
ബാബര്‍ അസം -മുഹമ്മദ് റിസ്വാന്
പാകിസ്താന്റെ ഓപ്പണര്‍മാരായി ബാബര്‍ അസമും മുഹമ്മദ് റിസ്വാനും തന്നെ ഇറങ്ങും. രണ്ട് പേരുടെയും ബാറ്റിങ്ങില്‍ പാകിസ്താന് പ്രതീക്ഷകളേറെ. പാകിസ്താന് ഇരുവരുടെയും ബാറ്റിങ്ങില്‍ അമിതമായി പ്രതീക്ഷവെക്കുന്നുണ്ടെന്നതാണ് വസ്തുത. ഇവരെ പെട്ടെന്ന് മടക്കിയാല്‍ വലിയ സ്കോറിലേക്ക് ഉയരുക പാകിസ്താന് പ്രയാസമായിരിക്കും.
ഏഷ്യാ കപ്പില്‍ ബാബര്‍ മോശം ഫോമിലായിരുന്നെങ്കിലും ഇപ്പോള്‍ അദ്ദേഹം ഗംഭീര ഫോമിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ്. മുഹമ്മദ് റിസ്വാന് സ്ഥിരതയോടെ കളിക്കുന്നു. ഏഷ്യാ കപ്പില്‍ 6 ഇന്നിങ്സില്‍ നിന്ന് 281 റണ്‍സാണ് അദ്ദേഹം നേടിയത്. ഏത് സാഹചര്യത്തിലും മികവ് കാട്ടാന്‍ കഴിയുന്ന റിസ്വാന് ക്ലാസിക് ഷോട്ടുകളിലൂടെ റണ്‍സുയര്‍ത്തുന്നവനാണ്. ഇരുവരുടെയും പ്രകടനത്തിലാണ് പാകിസ്താന്റെ പ്രതീക്ഷ.

ഷാന്‍ മസൂദ്, ഹൈദര്‍ അലി, ഇഫ്തിഖര്‍ അഹമ്മദ്
ആഭ്യന്തര ക്രിക്കറ്റിലൂടെ മിടുക്കുകാട്ടിയെത്തിയ ഷാന്‍ മസൂദ് മൂന്നാം നമ്പറിലെത്തിയേക്കും. ഫഖര്‍ സമാന് പകരക്കാരനായി ടീമിലേക്കെത്തിയ താരമാണ് ഷാന്‍ മസൂദ്. ആക്രമിച്ച് കളിക്കാന്‍ കഴിവുള്ള താരമാണ് ഷാന്‍. ഇംഗ്ലണ്ടിനെതിരായ അവസാന പരമ്പരയില്‍ അര്‍ധ സെഞ്ച്വറിയടക്കം നേടാന്‍ താരത്തിനായിരുന്നു. അതിവേഗം റണ്‍സുയര്‍ത്താന്‍ കഴിവുള്ള താരം സന്നാഹ മത്സരത്തില്‍ ഓപ്പണറായിരുന്നു.
ഹൈദര്‍ അലിയാണ് നാലാമന്. അണ്ടര്‍ 19 ക്രിക്കറ്റിലൂടെ വളര്‍ന്ന ഹൈദരലി ഇന്നിങ്സ് മുന്നോട്ട് കൊണ്ടുപോകാന്‍ കഴിവുള്ള താരങ്ങളിലൊരാളാണ്. ഖുഷ്ദില്‍ ഷായെക്കാള്‍ പാകിസ്താന് ഹൈദര്‍ അലിക്ക് മുന്‍തൂക്കം നല്‍കാനാണ് സാധ്യത.
അഞ്ചാം നമ്പറില്‍ ഇഫ്തിഖര്‍ അഹമ്മദിന് അവസരം ലഭിച്ചേക്കും. ഓള്‍റൗണ്ടറായ താരം പന്തുകൊണ്ടും ബാറ്റുകൊണ്ടും മികവ് കാട്ടാന്‍ കഴിവുള്ളവനാണ്. ഏഷ്യാ കപ്പിലും കളിച്ചിരുന്നു. ആറാം ബൗളറെന്ന നിലയിലും ഉപയോഗിക്കാന്‍ സാധിക്കുന്ന താരമെന്ന നിലയില്‍ പാകിസ്താന് ഇഫ്തിഖര്‍ അഹമ്മദിന് പ്രാധാന്യം നല്‍കിയേക്കും.

ആസിഫ് അലി, ഷദാബ് ഖാന്, മുഹമ്മദ് നവാസ്
അവസാന ഓവറുകളില്‍ വെടിക്കെട്ട് തീര്‍ക്കാനും ഫിനിഷര്‍ റോളിലും പാകിസ്താന് പ്രതീക്ഷ വെക്കുന്ന താരമാണ് ആസിഫ് അലി. ഒറ്റക്ക് മത്സരഫലത്തെ മാറ്റിമറിക്കുന്ന താരമെന്ന് ആസിഫ് അലിയെ വിശേഷിപ്പിക്കാം. സ്ഥിരത പ്രശ്നമാണെങ്കിലും ഫോമിലേക്കെത്തിയാല്‍ മത്സരഫലത്തെ ഒറ്റക്ക് മാറ്റിമറിക്കാന്‍ കഴിവുള്ളവനാണ് ആസിഫ്.
ഏഴാം നമ്പറില്‍ ഷദാബ് ഖാനാണ് അവസരം. സ്പിന്‍ ഓള്‍റൗണ്ടര്‍ ഷദാബ് ഖാന് ഇന്ത്യയെ കുഴപ്പിക്കാന്‍ കഴിവുള്ള സ്പിന്നറാണ്. വമ്പനടിക്കാരനെന്ന് പറയാനാവില്ലെങ്കിലും സാഹചര്യത്തിനനുസരിച്ച് നിര്‍ണ്ണായക പ്രകടനം കാഴ്ചവെക്കാന്‍ ഷദാബ് ഖാന് കഴിവുണ്ട്.
മുഹമ്മദ് നവാസാണ് എട്ടാം നമ്പറില്‍. സ്പിന്നറെന്ന നിലയില്‍ സമീപകാലത്തായി മികച്ച പ്രകടനം നടത്താന്‍ നവാസിന് സാധിക്കും. വെടിക്കെട്ട് നടത്താനും നവാസിന് കഴിവുണ്ട്. അതുകൊണ്ട് തന്നെ ഇന്ത്യ കരുതിയിരിക്കേണ്ട താരമാണ് നവാസ്.

നസീം ഷാ, ഹാരിസ് റഊഫ്, ഷഹീന് അഫ്രീദി
പാകിസ്താന്റെ യുവ പേസര്‍മാരിലൊരാളാണ് നസീം ഷാ. തുടര്‍ച്ചയായി 145ന് മുകളില്‍ വേഗത്തില്‍ പന്തെറിയാന്‍ സാധിക്കുന്ന നസീം ഷാ ഏഷ്യാ കപ്പില്‍ ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്. ഓസീസിലെ വേഗ പിച്ചില്‍ എല്ലാവരും ഭയക്കുന്ന താരങ്ങളിലൊരാളാണ് നസീം ഷാ.
10ാം നമ്പറില്‍ ഹാരിസ് റഊഫിനാവും അവസരം. റഊഫും തുടര്‍ച്ചയായി 145ന് മുകളില്‍ വേഗത്തില്‍ പന്തെറിയാന്‍ കഴിവുള്ളവനാണ്. മികച്ച ലൈനും ലെങ്തും കാത്ത് പന്തെറിയുന്ന റഊഫ് ഇത്തവണ എല്ലാ എതിരാളികള്‍ക്കും വലിയ ഭീഷണി തന്നെയാണ്. 11ാം നമ്പറില്‍ ഇടം കൈയന്‍ സൂപ്പര്‍ പേസര്‍ ഷഹീന് അഫ്രീദിയും ഉണ്ടാവും. പാകിസ്താന്റെ വജ്രായുധമാണ് ഷഹീന്. 2021ലെ ടി20 ലോകകപ്പില്‍ ഇന്ത്യയെ തകര്‍ത്തത് ഷഹീന്റെ ബൗളിങ് പ്രകടനമായിരുന്നു.