തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസിൽ കുഴഞ്ഞുവീണ യുവതിയുടെ ജീവൻ രക്ഷിക്കാൻ ജീവനക്കാർ ട്രിപ്പ് റദ്ദാക്കി. ചൊവ്വാഴ്ച തിരുവനന്തപുരത്തുനിന്ന് കരുനാഗപ്പള്ളിയിലേക്ക് പോയ പാലോട് ഡിപ്പോയിലെ ഫാസ്റ്റ് പാസഞ്ചർ ബസിൽവെച്ചാണ് യുവതി കുഴഞ്ഞുവീണത്. ബസ് ആറ്റിങ്ങൽ കഴിഞ്ഞപ്പോഴാണ് സംഭവം. ഇതോടെ ബസ് തിരികെ ആശുപത്രിയിലേക്ക് വിടുകയായിരുന്നു. കൃത്യസമയത്ത് ആശുപത്രിയിൽ എത്തിച്ചതുകൊണ്ട് യുവതിയുടെ ജീവൻ രക്ഷിക്കാനായി.
ചാത്തന്നൂര്‍ സ്വദേശിയും ഐഎസ്ആര്‍ഒ ജീവനക്കാരിയുമായ ബബിതയാണ്(34) ബസ്സില്‍ കുഴഞ്ഞു വീണത്. ഈ ബസിലെ കണ്ടക്ടര്‍ ഷാജിയും ഡ്രൈവര്‍ സുനില്‍ കുമാറുമാണ് ട്രിപ്പ് പോലും വേണ്ടെന്നുവെച്ച് ഇവരെ ആശുപത്രിയിലെത്തിച്ചത്. ബസ് ആലംകോട് പിന്നിട്ടപ്പോഴാണ് സൈഡ് സീറ്റിലിരുന്ന യുവതി തല പുറത്തേക്കിടുകയും അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്യുന്നത് സഹയാത്രക്കാർ ശ്രദ്ധിച്ചത്. തുടർന്ന് കണ്ടക്ടറും യാത്രക്കാരും ചേർന്ന് യുവതിയെ സീറ്റിൽ നേരെ ഇരുത്തി. എന്നാൽ ഉടൻ തന്നെ ഇവർ സീറ്റിൽ കുഴഞ്ഞുവീഴുകയായിരുന്നു.
ഈ സമയം ബസ് കല്ലമ്പലം എത്താറായിരുന്നു. യുവതി കുഴഞ്ഞുവീണത് കെടിസിടി ആശുപത്രി പിന്നിട്ടശേഷമായിരുന്നു. ഇതോടെ ബസ് തിരികെ ഓടിച്ച് കെസിടിസി ആശുപത്രിയിൽ യുവതിയെ എത്തിക്കുകയായിരുന്നു. യുവതിയെ ഉടൻ തന്നെ അത്യാഹിതവിഭാഗത്തിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകുകയായിരുന്നു.
Also Read- ഗവി ബസ് കൊടുംവനത്തിൽ കുടുങ്ങി; യാത്രക്കാർ അഞ്ചു കിലോമീറ്റർ നടന്നു
ബസിലെ യാത്രക്കാരെ മറ്റൊരു ബസിൽ കയറ്റിവിട്ട് കണ്ടക്ടര്‍ ഷാജിയും ഡ്രൈവര്‍ സുനില്‍ കുമാറും ആശുപത്രിയില്‍ത്തന്നെ തുടര്‍ന്നു. അതിനിടെ യുവതിയുടെ ബന്ധുക്കളെ ഇവർ വിളിച്ചുവരുത്തുകയും ചെയ്തു. യുവതി അപകടനില തരണം ചെയ്തതിനുശേഷമാണ് കെഎസ്ആർടിസി ജീവനക്കാർ ആശുപത്രിയില്‍നിന്ന് പോയത്. ബസ്സിലെ മറ്റു യാത്രക്കാരും ജീവനക്കാരോട് സഹകരിച്ചു. കെഎസ്ആര്‍ടിസി പാലോട് ഡിപ്പോയിലെ ബസിലെ ജീവനക്കാരായിരുന്നു ഷാജിയും സുനിൽകുമാറും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.