അറിവിന്റെ ചക്രവാളങ്ങളിൽ പുതിയ സൂര്യോദയത്തിന്റെ കാലം… കൈയെത്തി പിടിക്കാനാകാത്ത ദൂരെനിന്ന് എ പ്ലസ് പ്ലസുൾപ്പെടെ കൈപ്പിടിയിലാക്കി, ചരിത്രനേട്ടങ്ങളിലേക്കാണ് ഉന്നതവിദ്യാഭ്യാസക്കുതിപ്പ്… കേരളത്തിലെ പ്രധാന സർവകലാശാലകളെല്ലാം നാക് അക്രെഡിറ്റേഷനിൽ മികച്ച സ്കോർ നേടി. മുഖ്യമന്ത്രിയുടെ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പുകൾ ഉൾപ്പെടെ ഗവേഷണരംഗത്ത് വിപുലമായ സാധ്യതകൾ. ഏറ്റവുമൊടുവിൽ ഉന്നതവിദ്യാഭ്യാസത്തെ അടിമുടി പരിഷ്‌കരിക്കാനുതകുന്ന നാലുവർഷ ബിരുദം, കോൺസ്റ്റിറ്റ്യുവന്റ് കോളേജുകൾ ഉൾപ്പെടെയുള്ള നിർദേശങ്ങളുമായി ഇന്ത്യക്കുമുന്നേ കുതിക്കുകയാണ് നമ്മുടെ കേരളം.
പൊതുവിദ്യാഭ്യാസ രംഗത്ത് ലോകത്തിന് എന്നേ മാതൃകയായ കേരളം മുന്നോട്ടുവച്ച ഈ ചുവടുകളെയാകെ പിറകിലേക്ക് പിടിച്ചുവലിക്കാൻ കഴുകൻ കണ്ണുകളുമായി കാത്തിരിക്കുകയാണ് സംഘപരിവാറും അവർക്കൊപ്പം തുള്ളുന്ന ഗവർണറും. എന്നാൽ, നാം അതിജീവിക്കും, അതിനെയും.
എല്ലാ വെല്ലുവിളികളെയും അവഗണിച്ച്… കൂടുതൽ കരുത്തോടെ, അതിലേറെ ഉയരത്തിലേക്ക്, വൻ നേട്ടങ്ങളിലേക്ക് നമ്മുടെ സർവകലാശാലകളും കലാലയങ്ങളും നടന്നുകയറുന്നു… ഇതാ സമാനതകളില്ലാത്ത ചില മാതൃകകൾ.
കണ്ണൂർ
പതിയെ അരിച്ചിറങ്ങുന്ന അർബുദത്തിന്റെ നീരാളിക്കൈയിൽനിന്ന് നാടിനെയാകെ മോചിപ്പിക്കാനുള്ള ചുവടുകളുമായി ആകാശംതൊടുകയാണ് കണ്ണൂർ സർവകലാശാല. ബയോടെക്നോളജി ആൻഡ് മൈക്രോ ബയോളജി വകുപ്പിലെ അധ്യാപകഗവേഷക സംഘം അർബുദത്തിന് മരുന്ന് നിർമിക്കാനുള്ള യുഎസ് പേറ്റന്റ് കൈവരിച്ചത് ദേശീയ–-അന്തർദേശീയ ഗവേഷണ സംവിധാനത്തിലൂടെയാണ്. കാൽനൂറ്റാണ്ടിന്റെ മാത്രം പ്രായത്തിലുള്ളപ്പോഴാണ് ഇന്ത്യക്കാകെ മാതൃകയായ ഈ നേട്ടം കണ്ണൂർ കൈവരിച്ചത്. ഇവിടെ തീരുന്നില്ല, തിറകളുടെയും തറികളുടെയും നാട് ആസ്ഥാനമായ കണ്ണൂരിന്റെ പെരുമ. കംപ്യൂട്ടേഷണൽ ബയോളജി, പ്ലാന്റ് സയൻസ്, നാനോ സയൻസ്, ഗവേണൻസ് ആൻഡ് പൊളിറ്റിക്‌സ്….. പുതുതലമുറ കോഴ്‌സുകളിലൂടെ മികവിന്റെ പാതയിൽ ബഹുദൂരം മുന്നിലാണിവർ. വിപുലമായ സൗകര്യങ്ങളോടെ സ്റ്റുഡന്റ് അമിനിറ്റി സെന്ററും ബിസിനസ് ഇൻക്യുബേഷൻ സെന്ററും ഇവിടെ പ്രവർത്തിക്കുന്നു.
രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സർവകലാശാലകളുടെയും സംരംഭകത്വ നവീകരണ പ്രവർത്തനങ്ങളുടെ സൂചകമായ അടൽ റാങ്കിംഗിലും മുന്നിലാണ്. തൊഴിലധിഷ്‌ഠിതവും ബൗദ്ധിക നിലവാരമുയർത്തുന്നതുമായ കോഴ്‌സുകളും , മൾട്ടി ക്യാമ്പസ് സംവിധാനത്തിലൂന്നിയുള്ള വികേന്ദ്രീകൃത പഠനസംവിധാനവും ഇവിടത്തെ സവിശേഷതയാണ്. താവക്കര, മാങ്ങാട്ടുപറമ്പ്, ധർമശാല, പയ്യന്നൂർ, പാലയാട്, കാസർകോട്, നീലേശ്വരം, മഞ്ചേശ്വരം, മാനന്തവാടി ക്യാമ്പസുകളും 28 പഠനവകുപ്പുകളും പ്രവർത്തിക്കുന്നു. 105 കോളേജുകൾ അഫിലിയേറ്റ് ചെയ്‌ത സർവകലാശാലയിൽ 70,790 വിദ്യാർഥികളുമുണ്ട്.
നാക് ബിപ്ലസ് ഗ്രേഡ് നേടിയതാണ് വിമർശകർക്കുള്ള മറ്റൊരു മറുപടി. പെർഫോമർ ബാൻഡിൽ 2021ലെ പട്ടികയിലും ഇടംപിടിച്ചു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഗവേഷണം, സംരംഭകത്വം, നവീകരണം എന്നിവയെ അടിസ്ഥാനപ്പെടുത്തി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയമാണ് ഈ റാങ്കിങ് ഏർപ്പെടുത്തിയത്. നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട് റാങ്കിങ് ഫ്രെയിംവർക്ക്(എൻഐആർഎഫ്) 151–-200 ബാൻഡിലും സ്ഥാനം നേടി.
ഓട്ടോമേറ്റഡ് ചോദ്യ ബാങ്ക് സംവിധാനവും ഒരുക്കി. പൂർണമായും ഡിജിറ്റൽ സംവിധാനത്തിലൂടെ തയ്യാറാക്കിയ ചോദ്യപേപ്പറാണ് പഠനവകുപ്പുകളിൽ പരീക്ഷക്കുള്ളത്. മറ്റുകോളേജുകളിലേക്കും വ്യാപിപ്പിക്കുന്നുമുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ