‘ജനം വായ്പയെടുത്ത് തുടങ്ങിയ സംരംഭങ്ങള്‍ സര്‍ക്കാരിന്റേതെന്ന് പറയാന്‍ നാണമില്ലേ? ക്രിമിനലുകളെ രക്ഷിക്കാന്‍ ഖജനാവില്‍ നിന്നും കോടികള്‍ ചെലവഴിച്ചതെന്തിന്?’: വി.ഡി.സതീശൻ

Spread the love


കണ്ണൂർ: ആകാശ് തില്ലങ്കേരി ക്രിമിനലാണെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞിട്ടും ഷുഹൈബ് കൊലക്കേസ് സിബിഐ അന്വേഷിക്കുന്നതിനെ പാര്‍ട്ടിയും സര്‍ക്കാരും എതിര്‍ക്കുന്നത് എന്തിന് വേണ്ടിയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.  പെരിയ, ഷുഹൈബ് കൊലക്കേസുകളില്‍ 2 കോടി 11 ലക്ഷം രൂപയാണ് ക്രിമിനലുകളെ സംരക്ഷിക്കാന്‍ നികുതിപ്പണത്തില്‍ നിന്നും സര്‍ക്കാര്‍ ചെലവാക്കിയത്. രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാന്‍ ഉപയോഗിച്ച ക്രിമിനല്‍ സംഘങ്ങള്‍ ഇപ്പോള്‍ സിപിഎമ്മിനെ ബ്ലാക്ക്‌മെയില്‍ ചെയ്യുകയാണ്. ജയിലില്‍ കിടക്കുന്നവരുള്‍പ്പെടെ സിപിഎം ഉപയോഗിച്ച എല്ലാ ക്രിമിനലുകളും നടത്തുന്ന സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും കുടപിടിച്ച് കൊടുക്കേണ്ട ഗതികേടിലാണ് സര്‍ക്കാരും സിപിഎമ്മും- വാർത്താസമ്മേളനത്തിൽ സതീശൻ പറഞ്ഞു.

ഈ സംഘങ്ങള്‍ നടത്തുന്ന ഗുരുതരമായ ക്രിമിനല്‍ കുറ്റകൃത്യങ്ങളും ക്വട്ടേഷന്‍ ഇടപാടുകലും കണ്ടില്ലെന്നു നടിക്കുകയും ജയിലിനകത്തും പുറത്തും അവരുടെ കുടുംബങ്ങള്‍ക്കും സൗകര്യങ്ങള്‍ ചെയ്തുകൊടുക്കാനും സിപിഎം നിര്‍ബന്ധിതമായിരിക്കുകയാണ്. ക്രിമിനലുകളെ ഉപയോഗിച്ചതിന്റെ തിക്തഫലമാണ് ഇന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്നത്. മനുഷ്യത്വം തൊട്ടുതെറിക്കാത്ത ക്രിമിനലുകളുടെ കൂടാരമായി സിപിഎം മാറിയിരിക്കുകയാണ്. ക്രിമിനലുകള്‍ക്ക് സാമൂഹിക മാധ്യമങ്ങളില്‍ പോലും പാര്‍ട്ടി ഇടമുണ്ടാക്കിക്കൊടുത്തു. ക്രിമിനല്‍ സംഘങ്ങള്‍ പാര്‍ട്ടിയെ നിയന്ത്രിക്കുന്ന അപകടകരമായ അവസ്ഥയിലൂടെയാണ് ഇപ്പോള്‍ സി.പി.എം കടന്നു പോകുന്നത്.

ക്രിമിനലുകളെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ ഇല്ലായ്മ ചെയ്യുന്നതിനൊപ്പം സ്വപ്‌ന സുരേഷ് എന്ന സ്ത്രീയെ ഉപയോഗിച്ച് ധനസമ്പാദനം നടത്തിയതിന്റെ തെളിവുകളും പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്. മുഖ്യമന്ത്രിക്കും പങ്കുണ്ടെന്നതിന്റെ തെളിവുകളാണ് പുറത്ത് വന്നത്. സ്വപ്‌നയ്ക്ക് ജോലി വാങ്ങി നല്‍കാന്‍ ശിവശങ്കരനെ നിര്‍ബന്ധിച്ചത് മുഖ്യമന്ത്രിയാണെന്നാണ് ഇഡി നല്‍കിയ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്ത് സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനം നടത്തിയും പണം ഉണ്ടാക്കുന്നതിന് വേണ്ടിയാണ് ആ സ്ത്രീയെ അവര്‍ ഉപയോഗിച്ചത്. എല്ലാ കുറ്റവും തലയില്‍ കെട്ടിവച്ചപ്പോഴാണ് വേറെയും പ്രതികളുണ്ടെന്ന് സ്വപ്‌ന ഇപ്പോള്‍ വിളിച്ച് പറയുന്നത്. ആകാശ് തില്ലങ്കേരി നടത്തിയ വെളിപ്പെടുത്തലിന്റെ മറ്റൊരു രൂപമാണ് സ്വപ്നയുടെ വെളിപ്പെടുത്തലും.

Also Read- ഊരാളുങ്കലിന് കണ്ണൂർ കോടതിസമുച്ചയ നിർമാണം നൽകുന്നതിന് സുപ്രീംകോടതി സ്റ്റേ; കൂടിയ തുകയ്ക്ക് കരാർ എങ്ങനെ നല്‍കാൻ കഴിയുമെന്ന് കോടതി

സ്വര്‍ണക്കടത്ത്, കൊട്ടേഷന്‍, കൊലപാതകം, അശ്ലീല പ്രചരണം, സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ഉള്‍പ്പെടെ എല്ലാ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളിലും സി.പി.എം പങ്കാളിയാകുന്ന ദയനീയ കാഴ്ചയാണ് കേരളം കാണുന്നത്. സമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി പൊലീസിനെയും ദുരുപയോഗം ചെയ്യുകയാണ്. ലഹരിമരുന്ന് മാഫിയകള്‍ക്ക് രാഷ്ട്രീയരക്ഷാകര്‍തൃത്വം നല്‍കുന്നതും ഇതേ സംഘമാണ്. 33 വര്‍ഷത്തെ ഭരണത്തിന്റെ അന്ത്യനാളുകളില്‍ ബംഗാളില്‍ ഉണ്ടായിരുന്ന അതേ അവസ്ഥയിലേക്ക് കേരളത്തിലെ സി.പി.എമ്മും എത്തിയിരിക്കുകയാണ്.

ആകാശ് തില്ലങ്കേരി പാര്‍ട്ടിയെ വെല്ലുവിളിച്ചിട്ടും അയാളെ വേദനിപ്പിക്കുന്ന ഒന്നും ചെയ്യരുതെന്നാണ് സിപിഎം അവരുടെ അണികളോട് നിര്‍ദ്ദേശിച്ചത്. നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരുമെന്ന് വീരവാദം മുഴക്കിയവര്‍ ജാമ്യം കിട്ടുന്ന കേസെടുത്ത് പുറത്തിറങ്ങാനുള്ള സൗകര്യമൊരുക്കിക്കൊടുത്തു. ക്രിമിനലിന് മുന്നില്‍ പാര്‍ട്ടി പേടിച്ച് വിറച്ച് നില്‍ക്കുകയാണ്. പാര്‍ട്ടി നേതാക്കള്‍ പറഞ്ഞിട്ടാണ് കൊന്നതെന്ന് ഒരു ക്രിമിനല്‍ പറഞ്ഞിട്ടും അന്വേഷിക്കാനുള്ള ധൈര്യം ഇല്ലാത്തത് എന്തുകൊണ്ടാണ്? ദയനീയമായ സ്ഥിതിയിലാണ് സിപിഎം എത്തിച്ചേര്‍ന്നിരിക്കുന്നത്.

ഷുഹൈബ് വധത്തിന് പിന്നിലുള്ള ഗൂഡാലോചന സിബിഐ അന്വേഷിക്കണം. ഉത്തരവാദിത്തപ്പെട്ട സിപിഎം നേതാക്കള്‍ക്ക് കൊലപാതകത്തില്‍ പങ്കുണ്ട്. ഗൂഡാലോചന നടത്തിയവരുടെ പേര് പുറത്ത് വരാതെ ക്വട്ടേഷന്‍ സംഘങ്ങളെ മാത്രം ജയിലിലാക്കിയിട്ട് കാര്യമില്ല. അതുകൊണ്ടാണ് ഷുഹൈബിന്റെ കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. പാര്‍ട്ടിക്ക് ഒരു ബന്ധവും ഇല്ലെങ്കില്‍ എന്തിനാണ് നികുതി പണത്തില്‍ നിന്നും കോടികള്‍ ചെലവഴിച്ച് ക്രിമിനലുകളെ രക്ഷിക്കാന്‍ ശ്രമിക്കുന്നത്? ഒരു കാര്യത്തിനും മുഖ്യമന്ത്രി മിണ്ടില്ല. സൗകര്യമുള്ളപ്പോള്‍ ആറ് മണിക്ക് വന്ന് പത്രസമ്മേളനം നടത്തി മൂന്നാമത്തെ ചോദ്യത്തിന് ഇറങ്ങിപ്പോകും. മുഖ്യമന്ത്രിക്ക് ചോദ്യങ്ങളെ ഭയമാണ്.

മുഖ്യമന്ത്രി പോകുന്ന സ്ഥലങ്ങളൊക്കെ വിജനമായിരിക്കണമെന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ചായ കുടിക്കാന്‍ ആരെങ്കിലും പുറത്തിറങ്ങിയാല്‍ പോലും കരുതല്‍ തടങ്കലിലാക്കും. കരുതല്‍ തടങ്കലിനെതിരെ യുഡിഎഫ് നിയമ നടപടി സ്വീകരിക്കും. നാട്ടുകാരെ ബുദ്ധിമൂട്ടിക്കാതെ മുഖ്യമന്ത്രി വീട്ടില്‍ ഇരിക്കുന്നതാണ് നല്ലത്. ഊരിപ്പിടിച്ച വാളുകള്‍ക്ക് ഇടയിലൂടെ നടന്ന ആളാണെന്ന് സ്വയം അവകാശപ്പെടുന്ന മുഖ്യമന്ത്രി ആരെയാണ് ഭയക്കുന്നത്? മുഴുവന്‍ പൊലീസുകാരെയും റോഡില്‍ കാവല്‍ നിര്‍ത്തി 40 വാഹനങ്ങളുടെ അകമ്പടിയില്‍ യാത്ര ചെയ്യുന്ന ആദ്യ മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍.

Also Read- അവഞ്ചേഴ്സ് കമാൻഡോകൾ; കേരള പൊലീസിന്‌റെ തീവ്രവാദ വിരുദ്ധ സ്ക്വാഡിന് അംഗീകാരം; മുഖ്യമന്ത്രിക്കും സുരക്ഷ നൽകും

മാസാദ്യം തന്നെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം എന്തിനാണ് കൊടുക്കുന്നതെന്നാണ് മന്ത്രി ആന്റണി രാജു ചോദിച്ചത്. വരും നാളുകളില്‍ എല്ലാ ജീവനക്കാരോടും സര്‍ക്കാര്‍ ചോദിക്കാന്‍ പോകുന്ന ചോദ്യമാണിത്. മന്ത്രി ആന്റണി രാജുവിന്റെ ചോദ്യത്തെ അംഗീകരിക്കുന്നുണ്ടോയെന്ന് എല്‍ഡിഎഫിലെ ഘടകകക്ഷികളും ട്രേഡ് യൂണിയനുകളും വ്യക്തമാക്കണം. ഭരിക്കാന്‍ മറന്ന് സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ പങ്കാളികളായതിനെ തുടര്‍ന്നാണ് നികുതി പിരിച്ചെടുക്കുന്നതില്‍ പരാജയപ്പെടുകയും ധൂര്‍ത്തിലേക്ക് വഴുതി വീഴുകയും അതിന്റെ ഭാരം അധിക നികുതിയായി ജനങ്ങളുടെ തലയില്‍ അടിച്ചേല്‍പ്പിക്കുകയും ചെയ്യുന്ന അവസ്ഥയിലേക്ക് സംസ്ഥാനം എത്തിയത്.

സ്വന്തമായി ബാങ്കില്‍ നിന്നും വായ്പ എടുത്ത് പലചരക്ക് കടയും വര്‍ക് ഷോപ്പും സൈക്കിള്‍ ഷോപ്പും തുടങ്ങിയതൊക്കെ സര്‍ക്കാരിന്റെ സംരംഭക പദ്ധതിയാണെന്ന് പറഞ്ഞ് കബളിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. ഒരു ലക്ഷത്തിലധികം സംരംഭങ്ങള്‍ തുടങ്ങിയെന്നും 2,79,000 പേര്‍ക്ക് ജോലി നല്‍കിയിട്ടുണ്ടെന്നും വ്യവസായ മന്ത്രിയും മുഖ്യമന്ത്രിയും അവകാശപ്പെട്ടത് കാപട്യമാണ്. ഇന്റേണികളെ നിയമിച്ച് ബാങ്കുകളിലെ വായ്പാ പട്ടിക ശേഖരിച്ച് അതിലുള്ള സംരംഭങ്ങളെല്ലാം സര്‍ക്കാരിന്റേതാണെന്നു പറയാന്‍ മുഖ്യമന്ത്രിക്കും വ്യവസായ മന്ത്രിക്കും നാണമുണ്ടോ? സര്‍ക്കാര്‍ സഹായത്തോടെ ആരംഭിച്ച സംരഭങ്ങളുടെ പട്ടിക പുറത്ത് വിടാന്‍ ധൈര്യമുണ്ടോ? കോവിഡ് കാലത്ത് നാട്ടില്‍ മടങ്ങിയെത്തിയ പ്രവാസികള്‍ തങ്ങളുടെ കയ്യിലുള്ള അവസാന സമ്പാദ്യം ഉപയോഗിച്ച് ആരംഭിച്ച സംരംഭങ്ങളെ വരെ സര്‍ക്കാരിന്റെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്. ഇക്കാര്യം പ്രതിപക്ഷം നിയമസഭയില്‍ ചൂണ്ടിക്കാട്ടിയാണ്.

കൊച്ചിയിലെ മാലിന്യ പ്ലാന്റിന് എതിരായ സമരത്തില്‍ വ്യവസായ മന്ത്രി ജനപ്രതിനിധികളെ പരിഹസിക്കേണ്ട ആവശ്യമില്ല. മാലിന്യ പ്ലാന്റുകള്‍ക്കെതിരെ സിപിഎം എത്രയോ സമരങ്ങള്‍ നടത്തിയിട്ടുണ്ട്. മന്ത്രി സ്ഥാനത്തെത്തിയപ്പോള്‍ അതെല്ലാം മറന്നു പോയതാണ്.

Also Read- ജമാഅത്തെ-ഇസ്ലാമി ആർഎസ്എസ് കൂടിക്കാഴ്ച അപകടകരം; രണ്ട് വർഗീയശക്തികൾ എന്താണ് ചർച്ച ചെയ്തത്? എഎ റഹീം

രാജ്യത്തെ ഭിന്നിപ്പിക്കാനും ന്യൂനപക്ഷങ്ങളെ ഇല്ലാതാക്കാനും ശ്രമിക്കുന്ന ആര്‍എസ്എസുമായി കൂടിയാലോചന നടത്തുന്നവരാണ് അതേക്കുറിച്ച് പറയേണ്ടത്. ജമാഅത്ത് ഇസ്ലാമി മാത്രമല്ല, ധാരാളം മുസ്ലീം സംഘടനകള്‍ ആര്‍എസ്എസുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. രാജ്യത്തെ അപകടകരമായ സ്ഥിതിയിലേക്ക് കൊണ്ടു പോകാന്‍ ശ്രമിക്കുന്ന ശക്തികളുമായി സന്ധി ചെയ്യുന്ന അവസ്ഥയിലേക്ക് ആരും പോകരുത്.- സതീശൻ പറഞ്ഞു.

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.



Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!