ചിറയിൻകീഴ്: ചിറയിൻകീഴ് -ആറ്റിങ്ങൽ റോഡിൽ പുരവൂരിൽ രണ്ട് പ്രൈവറ്റ് ബസുകൾ കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്കേറ്റു.കീഴാറ്റിങ്ങൽ സ്വദേശിയായ ജയൻ (19),ചിറയിൻകീഴ് സ്വദേശികളായ ഹാരീഷ് (34),ബൈജു (49), രാജീവ് (48) എന്നിവർക്കാണ് പരിക്കേറ്റത്.
ഇവരെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ആരുടെയും പരിക്ക് ഗുരുതരമല്ല. ചിറയിൻകീഴില്‍ നിന്ന് ആറ്റിങ്ങലിലേക്ക് പോവുകയായിരുന്ന ചിത്തിര എന്ന ബസും ആറ്റിങ്ങലില്‍ നിന്ന് ചിറയിൻകീഴിലേക്ക് വരികയായിരുന്ന ബ്രൈറ്റ് മോട്ടേഴ്സ് എന്ന ബസുമാണ് കൂട്ടിയിടിച്ചത്. പുരവൂർ അയ്യരുമഠം ക്ഷേത്രത്തിന് സമീപത്തെ കൊടുംവളവില്‍ ഇന്നലെ രാവിലെ 10.15നായിരുന്നു സംഭവം. ചിറയിൻകീഴ് ഭാഗത്തേക്ക് വരികയായിരുന്ന ബസ് കൊടുവളവില്‍ നിറുത്തിയിരുന്ന കാറിനെ ഓവർടേക്ക് ചെയ്തപ്പോഴാണ് എതിർദിശയില്‍ നിന്നെത്തിയ ബസുമായി കൂട്ടിയിടിച്ചത്.
ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം തെറ്റിയ ആറ്റിങ്ങല്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ബസ് സമീപത്ത് പാർക്ക് ചെയ്തിരുന്ന മാരുതി 800 കാറിലേക്ക് ഇടിച്ചുകയറി സമീപത്തെ ഓടയിലിറങ്ങിയാണ് നിന്നത്.
സമീപത്തെ 11 കെ.വി ലൈൻ കടന്നുപോകുന്ന പോസ്റ്റില്‍ ഇടിക്കാതിരുന്നതും,
25 അടിയിലേറെ താഴ്ചയുള്ള വീടിന്റെ ഭാഗത്തേക്ക് മറിയാതിരുന്നതിനാലും വൻ അപകടം ഒഴിവായി. ബസുകളുടെ മത്സരയോട്ടവും അമിത വേഗതയും ചിറയിൻകീഴ് – ആറ്റിങ്ങല്‍ റൂട്ടില്‍ പതിവാണെന്ന് നാട്ടുകാരും യാത്രക്കാരും പരാതിപ്പെടുന്നു.