തിരുവനന്തപുരം: യുഡിഎഫിന്റെ സെക്രട്ടേറിയറ്റ് വളയൽ സമരത്തിനിടെ ദേഹാസ്വാസ്ഥ്യം മൂലം കുഴഞ്ഞുവീണ സംഭവത്തെ കുറിച്ച് മുസ്ലീം ലീഗ് നേതാവ് എം.കെ മുനീര്‍. സെക്രട്ടറിയേറ്റ് വളയൽ’ പ്രതിഷേധ പരിപാടിയിൽ സംസാരിക്കാൻ എഴുന്നേറ്റപ്പോൾ ചെറിയൊരു തളർച്ച പോലെ അനുഭവപ്പെട്ടു. വളരെ വേഗത്തിൽ അപകടങ്ങൾ ഒന്നുമില്ലാതെ പൂർവ്വസ്ഥിതിയിലേക്ക് തിരിച്ചുവരാനും സംസാരിക്കാനും സാധിച്ചതിൽ സർവ്വശക്തനോട് നന്ദി പറയുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
‘നിങ്ങളുടെ ഈ സ്നേഹത്തിനും പ്രാർത്ഥനകൾക്കും എങ്ങിനെയാണ് നന്ദി പറയേണ്ടത്..? നിമിഷനേരം കൊണ്ട് എനിക്ക് വന്നിട്ടുള്ള ഫോൺ കോളുകൾ എന്നോടുള്ള നിങ്ങളുടെ സ്നേഹവും കരുതലും എത്രത്തോളം ആഴത്തിൽ ആണെന്നതിന്റെ തെളിവാണ്.
യുഡിഎഫ് പ്രതിഷേധ സമരത്തിൽ സംസാരിക്കുന്നതിനിടെ ഡോ. എം.കെ. മുനീർ കുഴഞ്ഞുവീണു
ഈ സ്‌നേഹവും കരുതലും എന്നെ നിങ്ങളിലേക്ക് കൂടുതൽ അടുപ്പിക്കുന്നു. നിങ്ങൾക്ക് വേണ്ടി നിങ്ങൾക്കിടയിലൊരാളായി പ്രവർത്തിക്കാൻ എനിക്കെന്നും ഊർജ്ജം നൽകിയതും ഇതുതന്നെയാണ്. ഇനിയും നിങ്ങളോടൊപ്പം പ്രവർത്തിക്കാനുള്ള ആരോഗ്യവും ആയുസ്സും സർവശക്തൻ നൽകേണമേ എന്ന് മാത്രമാണ് പ്രാർത്ഥനയെന്നും എം.കെ മുനീര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
സമരത്തിനിടെ സി പി ജോണിന് ശേഷം മൈക്കിന് മുന്നിലെത്തി സംസാരിച്ചുതുടങ്ങുമ്പോൾ എം.കെ മുനീര്‍ കുഴഞ്ഞു താഴേക്ക് വീഴുകയായിരുന്നു. ഉടന്‍ തന്നെ വേദിയിലുണ്ടായിരുന്ന നേതാക്കൾ അദ്ദേഹത്തെ പിടിച്ച് കസേരയിലിരുത്തി. അൽപസമയത്തിനകം തന്നെ മുനീര്‍ പൂർവസ്ഥിതിയിലേക്ക് മടങ്ങിയെത്തി. ആശുപത്രിയിൽ പോകേണ്ടതില്ലെന്ന് മുനിർ തന്നെ ആവശ്യപ്പെടുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.