ജിത്തു ജോസഫിന്റെ കരിയറിൽ വഴിത്തിരിവായ സിനിമ ആണ് ദൃശ്യം. മലയാള സിനിമയിൽ വൻ വിജയങ്ങളിലൊന്നായ സിനിമയിൽ മോഹൻലാൽ, മീന, കലാഭവൻ ഷാജോൺ, അൻസിബ തുടങ്ങിയവർ ആയിരുന്നു പ്രധാന താരങ്ങൾ. രണ്ട് ഭാഗങ്ങളായിറങ്ങിയ സിനിമ ആയിരുന്നു ഇത്. രണ്ടും വൻ വിജയമായി. യഥാർത്ഥത്തിൽ നടൻ മമ്മൂട്ടി ആയിരുന്നു ഈ സിനിമയിൽ നായകൻ ആവേണ്ടിയിരുന്നത്. മമ്മൂട്ടിയോട് ദൃശ്യത്തിന്റെ കഥ പറഞ്ഞെങ്കിലും നടന് ഇഷ്ടമാവാത്തതിനെ തുടർന്നാണ് സിനിമ മോഹൻലാലിലേക്കെത്തിയത്.
ഇപ്പോഴിതാ മമ്മൂട്ടിയെ വെച്ച് ചെയ്യാനിരുന്ന സിനിമകളെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ജീത്തു ജോസഫ്. ‘മമ്മൂക്കയോട് രണ്ട് സബ്ജക്ട് പറഞ്ഞിരുന്നു. അദ്ദേഹത്തിന് ഇഷ്ടപ്പെട്ടില്ല. ഒന്ന് എല്ലാവർക്കും അറിയാം. ദൃശ്യം. പിന്നെ മെമ്മറീസിന്റെ സ്ക്രിപ്റ്റ് കൊടുത്തപ്പോൾ അദ്ദേഹത്തിന് കൺവിൻസിംഗ് ആയി തോന്നിയില്ല. ഒത്തിരി വർഷം മുമ്പാണ്. എന്റെ നടക്കാതെ ഇരിക്കുന്ന വലിയൊരു ആഗ്രഹമാണ്. ഒരു പടം എങ്ങനെയെങ്കിലും അസോസിയേറ്റ് ചെയ്യണമെന്ന് ആഗ്രഹമുണ്ട്. നമുക്ക് ആഗ്രഹമുള്ളത് കൊണ്ട് മാത്രം കാര്യമില്ല’

ഒരു ആക്ടറിന് സ്ക്രിപ്റ്റ് അയച്ചാൽ ഞാനെഴുതിയത് കൊണ്ട് ഇത് മഹത്താരമാവണമെന്ന് ഒരു നിർബന്ധവും ഇല്ല, നിങ്ങൾക്കിഷ്ടപ്പെട്ടില്ലെങ്കിൽ ഇഷ്ടപ്പെട്ടില്ലെന്ന് പറയാം എന്ന് ഞാൻ എപ്പോഴും പറയാറുണ്ട്. ആസിഫിന് ഒരു പടം ചെയ്യുമ്പോൾ അത് കൺവിൻസ് ആവാതെ ആ സിനിമ ചെയ്യാൻ പറ്റുമോ. മമ്മൂക്കയെ വെച്ച് സിനിമ ചെയ്യണമെന്ന ആഗ്രഹം നിലനിൽക്കുന്നുണ്ടെന്നും ജീത്തു ജോസഫ് പറഞ്ഞു. ഇന്ത്യാഗ്ലിറ്റ്സിനോടാണ് പ്രതികരണം.

റാമിന്റെ ഷൂട്ടിംഗ് 50 ശതമാനം കഴിഞ്ഞിട്ടേ ഉള്ളൂ. മൊറോക്ക, ഇസ്രായേൽ, ഡൽഹി തുടങ്ങിയടങ്ങളിൽ ഇനിയും സീൻ ഷൂട്ട് ചെയ്യാനുണ്ടെന്നും ജീത്തു ജോസഫ് പറഞ്ഞു. മോഹൻലാലെന്ന നടനെക്കുറിച്ച് ഞാൻ പ്രത്യേകം പറയേണ്ട കാര്യമില്ല. എന്റെ അനുഭവത്തിൽ നിന്ന് വളരെ പ്രൊഫഷണലിസം ഉള്ള, ഒപ്പം പ്രവർത്തിക്കാൻ കംഫർട്ടുള്ള നടനാണ് അദ്ദേഹം. താരമായുള്ള പെരുമാറ്റം ഇല്ല. റാമിന്റെ ഷൂട്ടിന് ഒരു ദിവസം കാരവാൻ വരാതായപ്പോൾ റോഡരികിലിരുന്ന് അദ്ദേഹം മേക്കപ്പ് ചെയ്തെന്നും ജീത്തു ജോസഫ് പറഞ്ഞു.

12 ത്ത് മാനിന് ശേഷം ജീത്തുവിന്റെതായി പുറത്തിറങ്ങുന്ന സിനിമ ആണ് കൂമൻ. കെആർ കൃഷ്ൺകുമാറിന്റേതാണ് തിരക്കഥ. പൂർണമായും ത്രില്ലർ മൂഡിൽ അവതരിപ്പിക്കപ്പെടുന്ന സിനിമ ആണിതെന്നാണ് ട്രെയ്ലർ നൽകുന്ന സൂചന. നവംബർ നാലിന് സിനിമ തിയറ്ററുകളിൽ എത്തും.
പൊലീസ് കോൺസ്റ്റബിൾ ഗിരിശങ്കർ ആയാണ് ആസിഫ് അലി കൂമനിൽ എത്തുന്നത്. മാജിക് ഫ്രെയിംസ് റിലീസാണ് സിനിമ തിയറ്ററുകളിൽ എത്തിക്കുന്നത്.