തിരുവനന്തപുരം> യുജിസിയുടെയും സർവകലാശാലകളുടെയും നിയമങ്ങളിലെ വൈരുധ്യങ്ങൾ മുതലെടുത്ത് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ വലിയ മാറ്റങ്ങളെ ചില കേന്ദ്രങ്ങൾ ഇകഴ്ത്തിക്കാട്ടുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം പി കെ ബിജു പറഞ്ഞു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് എകെപിസിടിഎ സംസ്ഥാന കമ്മിറ്റി നത്തിയ സെക്രട്ടറിയറ്റ് മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അധ്യാപകരുടെ ക്ഷാമബത്ത ആനുകൂല്യങ്ങൾ ലഭ്യമാക്കണമെന്നതുൾപ്പെടെയുള്ള സമരമുദ്രാവാക്യങ്ങൾക്ക് സർക്കാർ അനുകൂല നിലപാട് സ്വീകരിക്കണമെന്നും പി കെ ബിജു ആവശ്യപ്പെട്ടു.
യുജിസി ഏഴാം ശമ്പള പരിഷ്കരണ പാക്കേജ് പൂർണമായി നടപ്പാക്കുക, തടഞ്ഞുവച്ച ഡിഎ ഉടൻ അനുവദിക്കുക, ജോലിഭാരം സംബന്ധിച്ച സമിതി റിപ്പോർട്ട് കേരള സർക്കാർ ഉടൻ പരിഗണിക്കുക, ഡെപ്യൂട്ടി ഡയറക്ടർ കാര്യാലയങ്ങൾ ആധുനികവൽക്കരിക്കുക, ആരോഗ്യ – സാങ്കേതിക മേഖലകളിൽ ഏഴാം ശമ്പള പരിഷ്കരണം നടപ്പാക്കുക, വിരമിച്ച കോളേജ് അധ്യാപകരുടെ പെൻഷൻ പരിഷ്കരണത്തിലെ അപാകതകൾ പരിഹരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് എകെപിസിടിഎ സെക്രട്ടറിയറ്റ് മാർച്ചും ധർണയും നടത്തിയത്.
സംസ്ഥാന പ്രസിഡന്റ് ജോജി അലക്സ് അധ്യക്ഷനായി. എഫ്എസ്ഇടിഒ സംസ്ഥാന ട്രഷറർ ഡോ. എസ് ആർ മോഹനചന്ദ്രൻ, എഫ് യുടിഎ ജനറൽ സെക്രട്ടറി ഡോ. എസ് നസീബ്, എകെജിസിടി സംസ്ഥാന സെക്രട്ടറി ഡോ. വിനു ഭാസ്കർ, വിരമിച്ച കോളേജധ്യാപകരുടെ കൂട്ടായ്മ ‘സാന്ത്വം’ ജനറൽ സെക്രട്ടറി പ്രൊഫ. എ പ്രതാപചന്ദ്രൻ നായർ, എകെപിസിടിഎ ജനറൽ സെക്രട്ടറി ഡോ. സി പത്മനാഭൻ, സെക്രട്ടറി ഡോ. ടി ആർ മനോജ് എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ