തൃശൂർ: നവജാത ശിശുക്കളെ കൊന്ന് കുഴിച്ചിട്ട കേസിൽ അനീഷയെയും ഭവിനെയും റിമാൻഡു ചെയ്തു. ഇരിഞ്ഞാലക്കുട ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പ്രതികളുടെ റിമാൻഡ് അനുവദിച്ചത്. അനീഷയെ വിയ്യൂരിലേക്കും ഭവിനെ ഇരിഞ്ഞാലക്കുട സബ് ജയിലിലേക്കുമാണ് മാറ്റുക.
കേസിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. പ്രതികൾ കൊന്നു കുഴിച്ചിട്ട രണ്ടാമത്തെ കുട്ടിയുടെ അസ്ഥിയും ഇന്ന് കണ്ടെത്തി. ഭവിന്റെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് കുഞ്ഞിന്റെ അസ്ഥി കണ്ടെത്തിയത്. അനീഷയുടെ വീട്ടിൽ നടത്തിയ പരിശോധനയില്‍ ആദ്യത്തെ കുട്ടിയുടെ അസ്ഥി നേരത്തെ കണ്ടെത്തിയിരുന്നു.
ശുചിമുറിയിൽ പ്രസവിച്ചത് യൂട്യൂബ് നോക്കിയാണെന്നാണ് അനീഷ പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. വയറിൽ തുണികെട്ടിയാണ് ഗർഭാവസ്ഥ മറച്ചുവച്ചത്. ഗർഭിണിയാണെന്ന് വീട്ടുകാരും നാട്ടുകാരും അറിയാതിരിക്കാൻ ഇറുകിയ വസ്ത്രങ്ങൾ ധരിക്കുന്നത് ഒഴിവാക്കി. കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയശേഷം ബക്കറ്റിൽ കൊണ്ടുവന്ന് വീടിനു പിന്നിൽ കുഴിച്ചിട്ടെന്നാണ് അനീഷ പൊലീസിനോട് പറഞ്ഞിരിക്കുന്നത്.
Also Read: നവജാത ശിശുക്കളുടെ കൊലപാതകം: അനീഷ പ്രസവിച്ചത് യൂട്യൂബ് നോക്കി, വയറിൽ തുണികെട്ടി ഗർഭം മറച്ചു
2020 ലാണ് സമൂഹ മാധ്യമത്തിലൂടെ ഭവിനെ അനീഷ പരിചയപ്പെടുന്നത്. 2021 ലാണ് ആദ്യ കുഞ്ഞിനെ പ്രസവിക്കുന്നത്. ഈ കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം നൂലുവെളിയിലെ വീടിന് സമീപത്തെ പറമ്പിൽ കുഴിച്ചിട്ടു. എട്ടു മാസങ്ങൾക്കു ശേഷം കുഴി തുറന്ന് അസ്ഥി ആൺസുഹൃത്തിനെ ഏൽപ്പിച്ചു. 2024 ഓഗസ്റ്റ് 29 നാണ് രണ്ടാമത്തെ കുഞ്ഞിനെ കൊലപ്പെടുത്തിയത്. ശ്വാസം മുട്ടിച്ചാണ് രണ്ടു കുട്ടികളെയും കൊലപ്പെടുത്തിയതെന്നാണ് വിവരം.
Also Read: നവജാത ശിശുക്കളെ കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ച്; കൊന്നത് അമ്മ തന്നെയെന്ന് എഫ്ഐആർ
എപ്പോഴെങ്കിലും അന്വേഷണം ഉണ്ടായാൽ തെളിവ് നശിപ്പിക്കാനാണ് മൃതദേഹം കുഴിച്ചിട്ടിടത്ത് നിന്ന് അസ്ഥി എടുത്ത് ഭവിനെ ഏൽപ്പിച്ചതെന്നാണ് പൊലീസിന്‍റെ നിഗമനം. എന്നാൽ, മരിച്ച കുഞ്ഞുങ്ങളുടെ അസ്ഥി കടലിൽ നിമജ്ജനം ചെയ്യാൻ ഭവിൻ വാങ്ങിയെന്നാണ് അനീഷ പൊലീസിന് നൽകിയ മൊഴി. അനീഷ തന്നിൽനിന്ന് അകന്നാൽ ഭീഷണിപ്പെടുത്താനാണ് ഭവിൻ കുഞ്ഞുങ്ങളുടെ അസ്ഥികൾ സൂക്ഷിച്ചിരുന്നതെന്ന് പൊലീസ് സംശയിക്കുന്നുണ്ട്.
Also Read: നവജാതശിശുക്കളെ കുഴിച്ചിട്ടു: മാതാപിതാക്കൾ കസ്റ്റഡിയിൽ
ഇന്നലെയാണ് ഭവിൻ അസ്ഥിയുമായി പൊലീസ് സ്റ്റേഷനിലെത്തിയത്. സഞ്ചിയിൽ കുഞ്ഞുങ്ങളുടെ അസ്ഥികളുമായി ഭവിൻ പൊലീസ് സ്റ്റേഷനിലേക്ക് കയറി വരികയായിരുന്നു. അനീഷ തന്നിൽ നിന്ന് അകലുന്നുവെന്ന സംശയത്തെ തുടർന്ന് ഭവിൻ അസ്ഥിയുമായി പൊലീസ് സ്റ്റേഷനിൽ എത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. വെള്ളിക്കുളങ്ങര സ്വദേശിയാണ് അനീഷ, ആമ്പല്ലൂർ സ്വദേശിയാണ് ഭവിൻ.