ന്യുഡൽഹി
മുണ്ടുടുത്തതിന് മലയാളി വിദ്യാർഥികൾക്ക് നേരെ വിദ്വേഷ ആക്രമണം നടന്ന് മണിക്കൂറുകൾക്കുള്ളിൽ വീണ്ടും ഡൽഹി സർവകലാശാലയിൽ എബിവിപിയുടെ തേർവാഴ്‌ച. ഒന്നാംവർഷക്കാരെ സ്വാഗതം ചെയ്യാനുള്ള തയ്യാറെടുപ്പ് നടത്തുന്ന എസ്‌എഫ്‌ഐ പ്രവർത്തകരെയാണ് ബൈക്കിലും കാറിലുമെത്തിയ പതിനാറംഗ എബിവിപി സംഘം വ്യാഴം പുലർച്ചെ തല്ലിച്ചതച്ചത്. സന്ത് കുമാർ, അങ്കിത് ബിർപാലി, രോഹിത് എന്നിവർക്ക് സാരമായി പരിക്കേറ്റു. ഹരിയാന സ്വദേശിയായ അങ്കിത്തിന്റെ താടിയെല്ല് തകർന്നു. ബിഹാർ സ്വദേശി സന്ത്‌കുമാറിന് തലയ്‌ക്കാണ് പരിക്ക്. രോഹിതും ബിഹാർ സ്വദേശിയാണ്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പെൺകുട്ടികളടക്കമുള്ളവരെ സംഘം കമ്പിവടികളും ഹെൽമറ്റുമുപയോഗിച്ച് മർദിച്ചു. ഇത് തടയുന്നതിനിടെയാണ് അങ്കിത്തിന് പരിക്കേറ്റത്. ജാതിയധിക്ഷേപം ചൊരിഞ്ഞ എബിവിപി സംഘം മൊബൈൽ ഫോണുകളും മോഷ്‌ടിച്ചു. പരാതി നൽകിയിട്ടും ഇതുവരെ കേസെടുക്കാനോ പ്രതികളെ പിടികൂടാനോ പൊലീസ് തയ്യാറായിട്ടില്ല.
ആക്രമണങ്ങളെയും ഭീഷണിയെയും അതിജീവിച്ച് കോളേജുകളിൽ ഒന്നാം വർഷ വിദ്യാർഥികൾക്കുള്ള എസ്‌എഫ്‌ഐ ഹെൽപ് ഡെസ്‌കുകൾ പ്രവർത്തിച്ചത് എബിവിപിക്കുള്ള രാഷ്‌ട്രീയ തിരിച്ചടിയായി. ബുധൻ രാവിലെയാണ് മുണ്ടുടുത്ത നാല് മലയാളി വിദ്യാർഥികൾക്ക് നേരെ എബിവിപിക്കാർ വിദ്വേഷ ആക്രമണം നടത്തിയത്. ഇതിലെ പ്രതികളെയും പൊലീസ് പിടികൂടിയിട്ടില്ല. ഡൽഹി സർവകലാശാലയിൽ സംഘടന ശക്തിപ്രാപിക്കുന്നത് തടയാൻ എബിവിപിആക്രമണ പരമ്പര തുടരുകയാണെന്ന് എസ്‌എഫ്‌ഐ സംസ്ഥാന കമ്മിറ്റി ചൂണ്ടിക്കാട്ടി. ആക്രമണങ്ങൾക്ക് മുന്നിൽ മുട്ടുമടക്കില്ലെന്നും വിദ്യാർഥികളെ അണിനിരത്തി എബിവിപി ഗുണ്ടായിസത്തെ ചെറുത്തുതോൽപ്പിക്കുന്നുമെന്നും എസ്‌എഫ്‌ഐ വ്യക്തമാക്കി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ