‘ഈ നിൽക്കുന്ന പൊന്ന് ഇക്ക ഇല്ലെങ്കിൽ ഒരു പക്ഷെ കലാഭവൻ മണി തമിഴിലും തെലുങ്കിലും കന്നഡയിലും ഒന്നും അഭിനയിക്കില്ല. അതിനാദ്യം നന്ദി പറയുന്നു. മറു മലർച്ചി എന്ന സിനിമയിലാണ് എന്നെ ആദ്യമായി അഭിനയിക്കാൻ വിളിച്ചത്. അതിലെനിക്ക് കിട്ടിയ വേഷം ഒരു പെണ്ണിന്റെ സാരി, ബ്ലൗസ്, അണ്ടർ സ്കേർട്ടുമാണ്’

‘ഇതെല്ലാം ഉടുത്ത് തെങ്ങിന്റെ മുകളിൽ കയറേണ്ട സീൻ ആണ്. മമ്മൂക്ക പറഞ്ഞു, നീ തെങ്ങിൻ മുകളിൽ കയറേണ്ട സൂക്ഷിക്കണം എന്ന്. ഞാൻ പറഞ്ഞു അല്ല ഇക്ക ഞാൻ സല്ലാപത്തിൽ തെങ്ങിൽ കയറിയ ആളാണ് ഒരു കുഴപ്പവും ഇല്ലെന്ന്. കയറേണ്ട എന്ന് പറഞ്ഞാൽ കയറേണ്ട. നിനക്ക് കേൾക്കാൻ പറ്റുന്നെങ്കിൽ നീ കേൾക്കെന്ന് മമ്മൂക്ക പറഞ്ഞു’

‘അങ്ങനെ മമ്മൂക്കയുടെ വാക്ക് കേൾക്കാതെ ഞാൻ തെങ്ങിൻ മുകളിൽ കയറി. പട്ടയിൽ പിടിച്ചപ്പോൾ തന്നെ അണ്ടർ സ്കേർട്ട് ഊരിപ്പോന്നു. അത് ശരിയാക്കാൻ വേണ്ടി ഞാൻ പട്ടയിൽ നിന്ന് കൈ വിട്ടു. ഇക്കായുടെ നാക്കിന്റെ പുണ്യം പോലെ തന്നെ ഞാൻ താഴെ വീണു’
‘അത് കഴിഞ്ഞ് എല്ലാവരും നല്ല കൈയടി ആയിരുന്നു. യാരിവൻ റൊമ്പ സൂപ്പറാ നടിക്കിരേ ഒറിജിനലാ നടിക്കിരേ എന്ന് അവർ തമിഴിൽ പറഞ്ഞു. കുറച്ച് കഴിഞ്ഞ് എന്നെ കസേരയിൽ ഇരുത്തി കൊണ്ട് പോയപ്പോഴാണ് മനസ്സിലായത് ഞാൻ താഴെ വീണതാണെന്ന്’

‘എന്തായാലും ഇക്ക വലിയൊരു മാർഗം ആണ് കാണിച്ച് തന്നത്,’ അതിന് ഒരായിരം നന്ദി ഉണ്ട്, കലാഭവൻ മണി അന്ന് പറഞ്ഞതിങ്ങനെ.
കലാഭവൻ മണിയെ ആ സിനിമയിലേക്ക് നിർദ്ദേശിച്ചതിനെക്കുറിച്ച് മമ്മൂട്ടിയും വേദിയിൽ സംസാരിച്ചിരുന്നു.
‘വടിവേലു എന്ന വലിയ നടനെ ആണ് ആ സിനിമയിലേക്ക് ആദ്യം പരിഗണിച്ചത്. ആ സിനിമ തുടങ്ങാറായപ്പോൾ അദ്ദേഹത്തിന് എന്തോ ബുദ്ധിമുട്ടുണ്ടെന്ന് പറഞ്ഞു. അപ്പോൾ ഞാൻ മണിയുടെ കാര്യം പറഞ്ഞു. മണിയുടെ പടങ്ങൾ കാണിച്ച് കൊടുത്തു’

‘പക്ഷെ തമിഴിൽ കൂടുതലും കലാഭവൻ മണി എന്നാരും പറയാറില്ല. കലാമണി എന്നാണ് പറയാറ്. ആ പടത്തിൽ മണിയുടെ ശബ്ദം അല്ല. വേറൊരാളുടെ ശബ്ദമാണ്’
‘പിന്നീട് തമിഴിലും മലയാളത്തിലും കന്നഡയിലും ഒക്കെ അഭിനയിച്ച് അത്യാവശ്യം ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന നടൻ ആയി. അതിന് ഞാനൊരു കാരണക്കാരൻ അല്ല. അങ്ങനെ ഒരു അവസരം ഉണ്ടായത് മണിയുടെ ഭാഗ്യം. അത് ഉപയോഗിക്കാനും മണിക്ക് സാധിച്ചു,’ മമ്മൂട്ടി പറഞ്ഞതിങ്ങനെ.