കർണാടക തെരഞ്ഞെടുപ്പ്‌ : ബിജെപിക്ക് ബന്ധുപട്ടിക ; പ്രഖ്യാപിച്ച 212 സീറ്റിൽ 25 പേരും ബന്ധു സ്വാധീനത്തിൽ സീറ്റ്‌ ഒപ്പിച്ചവര്‍

Spread the love




മംഗളൂരു

കർണാടക നിയമസഭാ തെരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാർഥി പട്ടികയിൽ സീറ്റുറപ്പിച്ച്‌ നേതാക്കളുടെ ബന്ധുക്കൾ. തഴയപ്പെട്ട നേതാക്കൾ കൂട്ടരാജി പ്രഖ്യാപിക്കുന്നതിനിടെ ബന്ധു രാഷ്‌ട്രീയത്തിന്റെ അതിപ്രസരം ചർച്ചയാകുന്നു. ഒരു കുടുംബത്തിൽനിന്ന്‌ ഒരാൾക്ക്‌ സീറ്റെന്ന കേന്ദ്ര നേതൃത്വത്തിന്റെ മാനദണ്ഡം കാറ്റിൽപ്പറത്തി നാലു കുടംബത്തിൽനിന്ന്‌ രണ്ടുപേർ സ്ഥാനാർഥി പട്ടികയിൽ ഇടംനേടി.

എതിർപക്ഷ എംഎൽഎമാരെ മറുംകണ്ടം ചാടിക്കുന്നതിൽ വിദഗ്‌ധനായ രമേഷ്‌ ജാർക്കിഹോളി  അനുജൻ ബാലചന്ദ്ര ജാർക്കിഹോളിക്കും സീറ്റ്‌ ഒപ്പിച്ചു.  മന്ത്രി ശ്രീരാമുലു ബല്ലാരി റൂറലിൽനിന്നും സഹോദരീ പുത്രൻ സുരേഷ്‌ ബാബു കംപ്ലി മണ്ഡലത്തിൽനിന്നും മത്സരിക്കും. ഗലി സോമശേഖര റെഡ്ഡിയും (ബെല്ലാരി സിറ്റി മണ്ഡലം) സഹോദരൻ കരുണാകര റെഡ്ഡിയും (ഹരപനഹള്ളി മണ്ഡലം) പട്ടികയിലുണ്ട്‌. അന്തരിച്ച നേതാവ്‌ ഉമേഷ്‌ കട്ടിയുടെ മകൻ നിഖിൽ കട്ടി (ഹുക്കേരി), സഹോദരൻ രമേശ്‌ കട്ടി (ചിക്കോഡി) എന്നിവരും സീറ്റ്‌ ഉറപ്പിച്ചു.

മുൻ മുഖ്യമന്ത്രി യെദ്യൂരപ്പ എതിർപ്പുകൾ മറികടന്ന്‌ തന്റെ രണ്ടാമത്തെ മകൻ ബി വൈ വിജയേന്ദ്രയെ കന്നിയംഗത്തിന്‌ ഇറക്കി. താൻ ഏഴു തവണ ജയിച്ച ശിക്കാരിപുര മണ്ഡലം മകന്‌ കൈമാറുന്നതായി പട്ടിക ഇറങ്ങുംമുമ്പുതന്നെ പ്രഖ്യാപിക്കുകയും ചെയ്‌തു. മന്ത്രി ആനന്ദ്‌ സിങ്ങിന്റെ മകൻ സിദ്ധാർഥ്‌ സിങ്‌ അച്ഛന്റെ മണ്ഡലമായ വിജയനഗരയിൽ മത്സരിക്കും. ആനന്ദ്‌ സിങ്ങിന്റെ കണ്ണ്‌ വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സീറ്റിലാണ്‌. ഗാന്ധിനഗർ മണ്ഡലത്തിൽ മന്ത്രി രാമചന്ദ്ര ഗൗഡയുടെ മകൻ സപ്‌തഗിരി ഗൗഡയാണ്‌ ബിജെപി സ്ഥനാർഥി. മുൻ എംഎൽഎ ദമ്പതിമാരായ എച്ച്‌ നാഗപ്പ, പരിമള നാഗപ്പ എന്നിവരുടെ മകൻ പ്രീതമാണ്‌ ഹണൂരിൽ ഭാഗ്യം പരീക്ഷിക്കുന്നത്‌. മുൻ എംഎൽഎ മാരിലിംഗ ഗൗഡയുടെ മകൻ ഗൗതം ഗൗഡ രാമനഗരയിലും കെജിഎഫ്‌ മണ്ഡലത്തിൽ മുൻ എംഎൽഎ വൈ സംബാഗിയുടെ മകൾ അശ്വനിയും ജനവിധി തേടും. അന്തരിച്ച എംഎൽഎ ആനന്ദ്‌ മാമനിയുടെ ഭാര്യ രത്ന മാമനി സൗന്ദട്ടി–- യല്ലമ്മ മണ്ഡലത്തിൽ സ്ഥാനാർഥിയായി. കാലഗട്ടാഗി മണ്ഡലത്തിലെ നാഗരാജ്‌ ചബ്ബിയും ഹൻഗൽ മണ്ഡലത്തിലെ ശിവരാജ്‌ സജ്ജനാലും അടുത്ത ബന്ധുക്കളാണ്‌. പ്രഖ്യാപിച്ച 212 സീറ്റിൽ 25 പേരും ബന്ധു സ്വാധീനത്തിൽ സീറ്റ്‌ ഒപ്പിച്ചവരാണ്‌. ഇതിലാകട്ടെ ഏഴുപേർ പുതുമുഖങ്ങളും.

സവദി കോൺഗ്രസിൽ

കർണാടക മുൻ ഉപമുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായിരുന്ന ലക്ഷ്മൺ സവദി കോൺഗ്രസിൽ ചേർന്നു. ബെലഗാവി ജില്ലയിലെ അത്തണിയിൽനിന്ന് മൂന്നു തവണ എം‌എൽ‌എയായ സവദി സീറ്റ്‌ നിഷേധിച്ചതോടെയാണ്‌ ബിജെപി വിട്ടത്‌. പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ, കോൺഗ്രസ് ജനറൽ സെക്രട്ടറി രൺദീപ് സിങ്‌ സുർജേവാല, ശിവകുമാർ എന്നിവരുമായും കൂടിക്കാഴ്‌ച നടത്തിയശേഷമാണ് സവദി കോൺഗ്രസിൽ ചേർന്നത്‌.

സവദി കോൺഗ്രസ്‌ ടിക്കറ്റിൽ അത്തണിയിൽ മത്സരിക്കുമെന്ന്‌ സിദ്ധരാമയ്യ പറഞ്ഞു. 2019ൽ കോൺഗ്രസിൽനിന്ന്‌ കൂറുമാറിയെത്തിയ മഹേഷ്‌  കുമത്തള്ളിയാണ് അത്താണിയിൽ ബിജെപി സ്ഥാനാർഥി.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!