ഭാരതീയ റിസര്‍വ് ബാങ്കിന്റെ (ആര്‍ബിഐ) വായ്പാ പലിശ നിരക്കുകളില്‍ തീരുമാനമെടുക്കുന്ന പണനയ സമിതിയുടെ (എംപിസി) യോഗം ഇന്നു രാവിലെ ആരംഭിക്കുന്നു. മുന്‍കൂട്ടി നിശ്ചയിക്കാതെ ചേരുന്ന എംപിസി യോഗമാണിത്. ഒക്ടോബര്‍ 12-ന് പുറത്തുവന്ന ഉപഭോക്തൃ സൂചികയെ (സിപിഐ) അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം, ആര്‍ബിഐയുടെ പ്രഖ്യാപിത നിരക്കിനുള്ളിലേക്ക് താഴാത്തതിനെ തുടര്‍ന്നാണ് അടിയന്തര യോഗം ചേരുന്നത്.

നിലവില്‍ 6% നിരക്കിലാണ് റീട്ടെയില്‍ പണപ്പെരുപ്പത്തിന്റെ ഉയര്‍ന്ന അനുവദനീയ പരിധിയായി റിസര്‍വ് ബാങ്ക് സ്വയം നിശ്ചയിച്ചിട്ടുള്ളത്. എന്നാല്‍ തുടര്‍ച്ചയായ 3 സാമ്പത്തിക പാദങ്ങളില്‍ നിര്‍ദിഷ്ട ഉയര്‍ന്ന പരിധിക്കു പുറത്ത് പണപ്പെരുപ്പം നിലനില്‍ക്കുന്നതിനാല്‍ പണപ്പെരുപ്പം നിയന്ത്രിക്കുന്നതില്‍ ആര്‍ബിഐ പരാജയപ്പെട്ടതായി കണക്കാക്കും. ഈ സാഹചര്യത്തിലാണ് ഡിസംബര്‍ ആദ്യവാരത്തില്‍ (5-7) ത്രിദിന യോഗമുണ്ടെന്നിരിക്കെ മുന്‍ നിശ്ചയ പ്രകാരമല്ലാതെ എംപിസി യോഗം ഇന്നു വിളിച്ചു ചേര്‍ത്തത്.
അതിനാല്‍ തന്നെ വ്യാഴാഴ്ച ചേരുന്ന എംപിസി യോഗത്തിന്റെ തീരുമാനങ്ങളും നിരീക്ഷണങ്ങളുമൊക്കെ ഓഹരി വിപണിക്കും വളരെ പ്രധാന്യമേറിയതാകുന്നു. എന്തെങ്കിലും തരത്തിലുള്ള പലിശ നിരക്ക് വര്‍ധനയോ മറ്റു രീതിയിലുള്ള കടുത്ത നടപടികളോ പ്രഖ്യാപിക്കുന്ന പക്ഷം ആഭ്യന്തര ഓഹരി വിപണിയേയും അത് പ്രതികൂലമായി ബാധിക്കുമെന്നാണ് വിപണി വിദഗ്ധരും ചൂണ്ടിക്കാട്ടുന്നത്. വ്യാഴാഴ്ച ചേരുന്ന എംപിസി യോഗത്തിന്റെ മിനിറ്റ്‌സ് പുറത്തുവിടുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം ആഗോള ഓഹരി വിപണികള്‍ ആകാംക്ഷയോടെ കാത്തിരുന്ന അമേരിക്കന്‍ കേന്ദ്ര ബാങ്കിന്റെ ധനനയ യോഗം പലിശ നിരക്ക് വര്‍ധനയോടെ ഇന്നലെ സമാപിച്ചു. തുടര്‍ച്ചയായ നാലാം ഫെഡറല്‍ റിസര്‍വ് യോഗത്തിലും 75 ബിപിഎസ് (0.75 %) നിരക്കിലുള്ള വര്‍ധനയാണ് പ്രഖ്യാപിച്ചത്. ഇതോടെ അമേരിക്കയിലെ ഹ്രസ്വകാല വായ്പാ നിരക്കുകള്‍ 3.75-4 ശതമാനം നിരക്കിലേക്ക് ഉയര്‍ന്നു. 15 വര്‍ഷത്തിനിടെയുള്ള പലിശ നിരക്കിന്റെ ഉയര്‍ന്ന നിലവാരമാണിത്.
English summary
RBI MPC Unscheduled Meeting Sets To Start Today Will Repo Rate Hike As Inflation Not Cooling Down
RBI MPC Unscheduled Meeting Sets To Start Today Will Repo Rate Hike As Inflation Not Cooling Down. Read In Malayalam.
Story first published: Thursday, November 3, 2022, 10:05 [IST]