പിണറായി ടൂര്‍ പോയിരിക്കുകയാണ്. എന്തിനാണത്. ആര്‍ക്ക് നേട്ടം കിട്ടാനാണ് പോയിരിക്കുന്നത് എന്ന് പറയണ്ടേ. 4.67 ലക്ഷം കോടി രൂപ കടമാണ് കേരളത്തിനുള്ളത്. മാറി മാറി വന്ന സര്‍ക്കാരുകള്‍ ജനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിച്ചിരിക്കുകയാണ് ഈ കടം മുഴുവന്‍. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ പണമില്ലാത്തതിനാല്‍ കേന്ദ്രത്തില്‍ നിന്ന് 3000 കോടി അഡീഷനല്‍ വാങ്ങുകയാണ് ചെയ്തതെന്ന് പിസി ജോര്‍ജ് പറയുന്നു.
ഇതാണ് കേരളത്തിന്റെ അവസ്ഥ. ഈ സാഹചര്യത്തിലാണ് പിണറായി, ഭാര്യയോടും മകളോടും മകളുടെ കുട്ടിയോടുമൊപ്പം വിദേശത്ത് പോയിരിക്കുന്നത്. ക്രമിനല്‍ കേസില്‍ പ്രതിയായ വ്യക്തിയും സംഘത്തിലുണ്ട്. പരിവാരങ്ങള്‍ക്കൊപ്പം പിണറായി വിദേശത്ത് കറങ്ങാന്‍ പോയിരിക്കുകയാണ്. തലയില്‍ തീ വീഴാതിരിക്കട്ടെ ദൈവം തമ്പുരാനേ, ഞാന്‍ പ്രാര്‍ഥിക്കുകയാണെന്നും പിസി ജോര്‍ജ് പറയുന്നു.
നെതര്‍ലാന്റിലാണെന്ന് തോന്നുന്നു. അവിടെ 150 കോടി രൂപയുടെ പരിപാടി. നാണമുണ്ടോ ഇതൊക്കെ പറയാന്‍. ഇവിടെ കിട്ടുമല്ലോ അതിനേക്കാള്‍ അധികം. എരുമേലിയിലെ വാട്ടര്‍ സപ്ലെ 92 കോടി രൂപയുടേതാണ്. അപ്പോഴാണ് വിദേശ മലയാളികളില്‍ നിന്ന് 150 കോടിയുടെ ഫണ്ട് കിട്ടിയെന്ന് പറയുന്നത്. വിദേശ മലയാളികളില്‍ നിന്ന് വാങ്ങാന്‍ അങ്ങോട്ട് പോകേണ്ട. അവര്‍ ജോലി ചെയ്യുന്നത് കൊണ്ടാണ് ഇവിടെ പട്ടിണിയില്ലാതെ പോകുന്നതെന്നും പിസി ജോര്‍ജ് പറഞ്ഞു.
നഴ്‌സും ഡോക്ടറുമടക്കമുള്ള എല്ലാവരും കേരളം വിട്ടുപോകുകയാണ്. ഇന്നത്തെ പത്രം നോക്കൂ. കൊച്ചുമകനെയും കൂടെ കൊണ്ടുപോയിരിക്കുന്നു. കൊച്ചുങ്ങളും കള്ളത്തരം പഠിക്കണോ എന്നും പിസി ജോര്‍ജ് പറയുന്നു. നേരത്തെയും പല വേളയില്‍ മുഖ്യമന്ത്രിക്കെതിരെ രംഗത്തുവന്നിരുന്നു പിസി ജോര്‍ജ്. എന്‍ഐഎ പിണറായിയെ ചോദ്യം ചെയ്യുമെന്ന് തനിക്ക് രഹസ്യവിവരം കിട്ടിയെന്നു കഴിഞ്ഞ ദിവസം പിസി ജോര്‍ജ് പറഞ്ഞിരുന്നു.
മുഖ്യമന്ത്രിയുടെ വിദേശയാത്രയ്‌ക്കെതിരെ കഴിഞ്ഞ ദിവസം കോണ്‍ഗ്രസും രംഗത്തുവന്നിരുന്നു. കോടിയേരി ബാലകൃഷ്ണന്റെ സംസ്‌കാരം കഴിഞ്ഞ മണിക്കൂറുകളില്‍ തന്നെ വിദേശത്തേക്ക് പോയ കാര്യമാണ് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ചൂണ്ടിക്കാട്ടിയത്. മകളെയും കൊച്ചുമകനെയും കൂടെ കൊണ്ടുപോയ കാര്യവും സുധാകരന്‍ ചൂണ്ടിക്കാട്ടി. ഇതിനെ പ്രതിരോധിച്ച സിപിഎം നേതാവ് എകെ ബാലന്‍ പഴയ മന്ത്രിമാരുടെ വിദേശ യാത്രാ വിവരങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു.