പ്രതിദിന വരുമാനത്തിൽ പുതിയ റെക്കോർഡിട്ട് കെഎസ്ആർടിസി. ജനുവരി മൂന്നിന് 8.43 കോടി രൂപയാണ് കെഎസ്ആർടിസിക്ക് ബസ് സർവീസ് ഓപ്പറേഷനിലൂടെ മാത്രം ലഭിച്ചത്. 2022 സെപ്റ്റംബർ പന്ത്രണ്ടാം തീയതി ലഭിച്ച 8.41 കോടി രൂപ കളക്ഷൻ നേട്ടം മറികടന്നാണ് കെഎസ്ആർടിസി ജനുവരി 3 ന് 8.43 കോടി രൂപയെന്ന സർവ്വകാല റെക്കോഡ് കളക്ഷനിലേക്ക് എത്തിയതെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ കെഎസ്ആർടിസി വ്യക്തമാക്കുന്നു. ‘ഞങ്ങൾ അന്നേ പറഞ്ഞിരുന്നു, പുനരുദ്ധാരണം തന്നെയാണ് ലക്ഷ്യം… പൂട്ടിക്കെട്ടലല്ല … ശക്തമായ നടപടികളും നിയന്ത്രണങ്ങളും വേണ്ടി വന്നിട്ടുണ്ട്… അനിവാര്യമായതുകൊണ്ട് മാത്രമാണ് … ആയത് ഇനിയും തുടരും…’ – ഫേസ്ബുക്ക് പോസ്റ്റിൽ കെഎസ്ആർടിസി വ്യക്തമാക്കുന്നു
കെഎസ്ആർടിസിയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം
കടുത്ത പ്രതിസന്ധികൾക്കിടയിലും വലിയ നേട്ടങ്ങളുമായി മുന്നോട്ടുപോകുന്നത് വ്യക്തമായ, കൃത്യമായ ദിശാബോധം ഉള്ളതുകൊണ്ട് തന്നെയാണ് …
ഞങ്ങൾ അന്നേ പറഞ്ഞിരുന്നു
പുനരുദ്ധാരണം തന്നെയാണ് ലക്ഷ്യം… പൂട്ടിക്കെട്ടലല്ല …
ശക്തമായ നടപടികളും നിയന്ത്രണങ്ങളും വേണ്ടി വന്നിട്ടുണ്ട്… അനിവാര്യമായതുകൊണ്ട് മാത്രമാണ് …
ആയത് ഇനിയും തുടരും…
‘നമ്മൾ ബാധ്യതയാണ് ‘ എന്ന് ആരും പറയാത്തിടത്ത് എത്തിച്ചേരുകയാണ് ലക്ഷ്യം…
അവിടെ എത്തിയിരിക്കും…
തീർച്ച👍
ചെറിയ പ്രയാസങ്ങൾ വലിയ നേട്ടങ്ങളിലേക്കുള്ള യാത്രയിൽ സ്വാഭാവികമാണ്… അത്രമാത്രം …
ഇന്നത്തേപ്പോലെ എന്നും കൂടെയുണ്ടാകുക…
ഈ അവധിക്കാലം യാത്രക്കാർക്ക് മികച്ച സൗകര്യമൊരുക്കി അഭിമാനാർഹമായ നേട്ടം കെഎസ്ആർടിസി കൈവരിച്ചു.
ക്രിസ്മസ് പുതുവത്സര കാലത്ത് കൃത്യതയോടെ സർവ്വീസ് നടത്തിയതിൽ ഞങ്ങൾ പ്രതീക്ഷിച്ചതിലും കൂടുതലായി യാത്രക്കാർക്ക് സംതൃപ്തിയും കെഎസ്ആർടിസിക്ക് റിക്കാർഡ് നേട്ടവും കൈവരിക്കാൻ കഴിഞ്ഞു.
ക്രിസ്തുമസ്സ് ന്യൂ ഇയർ പ്രമാണിച്ച് അധിക ബസ്സുകൾ മുൻകൂട്ടി പ്ലാൻ ചെയ്ത്, ഓൺലൈൻ റിസർവേഷൻ നൽകുകയും യാത്രകാർക്ക് ബാംഗ്ലൂരിൽ നിന്നും ചെന്നൈയിൽ നിന്നും തിരിച്ചും ആവശ്യത്തിനനുസരിച്ച് സർവീസുകൾ നടത്തുകയും ചെയ്തതോടെ ഡിസംബർ മാസം ആകെ 222.32 കോടി രൂപ എന്ന ചരിത്ര നേട്ടവും, 8 കോടി ശരാശരി ദിവസ വരുമാനം നേടുവാനും കൂടാതെ സെപ്റ്റംബർ പന്ത്രണ്ടാം തീയതി ലഭിച്ച 8.41 കോടി രൂപ കളക്ഷൻ ഭേദിച്ച് ജനുവരി 3 ന് 8.43 കോടി രൂപയെന്ന സർവ്വകാല റിക്കോഡ് കളക്ഷനും ലഭിച്ചു.
കേരളത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നും 72 സർവീസുകൾ ആണ് ബാഗ്ലൂരിലേക്ക് പ്രധാന ദിവസങ്ങളിൽ ക്രമീകരിച്ചിരുന്നത്. കൂടാതെ ചെന്നൈക്ക് 8 സർവീസുകളും. ഈ സർവ്വീസുകളുടെ അവസാന ദിവസങ്ങളിൽ മുഴുവൻ സീറ്റുകളും മുൻകൂട്ടി റിസർവ്വ് ആകുകയും യാത്രക്കാരുടെ തിരക്കിനനുസൃതമായി നാല് അധിക സർവീസുകൾ കൂടി അയക്കുകയും ചെയ്തത് വലിയ നേട്ടമാകുകയും അവസാന സമയം എത്തിയ യാത്രക്കാർക്ക് ആശ്വാസമാകുകയും ചെയ്തു.
എന്നാൽ ഇത് കാലങ്ങളായി ജനങ്ങളെ അമിതചാർജ് ഈടാക്കി കൊള്ളയടിച്ചിരുന്ന സ്വകാര്യ ലോബിക്കും അവരുടെ കൂട്ടാളികൾക്കും വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയത്. ഇതിന്റെ ഭാഗമായാണ് ചിലർ ആഴ്ച്ചകൾക്ക് ശേഷം സ്ഥാപനത്തെ മോശമായി ചിത്രീകരിക്കുന്ന തരത്തിലുള്ള വാർത്തകൾ പ്രചരിപ്പിക്കുന്നത് തള്ളിക്കളയുന്നു.
ക്രിസ്തുമസ് ന്യൂ ഇയർ അവധിക്കാലത്തെ ഡിസംബർ 22 മുതൽ ജനുവരി 2 വരെയുള്ള ദിവസങ്ങളിൽ മാത്രം പ്രത്യേകമായി നടത്തിയ 274 സ്പെഷ്യൽ സർവീസുകൾ ഉൾപ്പെടെ 9362 ട്രിപ്പുകളിലായി 2,83,568 യാത്രക്കാർ മുൻകൂട്ടി റിസർവ് ചെയ്തതു വഴി ഓൺലൈൻ റിസർവേഷൻ മുഖേന മാത്രം 12,25,71,848 രൂപ കെഎസ്ആർടിസിക്ക് നേടാനായതും സർവ്വകാല റിക്കോഡ് ആണ്. അന്തർ സംസ്ഥാന ബസ്സുകളും ദീർഘദൂര ബസ്സുകളും ഒന്നിടവിട്ട ദിവസങ്ങളാലാണ് തിരികെ എത്തുന്നതും കളക്ഷൻ അടക്കുന്നതും. പീക്ക് ദിവസങ്ങളിൽ മാത്രം അഡീഷണൽ സർവീസ് ഓപ്പറേറ് ചെയ്തതിനാൽ ദിവസം ഓടിച്ച ബസ്സിന്റെ എണ്ണത്തിനൊപ്പം അതേ ദിവസം കി.മി. വരുമാനവും വരില്ല എന്നതും, തൊട്ടടുത്ത ദിവസങ്ങളിലാണ് വരുമാനം വരിക എന്നതും മനസിലാകാതെ ദുരൂഹതയും അഭ്യൂഹവും തെറ്റായ പ്രചരണങ്ങളും ചിലർ നടത്തുകയാണ്.
മുൻകൂട്ടി യാത്രക്കാർക്ക് അവരുടെ സൗകര്യപ്രദമായ റൂട്ടിലും സമയത്തും മുൻകൂറായി തന്നെ സീറ്റുകൾ ഉറപ്പാക്കി യാത്രാസൗകര്യം നൽകാനായതാണ് വരുമാനത്തിലും ഓൺലൈൻ റിസർവേഷനിലും വൻ കുതിച്ചു ചാട്ടവും വരുമാനവും ഉണ്ടാക്കിയത്. ചെലവ് കുറച്ച് ശാസ്ത്രീയമായി ബസ്സുകൾ ഓപ്പറേറ്റ് ചെയ്തതിലൂടെയും അനാവശ്യ കോൺവോയ് ട്രിപ്പുകളും സർവിസും ഒഴിവാക്കായതിലൂടെ ഏതാണ്ട് 1000 ബസ്സുകളും 5 ലക്ഷം കിലോമീറ്ററും കുറച്ച് ഓടിച്ചതിൽ 1 കോടി രൂപയോളം ഓപ്പറേറ്റിംഗ് ചെലവ് ഒഴിവാക്കിയാണ് സർവ്വകാല റിക്കോഡ് കളക്ഷനും ജനോപകാരപ്രദമായ സ്പെഷ്യൽ അഡീഷണൽ സർവ്വീസുകളും നടത്തിയത്.
ക്രിസ്തുമസ് അവധി ദിവസങ്ങളിലും പൊതു അവധി ദിവസങ്ങളിലും ഓഫീസ് സ്കൂൾ ഓർഡിനറി ബസ്സുകൾ കുറക്കുകയും ദീർഘദൂര അന്തർ സംസ്ഥാന സർവിസുകൾക്കും പ്രാധാന്യം നൽകി ഓപ്പറേറ്റ് ചെയ്തതിൽ നിന്നുമാണ് ഈ നേട്ടം എന്നതാണ് വസ്തുത.
ഡിസംബർ 17 ന് 3974 ബസ്സുകൾ 13.37 ലക്ഷം കി.മി. ഓപ്പറേറ്റ് ചെയ്തപ്പോൾ തുടർന്ന് അവധികൾ കഴിഞ്ഞ ജനുവരി മൂന്നിന് 14.62 ലക്ഷം കി.മി 4370 ബസ്സുകളും ഓപ്പറേറ്റ് ചെയ്തതിൽ നിന്നുമാണ് യഥാക്രമം 7.24 കോടി രൂപയും 8.43 കോടി രൂപയും വരുമാനം ലഭിച്ചത്.
നവംബർ 14 മുതൽ ഓപ്പറേറ്റ് ചെയ്തുവരുന്ന ശബരിമല സ്പെഷ്യൽ സർവിസിന്റെ ഏറ്റവും തിരക്കേറിയ ഡിസംബർ മാസം അയ്യപ്പഭക്തർക്ക് യാതൊരു ബുദ്ധിമുട്ടുമില്ലാതെ ശരാശരി 1 കോടി രൂപ വരുമാനവും ഇതിനൊപ്പം നിലനിർത്തുവാൻ കഴിഞ്ഞു. കൂടാതെ അവധികാലത്ത് ഓടിക്കാതിരുന്ന ഓർഡിനറി ബസ് ഉപയോഗിച്ച ബഡ്ജറ്റ് ടൂറിസും തടസമില്ലാത്ത നടന്നത് കെഎസ്ആർടിസിയുടെ വിവിധ മേഖലകളിലെ ഒത്തൊരുമയുമാണ്.
പ്രതിദിനം ശരാശരി 3800 ബസുകൾ സർവീസ് നടത്തുന്ന അവസരത്തിലും ശബരിമല തീർത്ഥാടർക്ക് ആവശ്യാനുസരണം സർവീസുകൾ നടത്തുവാൻ സാമ്പത്തിക പ്രതിസന്ധികൾക്ക് ഇടയിലും KSRTC യ്ക്ക് സാധിച്ചിട്ടുണ്ട്. ജനുവരി ഒൻപതാം തീയതി 4402 ബസ് വരെ സർവ്വീസ് നടത്തുവാൻ സാധിച്ചത്, ഏകദേശം 600 ബസുകൾ അധിമായി സർവ്വീസ് നടത്തിയത് കൊണ്ട് മാത്രമാണ്. സാമ്പത്തിക പ്രതിസന്ധികൾക്ക് ഇടയിലും ഇത്തരത്തിൽ സർവിസയോഗ്യമാക്കാൻ ബസുകൾക്കു വേണ്ട സ്പെയർ പാർട്സ്, റിപ്പയർ , ഡീസൽ , ഡ്രൈവർ- കണ്ടക്ടർ തുടങ്ങിയവരെക്കൂടി സജ്ജമാക്കിയാണ് ഇത് നടപ്പിലാക്കിയത്. ഈ സർവ്വീസുകൾ പ്രതിദിനം 6000 ബസുകൾ വരെ എന്ന നിലയിൽ സർവ്വീസ് നടത്താനാനും ശരാശരി വരുമാനം ദിനംപ്രതി 8 കോടി രൂപയുടെ വരുമാനത്തിൽ എത്തിക്കുവാനും ആണ്
കെഎസ്ആർടിസി ലക്ഷ്യമിടുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.