മുംബൈ> ഓസ്ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തില് ഇന്ത്യയ്ക്ക് അഞ്ച് വിക്കറ്റ് ജയം. കെ എൽ രാഹുലിന്റെയും രവീന്ദ്ര ജഡേജയുടെയും സെഞ്ചറി കൂട്ടുകെട്ടാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. 91 പന്തിൽ നിന്ന് 75 റൺസുമായി രാഹുലും 69 പന്തിൽ നിന്ന് 45 റൺസുമായി ജഡേജയും പുറത്താവാതെ നിന്നു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്ട്രേലിയ 35.4 ഓവറിൽ 188 റൺസിന് എല്ലാവരും പുറത്തായി. എന്നാൽ ചെറിയ റൺസ് വിജലക്ഷ്യത്തിനായി ഇറങ്ങിയ ഇന്ത്യയ്ക്ക് തുടക്കം തന്നെ പിഴച്ചു. 10 ഓവറിൽ 39ന് 4 എന്ന നിലയിലേക്ക് ഇന്ത്യ കൂപ്പുകുത്തി. ഇഷാന് കിഷൻ (3), വിരാട് കോഹ്ലി (4), സൂര്യകുമാർ യാദവ് (0), ശുഭ്മാന് ഗിൽ (20) എന്നിവർ തീർത്തും നിരാശപ്പെടുത്തി.
തുടർന്ന് കളത്തിലിറങ്ങിയ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ 31 പന്തിൽ മൂന്നു ഫോറും ഒരു സിക്സും സഹിതം 25 റൺസെടുത്ത് പുറത്തായി. ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില് ഇന്ത്യ 1-0 ത്തിന് മുന്നിലെത്തി. രണ്ടാം ഏകദിനം ഞായറാഴ്ച്ച വിശാഖപട്ടണത്ത് നടക്കും.