സീരിയലിലെ മമ്മൂക്ക എന്നൊക്കെയാണ് സാജനെ പ്രിയപ്പെട്ടവർ വിശേഷിപ്പിക്കാറുള്ളത്. കാലമിത്ര കഴിഞ്ഞിട്ടും നടന്റെ രൂപത്തിലൊന്നും വലിയ മാറ്റങ്ങൾ കാണാൻ കഴിഞ്ഞിട്ടില്ല എന്നതാണ് കാരണം. സോഷ്യല്‍ മീഡിയയില്‍ സജീവമായ സാജന്‍ തന്റെ ജീവിതത്തിലെ നല്ല നിമിഷങ്ങളെ കുറിച്ചെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്.
സർക്കാർ ഉദ്യോഗസ്ഥനായ നടനാണ് സാജൻ. രജിസ്‌ട്രേഷൻ ഡിപ്പാർട്മെന്റിൽ ക്ലാർക്കായ സാജൻ ജോലിക്കൊപ്പമാണ് അഭിനയവും കൊണ്ടു പോകുന്നത്. അതുകൊണ്ട് തന്നെ നിലവിൽ ഒരുസമയം ഒരു സീരിയലിൽ മാത്രമാണ് നടൻ അഭിനയിക്കുന്നത്. ഭാര്യ വിനീതയ്ക്കും രണ്ടു പെണ്മക്കൾക്കും ഒപ്പം തിരുവനന്തപുരത്താണ് താമസം.

വളരെ കുറച്ചു മാത്രം അഭിമുഖങ്ങളിൽ പങ്കെടുക്കാറുള്ള സാജൻ ഒരിക്കൽ കൈരളി ടിവിയിലെ മനസിലൊരു മഴവില്ല് എന്ന പരിപാടിയിൽ ഭാര്യ വിനീതയ്ക്ക് ഒപ്പം പങ്കെടുത്തിരുന്നു. തന്റെ സിനിമാ മോഹത്തെ കുറിച്ചും അവസരങ്ങൾ ലഭിക്കാത്തതിനെ കുറിച്ചെല്ലാം താരം ഷോയിൽ മനസ് തുറന്നിരുന്നു. അതിന്റെ വീഡിയോയാണ് ഇപ്പോൾ വീണ്ടും ശ്രദ്ധനേടുന്നത്. നടന്റെ വാക്കുകൾ ഇങ്ങനെ..
‘സിനിമ തന്നെയാണ് പ്രധാന ലക്ഷ്യം. പക്ഷെ നല്ല കഥാപാത്രങ്ങൾ സിനിമയിൽ കിട്ടിയട്ടില്ല. മൂന്ന് സീരിയലുകൾ ഒക്കെ ചെയ്യുന്ന സമയത്ത് ഒരു സിനിമ വന്നാൽ ചെയ്യാൻ പറ്റിയെന്ന് വരില്ല. മറ്റൊരു സീരിയലും ചെയ്യാതെ കുങ്കുമപ്പൂ മാത്രം ചെയ്തിരുന്ന സമയത്ത്, അത് ഹിറ്റായപ്പോൾ ആരെങ്കിലും വിളിക്കുമെന്ന് പ്രതീക്ഷിച്ചു. പക്ഷെ ആരും വിളിച്ചില്ല,’

‘എന്താണ് ആരും സമീപിക്കാത്തത് എന്ന് അറിയില്ല. ചാൻസ് ഒന്നും ചോദിച്ച് പോയിട്ടില്ല. വളരെ കുറവാണ്. സിനിമയിൽ ഒരുപാട് സുഹൃത്തുക്കളുണ്ട്. എന്നാൽ അവരോട് ഒന്നും ചോദിച്ചിട്ടില്ല. സിനിമയിൽ വില്ലനായിട്ട് വരണമെന്നാണ് എനിക്ക് ആഗ്രഹം. വില്ലന്റെ ലുക്ക് അല്ലെങ്കിലും അങ്ങനെയൊരു സാധനം ചെയ്ത കയറി വരണമെന്നാണ് ആഗ്രഹം,’

‘പിന്നെ സിനിമയിൽ ആ കഥയ്ക്ക് പ്രാധാന്യമുള്ള ഒരു രംഗത്തിൽ ആണെങ്കിൽ പോലും ഞാൻ അഭിനയിക്കും. നല്ല കഥാപാത്രമാണെങ്കിൽ. നായകനായിട്ട് ഒരു മുഴുനീള കഥാപാത്രം ചെയ്തിട്ടുള്ളത് ബംഗ്ലാവിൽ ഔധ എന്ന ചിത്രത്തിൽ മാത്രമാണ്. ബാക്കി എല്ലാം പ്രാധാന്യമുള്ള ഒറ്റ സീനുകൾ മാത്രമായിരുന്നു,’ സാജൻ സൂര്യ പറഞ്ഞു.
തനിക്ക് ഡാൻസ് ഒന്നും വഴങ്ങില്ലെന്നും ഒരു പത്താം നിലയിൽ നിന്ന് എടുത്ത് ചാടാൻ പറഞ്ഞാലും ഡാൻസ് ചെയ്യില്ലെന്നും നടൻ പറയുന്നുണ്ട്. ഡാൻസ് എന്ന് കേൾക്കുമ്പോൾ തന്നെ ഒരു ചമ്മൽ വന്ന് കേറും അതുകൊണ്ട് അത് തനിക്ക് പറ്റില്ലെന്നും നടൻ പറഞ്ഞു.