തിരുവനന്തപുരം> പുനർജനി തട്ടിപ്പുകേസിൽ പ്രതിസ്ഥാനത്തുള്ള പ്രതിപക്ഷ നേതാവ് വി ഡി സതീശന് ദുബായ് ആസ്ഥാനമായുള്ള ഫ്ലോറ ഹോട്ടൽ ശൃംഖലയിൽ ബിനാമി നിക്ഷേപമുണ്ടെന്ന മുൻ യൂത്ത് കോൺഗ്രസ് നേതാവിന്റെ മൊഴിക്കെതിരെ മിണ്ടാതെ കോൺഗ്രസും യുഡിഎഫും. യൂത്ത് കോൺഗ്രസ് എറണാകുളം മുൻ ജില്ലാ സെക്രട്ടറി രാജേന്ദ്ര പ്രസാദാണ് വിജിലൻസിന് മൊഴി നൽകിയത്. എറണാകുളത്തെ മുൻ കെഎസ്യു നേതാവ് അനുര മത്തായിയാണ് സാമ്പത്തിക ഇടപാടുകൾ നിയന്ത്രിക്കുന്നതെന്നും ഇദ്ദേഹം മൊഴി നൽകിയിരുന്നു. ഇതോടെ സതീശനും കോൺഗ്രസും പ്രതിരോധത്തിലായിരിക്കുകയാണ്.
വി ഡി സതീശൻ ഇതുവരെ ഒന്നും മിണ്ടിയിട്ടില്ല. അദ്ദേഹത്തെ സഹായിക്കാനോ പ്രതിരോധ കവചം തീർക്കാനോ കോൺഗ്രസിലെയോ യുഡിഎഫിലെയോ ഒരു നേതാവും രംഗത്തുവന്നതുമില്ല. എന്നാൽ, മോൻസൺ മാവുങ്കലിന്റെ തട്ടിപ്പ് കേസിൽ അറസ്റ്റിലായ കെ സുധാകരനെ സംരക്ഷിക്കാൻ സതീശൻ രംഗത്തുവന്നിരുന്നു. പക്ഷേ, സതീശനുവേണ്ടി കെ സുധാരകൻപോലും മിണ്ടിയിട്ടില്ല.പുനർജനി പദ്ധതിയുടെ പേരിൽ നിയമവിരുദ്ധമായി പിരിച്ച കോടിക്കണക്കിനു രൂപ ഹാബിറ്റാറ്റ് ഫോർ ഹ്യുമാനിറ്റി, മണപ്പാട്ട് ഫൗണ്ടേഷൻ തുടങ്ങി രണ്ട് എൻജിഒ വഴി സതീശന്റെ സുഹൃത്തിന്റെ മകന്റെ ഉടമസ്ഥതയിൽ ഖത്തറിലുള്ള വ്യവസായങ്ങളിൽ നിക്ഷേപിച്ചിരിക്കുകയാണ്. ഈ ബിനാമി ഗ്രൂപ്പാണ് സതീശന്റെ വിദേശയാത്രകൾക്ക് സഹായം ചെയ്യുന്നത്. ബിനാമികളിലൊരാൾ നിയമസഭയിലെ പ്രതിപക്ഷ നേതാവിന്റെ ചേംബറിലെത്തിയിരുന്നു.
പുനർജനി പദ്ധതിയിൽ സമാഹരിച്ച വിദേശപണം ഖത്തറിലെയും നാട്ടിലെയും ബിസിനസുകളിൽ നിക്ഷേപിച്ചതിനെ സംബന്ധിച്ചായിരുന്നു ചർച്ച. പുനർജനി പദ്ധതിയിൽ സ്പോൺസർമാർക്ക് കരാറുകാരെ നൽകിയും സതീശൻ കമീഷൻ കൈപ്പറ്റിയെന്നും രാജേന്ദ്ര പ്രസാദിന്റെ മൊഴിയിലുണ്ട്.