
രോഹിത് ശര്‍മ-ക്രിസ് ഗെയ്ല്‍
ഐപിഎല്‍ ആരാധകരുടെ സ്വപ്‌ന ഓപ്പണിങ് കൂട്ടുകെട്ടാണ് ലൂയിസ് തിരഞ്ഞെടുത്തിരിക്കുന്നത്. ഓപ്പണിങ്ങില്‍ രോഹിത് ശര്‍മക്കൊപ്പം ക്രിസ് ഗെയ്‌ലിനെയാണ് അദ്ദേഹം തിരഞ്ഞെടുത്തത്. രോഹിത് മുംബൈ ഇന്ത്യന്‍സിന്റെ നായകനും വെടിക്കെട്ട് ഓപ്പണറുമാണ്.
മുംബൈക്ക് അഞ്ച് തവണ കിരീടം നേടിക്കൊടുക്കാന്‍ രോഹിത്തിനായിട്ടുണ്ട്. ക്രിസ് ഗെയ്ല്‍ ടി20 ഫോര്‍മാറ്റിലെ ഇതിഹാസമാണ്. ഐപിഎല്ലിലെ ടോപ് സ്‌കോററെന്ന റെക്കോഡ് ഇപ്പോഴും ഗെയ്‌ലിന്റെ പേരിലാണ്. ഇപ്പോള്‍ വിരമിക്കല്‍ പ്രഖ്യാപിച്ച ഗെയ്ല്‍ അവതാരകനെന്ന നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

വിരാട് കോലി, എബി ഡിവില്ലിയേഴ്‌സ്, എംഎസ് ധോണി
മൂന്നാം നമ്പറില്‍ ഇന്ത്യയുടെ വിരാട് കോലിക്കാണ് സ്ഥാനം. മുന്‍ ആര്‍സിബി നായകനും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ കോലിയുടെ സമീപകാല പ്രകടനങ്ങള്‍ ഗംഭീരമാണ്. ഐപിഎല്ലിലെ റണ്‍വേട്ടക്കാരിലെ തലപ്പത്താണ് കോലി.
നാലാം നമ്പറില്‍ സൂര്യകുമാര്‍ യാദവിനെയും യുവരാജ് സിങ്ങിനെയും ലൂയിസ് പരിഗണിച്ചില്ല. ലൂയിസിന്റെ നാലാം നമ്പറില്‍ ഇടം പിടിച്ചത് എബി ഡിവില്ലിയേഴ്‌സാണ്. മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ മൈതാനത്തിന്റെ എല്ലാ ഭാഗത്തേക്കും ഷോട്ട് പായിക്കാന്‍ കഴിവുള്ളവനാണ്.
അതുകൊണ്ടാണ് മിസ്റ്റര്‍ 360 ഡിഗ്രിയെന്ന് എബിഡി അറിയപ്പെടുന്നതും. ആര്‍സിബിക്കായി ഐപിഎല്ലില്‍ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. അഞ്ചാം നമ്പറില്‍ മുന്‍ ഇന്ത്യന്‍ നായകനും ഇതിഹാസവുമായ എംഎസ് ധോണിയെ തിരഞ്ഞെടുത്ത ലൂയിസ് ക്യാപ്റ്റനാക്കിയതും ധോണിയെത്തന്നെ.

ആന്‍ഡ്രേ റസല്‍, രവീന്ദ്ര ജഡേജ, റാഷിദ് ഖാന്‍
ആറാം നമ്പറില്‍ പേസ് ഓള്‍റൗണ്ടറായി ആന്‍ഡ്രേ റസലിനാണ് അവസരം. പേസ് ഓള്‍റൗണ്ടര്‍ ഐപിഎല്ലില്‍ കെകെആറിനൊപ്പമാണ്. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ കഴിവുള്ള റസല്‍ പന്തുകൊണ്ടും ടീമിന് ഉപകാരിയാണ്. ടി20 ഫോര്‍മാറ്റില്‍ വലിയ മൂല്യമുള്ള താരമാണ് റസല്‍.
ഏഴാം നമ്പറില്‍ ഇന്ത്യയുടെ സ്പിന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജക്കാണ് അവസരം. പന്തുകൊണ്ടും ബാറ്റുകൊണ്ടും മാച്ച് വിന്നറായ താരമാണ് ജഡേജ. ഐപിഎല്ലില്‍ സിഎസ്‌കെയുടെ നിര്‍ണ്ണായക താരമായി ഇപ്പോഴും ജഡേജ തിളങ്ങുന്നു.
എട്ടാം നമ്പറില്‍ അഫ്ഗാന്‍ സ്പിന്‍ ഓള്‍റൗണ്ടര്‍ റാഷിദ് ഖാനെയാണ് ലൂയിസ് തിരഞ്ഞെടുത്തത്. ആധുനിക ടി20 ക്രിക്കറ്റിലെ ഏറ്റവും മികച്ച സ്പിന്‍ ഓള്‍റൗണ്ടറാണ് റാഷിദ്. ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരമായിരുന്ന റാഷിദ് നിലവില്‍ ഗുജറാത്ത് ടൈറ്റന്‍സിനൊപ്പമാണ്.
Also Read: IPL 2023: വില്യംസണെ എന്തിന് ഗുജറാത്ത് സ്വന്തമാക്കി?, ലക്ഷ്യം ആ വിടവ് നികത്തല്‍-അറിയാം

സുനില്‍ നരെയ്ന്‍, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ
ഒമ്പതാം നമ്പറില്‍ സുനില്‍ നരെയ്‌നെയാണ് ലൂയിസ് തിരഞ്ഞെടുത്തത്. മാച്ച് വിന്നറായ ഓള്‍റൗണ്ടറാണ് നരെയ്ന്‍. റണ്‍സ് വിട്ടുകൊടുക്കാന്‍ മടികാട്ടുന്ന സ്പിന്നര്‍ ബാറ്റുകൊണ്ട് വമ്പനടികള്‍ കാഴ്ചവെക്കാനും കരുത്തുള്ളവനാണ്.
10ാം നമ്പറില്‍ പേസര്‍ ഭുവനേശ്വര്‍ കുമാറിനെയാണ് ലൂയിസ് തിരഞ്ഞെടുത്തത്. സമീപകാലത്ത് മോശം ഫോമിലുള്ള ഭുവിയുടെ ടി20യിലെ കണക്കുകള്‍ ശരാശരി മാത്രം. അതുകൊണ്ട് തന്നെ ലൂയിസിന്റെ ഈ തിരഞ്ഞെടുപ്പ് അല്‍പ്പം കൗതുകകരം.
11ാമനായി ജസ്പ്രീത് ബുംറയാണ്. ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റായ ബുംറ വിക്കറ്റുകള്‍ വീഴ്ത്താന്‍ മിടുക്കനാണ്. മുംബൈ ഇന്ത്യന്‍സ് നിരയിലെ നിര്‍ണ്ണായക താരമാണ് ബുംറ.