതും ഐസിസി പരിഗണിക്കുന്നു.
Also Read: അശ്വിനെതിരെ പന്ത് ചുരണ്ടൽ ആരോപണം; പരാതി നൽകി മധുരൈ പാന്തേഴ്സ്
എന്നാൽ ഇന്ത്യ, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ ഉൾപ്പെടെയുള്ള രാജ്യങ്ങൾ അഞ്ച് ദിവസത്തെ ടെസ്റ്റ് കളിക്കുന്നത് തന്നെ തുടരും എന്നാണ് സൂചന. 2025-27 ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് സൈക്കിളിൽ 27 പരമ്പരകളിൽ 17 എണ്ണവും രണ്ട് ടെസ്റ്റ് മത്സരങ്ങൾ മാത്രമുള്ളവയാണ്. മുൻനിര ടീമുകൾക്ക് മാത്രമാണ് അഞ്ച് ടെസ്റ്റ് മത്സരങ്ങൾ കളിക്കാൻ അവസരം ലഭിക്കുന്നത്.
Also Read: 134 പന്തിൽ 327 റൺസ്; 13കാരൻ അയാൻ രാജിന്റെ വെടിക്കെട്ട്; വൈഭവിന്റെ കൂട്ടുകാരൻ
ശ്രീലങ്ക, വെസ്റ്റ് ഇൻഡീസ്, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങൾക്ക് നീണ്ട പരമ്പരകൾ നഷ്ടമാവുന്നുണ്ട്. സാമ്പത്തിക പരിമിതികൾ കാരണമാണ് ഇത്. നേരത്തെ 2017ൽ നാല് ദിവസത്തെ ടെസ്റ്റ് എന്ന ആശയത്തിന് ഐസിസി അനുമതി നൽകിയിരുന്നു.